വീണയുടെ അക്കൗണ്ട് മരവിപ്പിച്ചു; സ്ഥിര നിക്ഷേപ രേഖകള്‍ ഇഡി പിടിച്ചെടുത്തു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) മരവിപ്പിച്ചു. കൂടാതെ 241 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാന വ്യാപകമായി 12 ഇടങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി. വീണയുടെ സ്ഥിര നിക്ഷേപത്തിന്റെ ബാങ്ക് രേഖകള്‍ റെയ്ഡിനിടെ ഇഡി പിടിച്ചെടുത്തിരുന്നു. സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസിലായിരുന്നു ഇഡി റെയ്ഡ്.
ഇന്ന് നടത്തിയ റെയ്ഡില്‍ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് പിടിച്ചെടുത്തത് എന്ന് ഇഡി വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇവ പരിശോധിച്ചു വരികയാണ്. കേസുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല എന്നാണ് റെയ്ഡിന് ശേഷം സിപിഎം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഒന്നും കണ്ടെത്തിയില്ലെന്ന് റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥര്‍ രേഖാമൂലം അറിയിച്ചുവെന്നും നേതാക്കള്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ എല്ലാം ഒരേ സമയം ആയിരുന്നു റെയ്ഡ്. എല്ലായിടത്തും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. തിരുവവന്തപുരത്ത് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ അക്രമമുണ്ടായി. സംഭവത്തില്‍ ഏഴ് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
സിഎംആര്‍എല്‍ മാനേജ്‌മെന്റും വീണയും നിയമവിരുദ്ധമായി പണം സമ്പാദിച്ചു എന്നാണ് ഇഡി പറയുന്നത്. തെളിവ് ശേഖരിക്കാനായിരുന്നു റെയ്ഡ്. എന്നാല്‍ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കമാണിത് എന്ന് സിപിഎം ആരോപിച്ചു. അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ റെയ്ഡിനെതിരെ രംഗത്തുവന്നു. ഡല്‍ഹിയിലും സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.
പിണറായി വിജയന്റെ വസതികളില്‍ ഇഡി നടത്തിയ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. റെയ്ഡ് ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എന്തുകൊണ്ട് പിണറായി വിജയനെ തേടി ഇഡി വന്നില്ല എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചത് ഏതാനും ആഴ്ച മുമ്പാണ്. ഇഡി ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി എന്ന നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് പിന്നാക്കം പോയോ എന്നും പ്രസ്താവനയില്‍ ചോദിച്ചു.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ബിജെപി നിലപാട് രാഷ്ട്രീയ ഭീകരതയാണ് എന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പ്രതികരിച്ചു. പിണറായി വിജയന്‍ ജയിലില്‍ പോകുന്നത് കണ്ടിട്ടേ ഈ പോരാട്ടം അവസാനിപ്പിക്കൂ എന്നായിരുന്നു ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം. ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി. ഷോണിനെ പിന്തുണച്ച് ബിജെപി പ്രവര്‍ത്തകരും തമ്പടിച്ചു. പോലീസ് ഏറെ നേരത്തിന് ശേഷം രംഗം ശാന്തമാക്കി.














Click it and Unblock the Notifications