'പത്രപരസ്യം നൽകി അപേക്ഷ ക്ഷണിച്ച് പരീക്ഷയും ഇന്റർവ്യൂവും നടത്തിയാണ് നിയമനം നടത്തുന്നത്'; മറുപടിയുമായി മന്ത്രി
തിരുവനന്തപുരം : ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റിയുള്ള പികെ ഫിറോസിന്റെ ആരോപണം വസ്തുതാവിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ സ്ഥാപനങ്ങളിൽ സ്ഥിരം തസ്തികകളിൽ നിയമനം നടത്തുന്നത് പിഎസ്സി വഴിയാണ്. ചില തസ്തികളിൽ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നേരിട്ടും നിയമനം നടത്താറുണ്ട്. സ്ഥിരം തസ്തികകളിൽ ഒഴിവ് വരുമ്പോൾ പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തിൽ അത്തരം തസ്തികകളിൽ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി ആളുകളെ നിയമിക്കാറുമുണ്ട്.
സർക്കാരിന്റെ കൃത്യമായ മാർഗ നിർദ്ദേശം ഇതിനായുണ്ടെന്നും വീണ ജോർജ് പറഞ്ഞു. നാഷണൽ ആയുഷ് മിഷനിലെ നിയമനങ്ങളെല്ലാം തന്നെ കൃത്യമായ മാനദണ്ഡങ്ങളനുസരിച്ചാണ് നടത്തുന്നത്. പത്ര പരസ്യം നൽകി അപേക്ഷ ക്ഷണിച്ച് പരീക്ഷയും ഇന്റർവ്യൂവും നടത്തിയാണ് നിയമനം നടത്തുന്നത്. 20ൽ കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ മാനദണ്ഡമനുസരിച്ച് പരീക്ഷ നിർബന്ധമാണ്. ഫിറോസ് ആരോപണം ഉന്നയിച്ച എടക്കര ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ വഴി നിയമിച്ച 10 പേരെയും അപേക്ഷ ക്ഷണിച്ച് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നിയമിച്ചത്.

വർഷങ്ങൾക്ക് മുമ്പ് നിയമിക്കപ്പെട്ട അവരുടെ കരാർ പുതുക്കി നൽകുന്നത് നാഷണൽ ആയുഷ് മിഷന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം വെച്ചാണ്. ആരോഗ്യ വകുപ്പിനെ ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം കുപ്രചരണങ്ങളെ തള്ളിക്കളയണമെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
സംസ്ഥാനത്ത് ആരോഗ്യ വകുപ്പിനെ പാർട്ടി നിയമനങ്ങളുടെ വേദിയാക്കുന്നുവെന്നാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചത്. നിയമനങ്ങൾ പാർട്ടി ഓഫീസിൽ നിന്ന് തീരുമാനിക്കുന്ന സ്ഥിതിയാണ് എന്നാണ് ഫിറോസ് ഉന്നയിച്ചിരിക്കുന്ന ആരോപണം. ആയുഷ് മിഷന് കീഴിലുള്ള വിവിധ വകുപ്പുകളിലായി 900 പേരെ പിൻവാതിൽ വഴി നിയമിച്ചെന്നും പികെ ഫിറോസ് ആരോപിച്ചു. ആയുർവേദം/ ഹോമിയോ വകുപ്പുകളിലടക്കം ഡോക്ടർമാരെ വരെ ഒരു മാനദണ്ഡവും പാലിക്കാതെ നിയമിക്കുന്നു എന്നാണ് ആരോപണം. മുൻകൂട്ടി തയാറാക്കിയ പട്ടിക പ്രകാരമാണ് നിയമനങ്ങൾ നടക്കുന്നത്. എടക്കര ആയുർവേദ ആശുപത്രിയിലെ നിയമനങ്ങൾ ഇതിന് ഉദാഹരണമാണ്. മലപ്പുറത്ത് മാത്രം 74 പാർട്ടി നിയമനങ്ങൾ നടന്നു എന്നും ആരോപിച്ചു.
പാർട്ടി പ്രവർത്തകരുടെ ബന്ധുക്കളെയും ഭാര്യമാരെയും തിരഞ്ഞുപിടിച്ച് നിയമിക്കുക ആണ്. ആരോഗ്യ വകുപ്പ് കപ്പിത്താനില്ലാതെ ആടി ഉലയുന്ന കപ്പലായി മാറി. മുഴുവൻ നിയമനങ്ങളും സർക്കാർ അന്വേഷിക്കണം. താത്കാലിക നിയമനങ്ങൾ അടക്കം റദ്ദാക്കി സമഗ്ര അന്വേഷണം നടത്തണം. ഇല്ലെങ്കിൽ സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ യൂത്ത് ലീഗ് ആരംഭിക്കും മെന്നും പറഞ്ഞു. പാർട്ടി ഭാരവാഹികൾക്ക് ശമ്പളം മാത്രമല്ല, ഭാര്യക്ക് സർ ജോലിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും . പിൻവാതിൽ നിയമനങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പറഞ്ഞു.












Click it and Unblock the Notifications