നാടിനെ നടുക്കിയ കളർകോട് വാഹനാപകടം: കെഎസ്ആർടിസി ഡ്രൈവറെ പ്രതി ചേർത്ത് എഫ്‌ഐആർ
ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ കെ എസ് ആർ ടി സി ഡ്രൈവറെ പ്രതിചേർത്ത് കേസെടുത്തു. ആദ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് പൊലീസ് നീങ്ങിയത്. മനുഷ്യജീവന് അപകടമുണ്ടാക്കും വിധം വാഹനം ഓടിച്ചു എന്ന് കാണിച്ചാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൂടുതല്‍ അന്വേഷണം നടക്കുമ്പോള്‍ ഡ്രൈവറെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയേക്കും. അപകടത്തില്‍ കെ എസ് ആർ ടി സി ഡ്രൈവറുടെ ഭാഗത്തില്‍ നിന്നും പാളിച്ചകളുണ്ടായിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരണപ്പെടുന്നത്.

കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോഴക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറിൽ കെടി ശ്രീവത്സന്റെ മകൻ ശ്രീദീപ് വത്സൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടിൽ പി മുഹമ്മദ് നസീറിന്റെ മകൻ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണ് മരിച്ചത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അതേസമയം, മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ മൃതദേഹത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടെത്തി അന്തിമോപചാരമർപ്പിച്ചു. മൃതദേഹത്തിൽ പുഷ്പചക്രമർപ്പിച്ച് ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേർന്നു. ഉച്ചയ്ക്ക് 12.30 നാണ് ഗവർണർ മെഡിക്കൽ കോളേജിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവർ മെഡിക്കൽ കോളേജിലെ പൊതുദർശനത്തിനെത്തി
അന്തിമോപചാരമർപ്പിച്ചു.
മന്ത്രിമാരായ വീണ ജോർജ്, പി.പ്രസാദ്,സജി ചെറിയാൻ എന്നിവർ നേരത്തെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പോസ്റ്റ് മോർട്ടം നടപടികൾക്കും ക്രമീകരണങ്ങൾക്കും മേൽനോട്ടം വഹിച്ചു. എച്ച്.സലാം എം.എൽ.എ ഇന്നലെ മുതൽ തന്നെ സംഭവ സ്ഥലത്തും മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി രക്ഷാ പ്രവർത്തനത്തിനെത്തയിരുന്നു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, തോമസ് കെ.തോമസ് എം.എൽ.എ എന്നിവരും മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു.
ജില്ല കളക്ടർ അലക്സ് വർഗ്ഗീസ് റവന്യു വകുപ്പ് മന്ത്രി കെ.രാജനുവേണ്ടിയും ജില്ല ഭരണകൂടത്തിന് വേണ്ടിയും പുഷ്പചക്രമർപ്പിച്ചു. ജില്ല പോലീസ് മേധാവി എം.പി.മോഹന ചന്ദ്രൻ, എ.ഡി.എം.ആശാ സി.എബ്രഹാം, അമ്പലപ്പുഴ തഹസിൽദാർ എസ്.അൻവർ എന്നിവർ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
സർക്കാരിന്റെയും ജില്ല ഭരണകൂടത്തിന്റെയും നേരിട്ടുള്ള മേൽനോട്ടത്തിൽ രാത്രി തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് രാവിലെ 9 മണിയോടെ തന്നെ പോസ്റ്റ് മോർട്ടം നടപടികളും പൂർത്തിയാക്കി.












Click it and Unblock the Notifications