വീണാ ജോര്‍ജിനെതിരായ ആക്രമണം; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്, സംസ്ഥാനമാകെ പ്രതിഷേധം
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ സംസ്ഥാന വ്യാപകമായി സിപിഎം-ഡിവൈഎഫ്‌ഐ പ്രതിഷേധം. പലയിടത്തും പ്രതിഷേധം നിലവിട്ടു. കണ്ണൂര്‍ കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. പാറോല്‍ മണ്ഡലം കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനവും അക്രമാസക്തമായി.
പ്രതിഷേധക്കാര്‍ ഡിസിസി ഓഫീസിലേക്ക് കല്ലേറ് നടത്തി. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ പ്രദേശത്ത് വന്‍ സംഘര്‍ഷം ഉടലെടുത്തു. അതിനിടെ ഗേറ്റ് തുറന്നിട്ട് വെല്ലുവിളിച്ച കെഎസ്യു പ്രവര്‍ത്തകര്‍ എസ്എഫ്‌ഐക്ക് നേരെയും കല്ലേറ് നടത്തി. സംഘര്‍ഷത്തില്‍ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തെല്ലായിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

അതിനിടെ വീണാ ജോര്‍ജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് വധശ്രമ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട അഞ്ച് കെഎസ്യു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, അഹമ്മദ് യാസീന്‍, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തില്‍ പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. അതിനിടെ എകെജി ആശുപത്രിക്ക് മുന്നില്‍ വെച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. മന്ത്രിയുടെ വാഹനത്തിന് മുന്നിലെ ഫ്‌ലാഗ് പോസ്റ്റ് നശിപ്പിച്ചതുള്‍പ്പെടെ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ കെ ഷിനാജ്, ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, സെക്രട്ടറി അഷ്‌കര്‍ കണ്ണാടിപറമ്പ, ജാബിര്‍, നിസാം, നിഹാല്‍ ഇരിക്കൂര്‍ എന്നിവരാണ് റിമാന്‍ഡിലായത്. അതിനിടെ വീണാ ജോര്‍ജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും. ഇന്നലെ രാത്രി മന്ത്രിയെ പരിയാരത്ത് എത്തിച്ചിരുന്നു. വീണാ ജോര്‍ജിന് കഴുത്തിന് ക്ഷതമേറ്റതായാണ് മെഡിക്കല്‍ ബുള്ളറ്റിന്‍. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം മന്ത്രിയെ പരിശോധിച്ചു.
എംആര്‍ഐ സ്‌കാനിംഗ് നടത്തണമെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. കെഎസ്യു പ്രവര്‍ത്തകര്‍ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്നാണ് മന്ത്രിയുടെ പരാതി. വന്ദേഭാരത് എക്സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു മന്ത്രിക്ക് നേരെ കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധം.












Click it and Unblock the Notifications