'അവസരങ്ങള്‍ മുസ്‌ലിംകള്‍ തട്ടിക്കൊണ്ടുപോയെന്ന് വെള്ളാപ്പള്ളിയുടെ കള്ളക്കരച്ചില്‍': വിമർശനവുമായി സമസ്ത
കോഴിക്കോട്: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. എല്ലാ മതങ്ങളുടെയും സന്ദേശം സത്യമാണെന്ന് ഉദ്‌ഘോഷിച്ച ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്തിരുന്നാണ് വര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്ത അസത്യങ്ങളാണ് വെള്ളാപ്പള്ളി നടേശൻ നിരന്തരം വമിപ്പിക്കുന്നതെന്ന് ഗുരുവചനം സൂചിപ്പിച്ചുകൊണ്ട് സുപ്രഭാതം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നു.
'കേരളത്തില്‍ എല്‍ ഡി എഫും യു ഡി എഫും അവരുടെ രാജ്യസഭാ സീറ്റുകള്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വീതംവച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിദ്വേഷപരാമര്‍ശം. ഈഴവര്‍ക്ക് അവകാശപ്പെട്ട പദവികളോ അവസരങ്ങളോ മുസ്‌ലിംകളോ ക്രിസ്ത്യാനികളോ തട്ടിയെടുക്കുന്നുവെന്ന പറച്ചിലില്‍ വല്ല വാസ്തവവുമുണ്ടെങ്കില്‍ അതു തെളിയിക്കാനുള്ള ബാധ്യത എസ് എന്‍ ഡിപി ജനറല്‍ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശനുണ്ട്. അല്ലാതെ, ആർ എസ് എസിന്റെ നുണ ഉല്‍പ്പാദക ഫാക്ടറികളെ നാണിപ്പിക്കുംവിധമുള്ള അവാസ്തവങ്ങള്‍കൊണ്ട് പൊതുസമൂഹത്തില്‍ ഛിദ്രത തീര്‍ക്കുകയല്ല വേണ്ടത്.' മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

രാജ്യസഭയിലെ മുസ്‌ലിം പ്രാതിനിധ്യ കണക്കെടുക്കുന്ന വെള്ളാപ്പള്ളി, സംസ്ഥാനത്തുനിന്നുള്ള ലോക്‌സഭാംഗങ്ങളുടെ കണക്കുകൂടി പരിശോധിക്കണം. മൂന്ന് മുസ്‌ലിംകള്‍ മാത്രമാണ് ഇത്തവണ കേരളത്തില്‍നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 140 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ 15 ശതമാനത്തോളം വരും മുസ്‌ലിംകള്‍. പേരിനെങ്കിലും ഒരു മുസ്‌ലിമിനെ ഇത്തവണ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ എന്‍.ഡി.എ സര്‍ക്കാര്‍ തയാറായോ? മൂന്നര കോടി വരുന്ന സംസ്ഥാന ജനസംഖ്യയില്‍ 26.56 ശതമാനമാണ് മുസ്‌ലിം പ്രാതിനിധ്യം. എന്നിട്ടും 21 അംഗ സംസ്ഥാന മന്ത്രിസഭയില്‍ രണ്ടു പേർ മാത്രമാണ് മുസ്‌ലിംകള്‍.
ഒരു സര്‍ക്കാര്‍ വകുപ്പിലും 13 ശതമാനത്തിലധികം പ്രതിനിധ്യം മുസ്‌ലിംകള്‍ക്കില്ല. വാസ്തവം ഇതാണെന്നിരിക്കെയാണ് തങ്ങളുടെ അവസരങ്ങളെല്ലാം മുസ്‌ലിംകള്‍ തട്ടിക്കൊണ്ടുപോയെന്ന വെള്ളാപ്പള്ളിയുടെ കള്ളക്കരച്ചില്‍. ഈഴവരെപ്പോലെതന്നെ കാലങ്ങളായി വിവേചനം അനുഭവിക്കുന്നവരാണ് കേരളത്തിലെ മുസ്‌ലിം സമുദായവും. ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട ആനുകൂല്യങ്ങളെല്ലാം ഇരുവിഭാഗങ്ങളിനിന്നും മറ്റു പലരും തട്ടിയെടുക്കുകയാണ്. ഈ യാഥാര്‍ഥ്യമറിയാതെയാണോ ഈഴവര്‍ക്കെന്ന വ്യജേന സവര്‍ണസമുദായങ്ങള്‍ക്കു വേണ്ടിയുള്ള വെള്ളാപ്പള്ളിയുടെ വിടുപണിയെന്നും മുഖപ്രസംഗം ചോദിക്കുന്നു.
ആര്‍.എസ്.എസിനുള്ള ഒളിസേവയാണ് ഈഴവ സമുദായത്തെ ഹൈജാക്ക് ചെയ്യുകവഴി നടേശന്‍ നടത്തുന്നത്. സംസ്ഥാന ജനസംഖ്യയില്‍ 23 ശതമാനം വരും ഈഴവര്‍. നായര്‍ പ്രാതിനിധ്യമാകട്ടെ 14 ശതമാനവും. എന്നാല്‍ അധികാരത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലെ സവര്‍ണാധിപത്യവും സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെയുള്ള നായര്‍ പ്രാതിനിധ്യവും തുലനം ചെയ്യാന്‍ വെള്ളാപ്പള്ളി നടേശന് ധൈര്യമുണ്ടോ? അപ്പോള്‍ മനസിലാകും ആരാണ് ഈഴവരുടെയും ദലിതരുടെയും മുസ്‌ലിംകളുടെയും പിന്നോക്ക ക്രൈസ്തവരുടെയും അവകാശാധികാരങ്ങള്‍ കവരുന്നതെന്ന്.
വെള്ളാപ്പള്ളിയെപ്പോലെ കാലങ്ങളായി സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുന്ന മറ്റൊരു കള്ളമാണ് സംസ്ഥാനത്തെ മദ്‌റസ അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെന്നത്. മദ്‌റസ അധ്യാപകരെ ക്ഷേമനിധി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി എന്നതിനപ്പുറം ഒരു ആനുകൂല്യവും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സമുദായ നേതാക്കളും ആര്‍.എസ്.എസ് അനുകൂലികളും ഇത്തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഇതൊക്കെ കഴമ്പില്ലാത്ത ആരോപണങ്ങളാണെന്ന് പറയാനോ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനോ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാർ മടിച്ചിരിക്കുന്നതെന്നും മുഖപ്രസംഗത്തിലൂടെ സമസ്ത മുഖപത്രം ചോദിക്കുന്നുണ്ട്.












Click it and Unblock the Notifications