വകുപ്പ് സജ്ജം; മികച്ച ചികിത്സയും ജന സൗഹൃദ ആശുപത്രിയും കേരളത്തിൽ വേണം - മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കേരളത്തിലെ ആശുപത്രികളിൽ ചികിത്സാ ഗുണ നിലവാരം ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മികച്ച ചികിത്സയും ജന സൗഹൃദ ആശുപത്രിയുമാണ് ലക്ഷ്യമിടുന്നത്. നവകേരളം കര്‍മ്മ പദ്ധതി അടുത്ത തലത്തിലേക്ക് നയിക്കണമെന്നും മന്ത്രി പറഞ്ഞു.
നവ കേരളം കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായി എസ്.എച്ച്.എസ്.ആര്‍.സി.യില്‍ സംഘടിപ്പിച്ച ജില്ലാ നോഡല്‍ ഓഫീസര്‍മാരുടെ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് വളരെ ശ്രദ്ധേയമായ ഇടപെടലുകളുണ്ടാകും. ആരോഗ്യ മേഖല നിരവധി വെല്ലുവിളികളിലൂടെ കടന്നു പോകുമ്പോഴും വളരെ മികച്ച രീതിയില്‍ ശാസ്ത്രീയമായ സമീപനങ്ങളിലൂടെ കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചു. പകര്‍ച്ച വ്യാധികളെ തുടച്ചു നീക്കാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു.
ആര്‍ദ്രം മിഷന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യങ്ങളാണൊരുക്കി വരുന്നത്. ചികിത്സാ തലത്തിലും വലിയ മാറ്റമുണ്ടാക്കി. കേരളത്തിലെ ആരോഗ്യ രംഗം മികച്ചതാണ്. ദേശീയ ആരോഗ്യ സുസ്ഥിര വികസനത്തില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ആര്‍ദ്രം നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കിഫ്ബിയിലൂടെയും അല്ലാതെയും ലഭിച്ച തുകയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.
നവകേരളം കര്‍മ്മ പദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. സൂക്ഷ്മമായി ആരോഗ്യ വകുപ്പ് ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ജനങ്ങളുടെ പങ്കാളിത്തത്തോടു കൂടി പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടു പോകാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ശക്തമായ നിരീക്ഷണവുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പരിശീലനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി, എസ്.എച്ച്.എസ്.ആര്‍.സി. എക്‌സി. ഡയറക്ടര്‍ ഡോ. ജിതേഷ് എന്നിവര്‍ പങ്കെടുത്തു.
അതേസമയം, സംസ്ഥാന വനിത ശിശു വികസന വകുപ്പ് രാത്രി നടത്തം ഇന്നലെ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം കനകക്കുന്ന് മുതല്‍ കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്ക് വരെയായിരുന്നു രാത്രി നടത്തം സംഘടിപ്പിച്ചിരുന്നത്. പൊതുയിടങ്ങള്‍ സ്ത്രീകളുടേതും കൂടി എന്ന് ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയാണ് വനിതാ ദിനത്തില്‍ രാത്രി 10 മണി മുതല്‍ രാത്രി നടത്തം സംഘടിപ്പിച്ചത്. ഇതിനോടൊപ്പം നൈറ്റ് ഷോപ്പിംഗും ഉണ്ടായിരുന്നു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രാത്രി നടത്തത്തിന് നേതൃത്വം നല്‍കിയിരുന്നു. പൊതുയിടങ്ങള്‍ സ്ത്രീകള്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞു. സ്ത്രീകള്‍ക്ക് രാത്രിയില്‍ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥ മാറണം. ജോലി കഴിഞ്ഞിട്ട് പോകുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും രാത്രിയിലും സഞ്ചാര സ്വാതന്ത്യം ഉണ്ടാകണം. ഇത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഷിഫ്റ്റ് കഴിഞ്ഞോ ജോലി കഴിഞ്ഞോ ഒറ്റയ്‌ക്കോ കൂട്ടായോ പോകാന്‍ കഴിയണം. ഇത് മറ്റുള്ള സ്ത്രീകള്‍ക്കും പ്രചോദനമാകണമെന്നും മന്ത്രി വ്യക്തമാക്കി.
വനിത ശിശുവികസന ഡയറക്ടര്‍ ടി.വി. അനുപമ, കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ലക്ഷ്മി നായര്‍, സിനി ആര്‍ട്ടിസ്റ്റുകളായ ഇന്ദുലേഖ, അഞ്ജിത, രാഖി രവീന്ദ്രന്‍, മീര അനില്‍, മേഘ്‌ന വിന്‍സെന്റ്, പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട തുടങ്ങിയ പ്രമുഖരും രാത്രി നടത്തത്തില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications