കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓതിക്കനെ ഓത്ത് പഠിപ്പിക്കരുത്:ചന്ദ്രികക്ക് മറുപടി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ചുകൊണ്ട് മുസ്ലീം ലീഗിന്റെ മുഖപത്രം ചന്ദ്രിക ലേഖനമെഴുതിയപ്പോള്‍ മറുപടിയുമായി കോണ്‍ഗ്രസ് പത്രം രംഗത്ത്. ചന്ദ്രികക്ക് കൊട്ട് കൊടുത്തുകൊണ്ടാണ് മെയ് 22 ലെ വീക്ഷണം പത്രം പുറത്തിറങ്ങിയത്.

ഓതിക്കനെ ഓത്ത് പഠിപ്പിക്കരുതെന്ന് തലക്കെട്ടില്‍ ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം. ദേശീയ രാഷ്ട്രീയത്തില്‍ ഒരു റോളും ഇല്ലാത്ത മുസ്ലീം ലീഗ് ഗാലറിയില്‍ ഇരുന്ന് അഭിപ്രായം പറയരുതെന്നും മുഖപ്രസംഗം പറയുന്നു.

Veekshanam Editorial

ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കൊത്തിക്കീറുന്ന മുസ്ലീം ലീഗ് പത്രത്തിന്റെ നടപടി രാഷ്ട്രീയ മര്യാദക്ക് നിരക്കാത്തതാണെന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം തുടങ്ങുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനെതിരെ ലീഗ് പത്രം ഇതിന് മുമ്പും ഇത്തരം ഒളിയുദ്ധങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.

കളിക്കളത്തില്‍ കയ്യടിച്ച് പോലും പ്രോത്സാഹിപ്പിക്കാത്തവര്‍ ഗോള്‍വല കുലുങ്ങാത്തതിന്റെ പേരില്‍ ക്യാപ്റ്റനെ കുറ്റം പറയുന്നത്‌പോലെയാണ് ലീഗിന്റെ വിമര്‍ശനം. വീഴ്ചതിരുത്തി തരിച്ച് വരാന്‍ കോണ്‍ഗ്രസിന് മുസ്ലീം ലീഗിന്റെ എന്‍ട്രസ് കോച്ചിങ്ങോ ഹോം ട്യൂഷനോ ആവശ്യമില്ലെന്നും വീക്ഷണം പറയുന്നു.

കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ് എന്ന പരിഹാസവും വീക്ഷണം മുന്നോട്ട് വക്കുന്നുണ്ട്. 25 ശതമാനം മുസ്ലീങ്ങളുള്ള പശ്ചിമബംഗാളില്‍ ഒരു പഞ്ചായത്ത് അംഗത്തെപോലും വിജയിപ്പിക്കാനാകാത്ത ലീഗ് കേരളമാണ് ഇന്ത്യയെന്ന ധാരണ തിരുത്തണമെന്നും വീക്ഷണം ആവശ്യപ്പെടുന്നു.

മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പാണക്കാട് കുടുംബത്തിന്റെ വാഴ്ചയേയും വീക്ഷണം വിമര്‍ശിക്കുന്നുണ്ട്. ഓതിക്കനെ ഓത്ത് പഠിപ്പിക്കാനും ആശാന് അടവ് പറഞ്ഞുകൊടുക്കാനും ഉള്ള പ്രത്യയശാസ്ത്ര സമ്പത്ത് തങ്ങള്‍ക്കില്ലെന്ന് ലീഗിലെ ജ്ഞാനോപദേശകര്‍ മനസ്സിലാക്കണം എന്ന ഉപദേശവും വീക്ഷണം മുന്നോട്ട് വക്കുന്നുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ യുഡിഎഫ് രാഷ്ട്രീയം അത്ര ശാന്തമാകില്ലെന്ന സൂചനയാണ് ചന്ദ്രികക്ക് നല്‍കിയ കടുത്തമറുപടിയില്‍ നിന്ന് കോണ്‍ഗ്രസ് നല്‍കുന്നത്.

English summary
Veekshanm gives strong reply to Chandrika.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X