'മുഖ്യമന്ത്രിക്കൊപ്പം ഭാര്യ പോയതിൽ എന്താണ് തെറ്റ്, ആർക്ക് വേണമെങ്കിലും കണക്ക് പരിശോധിക്കാം': വീണാ ജോർജ്
മുഖ്യമന്ത്രി വിദേശത്ത് പോയത് മുതല്‍ വിവാദങ്ങളുടെ നീണ്ടനിരയായിരുന്നു. ഭാര്യയെ ഒപ്പം കൊണ്ടുപോയത് മുതല്‍ മകനെ സന്ദര്‍ശിച്ചത് വരെ വിവാദത്തിന് കാരണമായിരുന്നു. വിദേശപര്യടനത്തില്‍ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങള്‍ പോയത് എന്തിനാണെന്ന ചോദ്യമാണ് വ്യാപകമായി ഉയര്‍ന്നത്. കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ തളളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു.
പത്തു ദിവസത്തെ വിദേശസന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി ഇന്നു രാവിലെയാണ് തിരുവനന്തപുരത്തു മടങ്ങിയെത്തിയത്. നോര്‍വെ, ഇംഗ്ലണ്ട്. യുഎഇ എന്നിവിടങ്ങളിലാണു മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. യാത്രയുടെ ഉദ്ദേശ്യം, യാത്രാസംഘത്തില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ടത് എന്നിവ വിമര്‍ശനത്തിന് കാരണമയാ സ്ഥിതിക്ക് മുഖ്യമന്ത്രി തന്നെ മറുപടി പറയുമെന്നാണ് കരുതുന്നത്. ഇപ്പോൾ വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് മന്ത്രി വീണ ജോർജ്.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഭാര്യ വിദേശത്ത് പോയതിൽ എന്താണ് തെറ്റെന്ന് വീണാജോർജ് ചോദിച്ചു. കുടുംബാഗങ്ങൾ പോയത് സ്വന്തം ചെലവിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ കാര്യം മുഖ്യമന്ത്രി വിശദീകരിക്കുമെന്നും വീണാജോർജ് പറഞ്ഞു.ആർക്ക് വേണമെങ്കിലും കണക്ക് പരിശോധിക്കാം. വിദേശ യാത്ര സംസ്ഥാനത്തിന്റെ പൊതുതാത്പര്യം കണക്കിലെടുത്തായിരുന്നു. അതിന്റെ പ്രോഗ്രസ് ഉടൻ അറിയാനാകും എന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ദുബായിലേക്ക് പോയതിനെ വിമർശിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരൻ രംഗത്തുവന്നിരുന്നു. കേന്ദ്രത്തെ അറിയിക്കാതെയാണ് മുഖ്യമന്ത്രി ദുബായിലേക്ക് യാത്ര പോകുന്നതെന്നായിരുന്നു ആരോപണം. എന്നാൽ കേന്ദ്രത്തിന്റെ അനുമതിയോടെ ആയിരുന്നു മുഖ്യമന്ത്രി ദുബായിലേക്ക് പോയത്. മകനെ കാണാനായിരുന്നു മുഖ്യമന്ത്രി പോയത്.

കേന്ദ്രത്തിന്റെ അനുമതിയോടെ തന്നെയാണ് പോയതെന്നിനുള്ള രേഖകൾ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ ചെലവ് ആരാണ് വഹിക്കുന്നതെന്നും എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ വിദേശ യാത്ര നടത്തുന്നതെന്നും അതില്‍ ദുരൂഹത ഇല്ലേയെന്നും ഇതൊരു ഔദ്യോഗികയാത്രയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി നടത്തിയിട്ടുള്ള കൂടിക്കാഴ്ചകള്‍, ഒപ്പിട്ട ധാരണാ പത്രങ്ങള്‍, കരാറുകള്‍ എന്നിവ കാണിക്കട്ടേ എന്നും മുരളീധരൻ പറഞ്ഞിരുന്നു.

അതേസമയം, വിദേശയാത്രയെ വിമർശിച്ച് പ്രതിപക്ഷം ഉൾപ്പെടെ ഉള്ളവർ രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനം കൊണ്ടു സംസ്ഥാനത്തിന് എന്തു നേട്ടമുണ്ടായെന്നും മന്ത്രിമാര്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് പോകുമ്പോള്‍ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാമോ എന്നൊക്കെയാണ് ഉയർന്നുവന്ന ചോദ്യങ്ങൾ.

മന്ത്രിമാര്‍ വിദേശത്തു പോകുന്നതില്‍ തെറ്റൊന്നുമില്ലെന്നും അതിന്‍റെ പ്രയോജനം ജനങ്ങളോടു വിശദീകരിക്കണമെന്നും ആണു പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഉയർന്നുവന്ന എല്ലാ ആരോപണങ്ങൾക്കും കൃത്യമായ മറുപടി മുഖ്യമന്ത്രി നൽകുമെന്നുതന്നെയാണ് റിപ്പോർട്ടുകൾ പറയുന്നത്.












Click it and Unblock the Notifications