വെള്ളാപ്പള്ളിക്കെതിരെ എം സ്വരാജ്; മുഖ്യമന്ത്രി പ്രതികരിക്കാന്‍ ധൈര്യം കാണിക്കണം എന്ന് ഫാത്തിമ തഹ്ലിയ
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധൈര്യം കാണിക്കണം എന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ. മലപ്പുറത്തെ കുറിച്ചും മുസ്ലിങ്ങളെ കുറിച്ചും വെള്ളാപ്പള്ളി പറഞ്ഞ വര്‍ഗീയ പ്രസ്താവനയ്ക്ക് സിപിഎം നേതാക്കള്‍ മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് രംഗത്തുവന്നു. നിരുത്തരവാദപരമായ പ്രസ്താവനയാണ് വെള്ളാപ്പള്ളിയില്‍ നിന്നുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളക്കളയുമെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. സ്വരാജിന്റെ കുറിപ്പിന് താഴെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

എം സ്വരാജ് ഫേസ്ബുക്കില്‍ പങ്കുവച്ച വാക്കുകള്‍ ഇങ്ങനെ: 'ശ്രീ. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരമാണ്. ശ്രീനാരായണഗുരുവും എസ് എന്‍ ഡി പി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണിത്. മതനിരപേക്ഷ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളിക്കളയും.'
ആഭ്യന്തര മന്ത്രി ആരാണ് സര്‍, വിദ്വേഷത്തിന് കേസില്ലേ എന്നാണ് ആലപ്പുഴയിലെ യുവ മുസ്ലിം പണ്ഡിതനായ അന്‍സാരി സുഹ്‌രി എം സ്വരാജിന്റെ കുറിപ്പിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ആഭ്യന്തരം ആര്‍എസ്എസിന് പാട്ടത്തിന് കൊടുത്തതാണ് എന്നാണ് മറ്റൊരാളുടെ കമന്റ്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചാണ് മിക്കവരും പ്രതികരിച്ചിരിക്കുന്നത്.
ഫാത്തിമ തഹ്ലിയയുടെ കുറിപ്പ് വായിക്കാം: ''കാന്തപുരം ഉസ്താദ് പറയുന്ന പോലെയാണ് കേരളഭരണം നടക്കുന്നത് എന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിന് മറുപടി പറയാനെങ്കിലുമുള്ള ധൈര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കണം. മലപ്പുറത്തെക്കുറിച്ചും മുസ്ലിങ്ങളെ കുറിച്ചും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ വര്‍ഗീയ പ്രസ്താവനയ്ക്ക് മറുത്തൊരു വാക്ക് ഏതെങ്കിലും സിപിഎം നേതാവില്‍ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.
കാരണം കുറെ കാലമായി ആര്‍.എസ്.എസ്സിന്റെ അതേ രാഷ്ട്രീയമാണല്ലോ സിപിഎം പറയുന്നത്. ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ വേണ്ടി സിപിഎമ്മും വെള്ളാപ്പള്ളി നടേശനും നടത്തുന്ന പ്രസ്താവനകള്‍ കേരളത്തിന്റെ മതേതര ഘടനയ്ക്ക് വലിയ പരിക്കാണ് ഏല്‍പ്പിക്കുന്നത്.സ്വന്തം സര്‍ക്കാരിനെതിരെ ഒരു സമുദായ നേതാവ് വര്‍ഗീയ ആരോപണമുന്നയിക്കുമ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയെ ആദ്യമായിട്ടാണ് കേരളക്കര കാണുന്നത്.''
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിന്റെ പ്രതികരണം: 'വിഷം ചീറ്റുന്നതിന് എടുക്കേണ്ട കേസ് എടുത്തിട്ടില്ലെങ്കിലും ഇങ്ങനെ കപ്പ് കൊടുത്ത് പ്രോത്സാഹിപ്പിക്കരുത്. മകന്‍ ബി.ജെ.പി മുന്നണിയിലെ അംഗം, അച്ഛന്‍ വര്‍ഗ്ഗീയ വിഷം ചീറ്റി സി.പി.എം തണലില്‍ സുരക്ഷിതം. നിലമ്പൂര്‍ ഇലക്ഷന്‍ സമയത്ത് വര്‍ഗീയത വിഷം ചീറ്റിയ ഇദ്ദേഹത്തിന് തൊട്ടടുത്ത ദിവസം ആലപ്പുഴ വെച്ചുള്ള സ്വീകരണം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് ശക്തി പകര്‍ന്നു. ഇന്നലെ വീണ്ടും വിഷം കലക്കിയ മാന്യദ്ദേഹത്തിന്റെ ഇന്നത്തെ കൊച്ചിയിലെ ആദരവിന് മന്ത്രിമാരായ വാസവനും പി.രാജീവും ഉദ്ഘാടനം മുഖ്യ അഭിനന്ദന പ്രസംഗവും നടത്തുന്നു. എന്നിട്ട് മതേതര മതനിരപേക്ഷ ജനാധിപത്യ ഒലക്കന്റെ മൂടാണ് സി.പി.എം എന്ന് ഒരു ഉളുപ്പും ഇല്ലാതെ പ്രസംഗിച്ച് നടക്കുകയും ചെയ്യുക.'












Click it and Unblock the Notifications