പിണറായി വിജയനെ പെരുത്തിഷ്ടം! ബിഡിജെഎസ് ഇടതുമുന്നണിയിലേക്ക്? ബിജെപി വഞ്ചിച്ചെന്നും വെള്ളാപ്പള്ളി...
ബിജെപിയ്ക്ക് ബിഡിജെഎസിനോട് അയിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: എന്‍ഡിഎയില്‍ ബിഡിജെഎസും ബിജെപിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ മുറുകുന്നതായി സൂചന. ബിജെപിയുമായി രൂക്ഷമായ തര്‍ക്കങ്ങളൊന്നുമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും, ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്നും പുറത്തുവരണമെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം.
കേരളത്തില്‍ ബിഡിജെഎസിനോട് യോജിക്കാവുന്നത് ഇടതുപക്ഷത്തോടാണെന്നാണ് അദ്ദേഹം ഏറ്റവുമൊടുവില്‍ വ്യക്തമാക്കിയിരിക്കുന്നത്. മാതൃഭൂമി ന്യൂസ് ചാനലിലെ ചോദ്യം ഉത്തരം പരിപാടിയിലാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്. ബിജെപിയ്ക്ക് ബിഡിജെഎസിനോട് അയിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബിജെപി വഞ്ചിച്ചു...
കേരളത്തില്‍ നിലവില്‍ എന്‍ഡിഎ മുന്നണി നിലവിലില്ല. ബിജെപിക്ക് ബിഡിജെഎസിനോട് അയിത്തമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ബിജെപിയില്‍ അധികാര വടംവലിയും സ്വയം പ്രമാണിയാകാനുള്ള ശ്രമവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി കേരള ഘടകം ബിഡിജെഎസിനെ വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടതുപക്ഷത്തെ എതിര്‍ക്കേണ്ട കാര്യമില്ല...
ഇടതുപക്ഷത്തെ എതിര്‍ക്കേണ്ട കാര്യമില്ലെന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ അഭിപ്രായം. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തു. പണ്ടും തനിക്ക് പിണറായി വിജയനെ ഇഷ്ടമാണെന്നും, ലാവ്‌ലിന്‍ കേസില്‍ കഴമ്പമൊന്നുമില്ലെന്ന് താന്‍ മുന്‍പേ പറഞ്ഞതാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അധികാരം കിട്ടിയതിന് കാരണം...
പിണറായി വിജയന്റെ സംഘടനാ ശേഷിയെ കുറച്ചകാണാനാവില്ല. ഇന്ത്യ മുഴുവന്‍ കമ്മ്യൂണിസം തകര്‍ന്നടിഞ്ഞപ്പോള്‍, കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണം ലഭിക്കാന്‍ കാരണം പിണറായി വിജയനാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നും തലയുയര്‍ത്തി നില്‍ക്കുന്നത് പിണറായി വിജയന്റെ പ്രഭാവത്തിലാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.

എന്‍ഡിഎ വിടും...
ബിഡിജെഎസിന് ഇടതുപക്ഷത്ത് നിന്നും വാഗ്ദാനം ലഭിച്ചാല്‍ അവര്‍ എന്‍ഡിഎ വിടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെയും സിപിഎമ്മിനെതിരെയും ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയ വെള്ളാപ്പള്ളിയാണ് ഇപ്പോള്‍ ഇടതുപക്ഷത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications