'സതീശന്റെ സംസാരം ശരിയല്ല, നടത്തുന്നത് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്‌സല്‍'; പരിഹസിച്ച് വെള്ളാപ്പള്ളി
കൊല്ലം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്‌സല്‍ ആണ് സതീശന്‍ നടത്തുന്നത് എന്നും എന്നാല്‍ സതീശന്റെ സംസാരം ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണ് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സതീശനെ എസ് എന്‍ ഡി പി പരിപാടികളില്‍ ക്ഷണിക്കുന്നതിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
വി ഡി സതീശനെ എസ് എന്‍ ഡി പി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് പ്രതിപക്ഷ നേതാവ്, എം എല്‍ എ എന്ന നിലയിലാണ് എന്നും അതില്‍ മഞ്ഞുരുകലിന്റെ പ്രശ്‌നമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യു ഡി എഫില്‍ ആശയക്കുഴപ്പം ഉണ്ട് എന്നും അതിന് കാരണം മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും ആണ് എന്നും അദ്ദേഹം പറഞ്ഞു. ലീഗും കേരള കോണ്‍ഗ്രസും ഉള്ളിടത്തോളം കാലം യു ഡി എഫില്‍ ആശയ ഐക്യം ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫിനെ നയിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നും അതുകൊണ്ടാണ് യു ഡി എഫിന് ആശയ ഐക്യം ഉണ്ടാകാത്തത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള അയ്യപ്പ ഭക്തരെ പങ്കെടുപ്പിച്ചുള്ള പരിപാടി അത്ഭുതമാണ് എന്നും ശബരിമലയുടെ പ്രസക്തി ലോകത്തിന്റെ നെറുകയില്‍ എത്തും എന്നും അദ്ദേഹം പറഞ്ഞു.
ഇതുവഴി ശബരിമലയുടെ വരുമാനം വര്‍ധിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെയും രാജ്യത്തിന്റെയും തന്നെ വരുമാനം വര്‍ധിക്കും. ശബരിമല വികസനത്തിലേക്കുള്ള പാതയിലാണ് എന്നും ഇതിനെതിരായി ചിന്തിക്കുന്നവര്‍ പിന്നില്‍ നിന്ന് കുത്തുന്നതും പിന്തിരിഞ്ഞ് നില്‍ക്കുന്നതും അപഹാസ്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. ആഗോള അയ്യപ്പ സംഗമത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തരുത്.
ഇങ്ങനെ ചെയ്യുന്നത് ബാലിശമായ ആരോപണമാണ് എന്നും ശബരിമല സ്ത്രീ പ്രവേശന വിഷയം ഇപ്പോഴില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവസ്വം ബോര്‍ഡ് ഭംഗിയായാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. എങ്കിലും ചില പോരായ്മകള്‍ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ട് എന്നും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇല്ലാത്താതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും അദ്ദേഹം പറഞ്ഞു.
അത് പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണ് എന്നും ശബരിമല കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications