കുടുംബ ബജറ്റിനെ താറുമാറാക്കി പച്ചക്കറി വില വര്‍ധനവ്; നോട്ട് നിരോധനത്തിന് പിന്നാലെ വീണ്ടും ഇരുട്ടടി
അരിവിലക്ക് പിന്നാലെ പച്ചക്കറിയ്ക്കും വില കുതിച്ചുയരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയാണ് താളം തെറ്റിക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് കൈപൊള്ളിക്കുന്ന പച്ചക്കറി വില. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനം ഉല്‍പ്പാദനത്തില്‍ വരുത്തുന്ന കുറവ് മൂലം സംസ്ഥാനത്ത് പച്ചക്കറിക്ക് വില വര്‍ദ്ധിച്ചു.
അരിവിലക്ക് പിന്നാലെ പച്ചക്കറിയ്ക്കും വില കുതിച്ചുയരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയാണ് താളം തെറ്റിക്കുന്നത്. നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് വരെ ഒരു കിലോ വെണ്ടയ്ക്ക് 40 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ അത് മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ 60 ഉം, ചില്ലറവ്യാപാരകേന്ദ്രങ്ങളില്‍ 70 രൂപയുമായി ഉയര്‍ന്നു.

സംസ്ഥാനത്തെ പച്ചക്കറി ഉല്‍പാദനം കുറഞ്ഞതോടൊപ്പം അന്യസംസ്ഥാനങ്ങളിലെ കാലാവസ്ഥവ്യതിയാനവുമാണ് വിലക്കയറ്റതിനു കാരണമാകുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് തൊട്ടു പിന്നാലെയാണ് പച്ചക്കറി വിലയിലും വര്‍ദ്ധനവുണ്ടായിരിക്കുന്നത്. കിലോയ്ക്ക് 20 രൂപയായിരുന്ന ചെറിയ ഉള്ളിക്ക് 30 രൂപയും, 15 രൂപയുണ്ടായിരുന്ന കക്കിരി 40 രൂപയ്ക്കുമാണ് വില്‍പ്പന നടത്തുന്നത്. ഇനിയും വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.


Click it and Unblock the Notifications