'ഞാന്‍ ഒരു മാങ്കൂട്ടത്തില്‍ അല്ല... ആര്‍ക്കും എന്റടുത്തേക്ക് വരാം'; പരിഹാസവുമായി വെള്ളാപ്പള്ളി നടേശന്‍
കൊല്ലം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരേ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയത്തിലായാലും പൊതു പ്രവര്‍ത്തനത്തിലായാലും സ്വഭാവശുദ്ധി ഉണ്ടാകണമെന്നും സ്വഭാവശുദ്ധി അശേഷമില്ലാത്ത രാഷ്ട്രീയക്കാരനാണ് മാങ്കൂട്ടത്തില്‍ എന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണങ്ങളുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തുവരുന്ന പശ്ചാത്തലത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
വെള്ളാപ്പള്ളിയുടെ വാക്കുകള്‍: മാങ്കൂട്ടത്തിലിനെപറ്റിയുള്ള കമന്റുകള്‍ ടിവിയില്‍ കേള്‍ക്കുമ്പോള്‍ മനസിലാകുന്നത് സ്വഭാവശുദ്ധി അശേഷമില്ലാത്ത രാഷ്ട്രീയക്കാരനാണ് എന്നതാണ്. അതു മാത്രമല്ല, ചെല്ലുന്നിടത്തെല്ലാം കേറി മുട്ടയിട്ട് പോകുന്ന രാഷ്ട്രീയക്കാരനാണ്. കാണുന്നതെല്ലാം പൊയ്മുഖമാണ്. ഉള്ളില്‍ സ്ത്രീ തല്‍പരനാണെന്ന് തോന്നാവുന്ന ന്യൂസുകളാണ് പുറത്തുവരുന്നത്.

പൊതുപ്രവര്‍ത്തനത്തില്‍ സ്വഭാവശുദ്ധി ജീവിതത്തില്‍ അനിവാര്യമാണ്. പണ്ടത്തെ കാലമല്ല. എല്ലാവരും വിദ്യാഭ്യാസപരമായി ഉയര്‍ന്നവരാണ്. പൊതുപ്രവര്‍ത്തനത്തില്‍ സ്വഭാവശുദ്ധി ഒരു മാനദണ്ഡമായി ഉണ്ടാകുന്നത് ജനപ്രീതി നേടാന്‍ ഏറ്റവും അനിവാര്യമാണ്. സ്വഭാവശുദ്ധി ഉള്ളവരെ ജനം ഇഷ്ടപ്പെടും. സ്വഭാവശുദ്ധി ഇല്ലാത്തവനെ ജനം വെറുക്കും എന്നുള്ളത് മാങ്കൂട്ടത്തിന്റെ കാര്യത്തില്‍ വ്യക്തമായി.
വലിയ കൊമ്പനാനയെപോലെ നിന്നതല്ലേ, രണ്ട് കൊമ്പും ഒടിഞ്ഞ് കാലും ഒടിഞ്ഞു നിലത്ത് കിടക്കുകയല്ലേ, പെണ്‍ വിഷയവുമായി ബന്ധപ്പെട്ട് എംഎല്‍എ സ്ഥാനം ഉപേക്ഷിക്കേണ്ട ദുരവസ്ഥയില്‍ എത്തിയില്ലേ? വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. ഒരുപാട് പെണ്ണുങ്ങളുമായി ബന്ധപ്പെട്ട് വിഷയങ്ങളുണ്ടെന്ന് പലരും പറയുന്നു. എനിക്ക് ഇതൊന്നും അറിയില്ല. ഇത്തിരിയില്ലാതെ ഒത്തിരി നാറില്ലല്ലോ?
ഞാനൊരു മാങ്കൂട്ടത്തില്‍ അല്ല. ആര്‍ക്കും എന്റടുത്ത് വരാം. കേള്‍ക്കുന്നത് സത്യമെങ്കില്‍ എന്നെക്കൊണ്ട് കഴിയുന്ന കാര്യങ്ങളാണെങ്കില്‍ അതൊക്കെ ചെയ്ത് നല്‍കും. ഒരു ശുപാര്‍ശയും വേണ്ട. ഞാന്‍ പാവങ്ങളോട് കരുണയുള്ളവനാണ്. ഒരുപാട് പേര്‍ എന്നെക്കുറിച്ച് നല്ലതും ചീത്തയും പറയുന്നു. കേള്‍ക്കുന്നു, കളയുന്നു അതാണ് തന്റെ രീതി. ഗുരുവിന്റെ ദൈവദശകം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാടണമെന്ന് പറഞ്ഞപ്പോള്‍ തനിക്കെതിരെ പ്രതിഷേധമുണ്ടായി. ഇന്ന് അതാണ് മിക്ക സ്‌കൂളുകളിലും പാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ നിരവധി സ്ത്രീകളാണ് ആരോപണങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍ ആരും ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ല. ആരോപണം ഉയര്‍ന്നതിന് പിന്നാലെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. എംഎല്‍എ സ്ഥാനത്ത് നിന്നും രാഹുലിനെ പുറത്താക്കണം എന്ന ആവശ്യവും ശക്തമാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളാനും ഉള്‍ക്കൊള്ളാനും കഴിയാതെ കോണ്‍ഗ്രസ് നേതൃത്വവും പ്രതിരോധത്തിലാണ്.












Click it and Unblock the Notifications