ഹിന്ദുക്കള്‍ അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന് വെള്ളാപ്പള്ളി
കാസര്‍കോട്: സമത്വമുന്നേറ്റ യാത്രയുടെ ആദ്യദിനം തന്നെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശം. ഹിന്ദുക്കള്‍ അംഗസംഖ്യ വര്‍ദ്ധിപ്പിക്കണമെന്നും ജനന നിയന്ത്രണം ഒഴിവാക്കണമെന്നും വെള്ളാപ്പള്ളി കാസര്‍കോട് ജില്ലയിലെ പര്യടനത്തിനിടയില്‍ സംസാരിച്ചു.
1946ല്‍ 65 ശതമാനമായിരുന്ന ഹിന്ദുക്കള്‍ ഇന്ന് 55 ശതമാനമായി കുറഞ്ഞു. മതപരിവര്‍ത്തനവും ജനനനിയന്ത്രണവുമാണ് ജനസംഖ്യയില്‍ കുറവുവരാന്‍ കാരണമായതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഹിന്ദു സമുദായത്തെ ഇരു മുന്നണികളും തഴഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തിടെ തനിക്കെതിരെ ഉയര്‍ന്നു വന്ന വിവാദങ്ങള്‍ക്കെല്ലാം വെള്ളാപ്പള്ളി ജാഥാ സ്വീകരണ കേന്ദ്രങ്ങളില്‍ മറുപടി പറയുന്നുണ്ടായിരുന്നു.

ശാശ്വതീകാനന്ദയുടെ മരണം 13 വര്‍ഷം മുന്‍പേ നടന്നതാണ്. ഇപ്പോള്‍ ഉയര്‍ന്നുവന്നിരുന്ന ജനമുന്നേറ്റത്തെ ഭയക്കുന്നതുകൊണ്ടാണ് അത് വിവാദമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഎസ് അച്യുതാനന്ദന്റെ വിമര്‍ശനങ്ങള്‍ക്കും വെള്ളാപ്പള്ളി മറുപടി പറഞ്ഞു. ഇടതുപക്ഷത്തെ കണ്ടാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയും തന്നെ വിമര്‍ശിക്കുതെന്നും അദ്ദേഹം പരിഹസിച്ചു.
മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ ഭദ്രദീപം കൊളുത്തി തിങ്കളാഴ്ച രാവിലെയാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ സമത്വ മുന്നേറ്റ യാത്ര ആരംഭിച്ചത്. എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്കൊപ്പം വെള്ളാപ്പള്ളിയുടെ കുടുംബവും ജാഥയെ അനുഗമിക്കുന്നുണ്ട്. ഡിസംബര്‍ 5 ന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്. അന്നേദിവസം എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവും ഉണ്ടായേക്കും.












Click it and Unblock the Notifications