പാണക്കാട് തറവാട് ഇന്നേവരെ കാണാത്ത നാടകീയ രംഗങ്ങൾ! ഭീഷണി മുഴക്കി ഖാദർ, എല്ലാം സഹിച്ച് ലത്തീഫ്...
വേങ്ങരയിൽ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ പാർട്ടി പദവികളിൽ നിന്ന് രാജിവെയ്ക്കുമെന്ന് കെഎൻഎ ഖാദർ മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചതോടെയാണ് നേതാക്കൾ വെട്ടിലായത്.
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാണക്കാട് തറവാട്ടിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി യുഎ ലത്തീഫിനെയാണ് അവസാന
നിമിഷം വരെ പരിഗണിച്ചിരുന്നെങ്കിലും കെഎൻഎ ഖാദറിന്റെ ഭീഷണിക്ക് മുന്നിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് മുട്ടുമടക്കേണ്ടി വന്നു.
വേങ്ങരയിൽ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ പാർട്ടി പദവികളിൽ നിന്ന് രാജിവെയ്ക്കുമെന്ന് കെഎൻഎ ഖാദർ മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചതോടെയാണ് നേതാക്കൾ വെട്ടിലായത്. മുൻ മഞ്ചേരി നഗരസഭാ ചെയർമാൻ യുഎ ലത്തീഫിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ലീഗിന്റെ നേരത്തെയുള്ള തീരുമാനം. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും യുഎ ലത്തീഫിനെ പിന്തുണച്ചു. യുഎ ലത്തീഫ് പാണക്കാട് ഹൈദരലി തങ്ങളെ കാണാനെത്തിയതോടെ യുഎ ലത്തീഫിനെ ലീഗ് സ്ഥാനാർത്ഥിയാക്കുമെന്ന അഭ്യൂഹം ശക്തമായി. എന്നാൽ അവസാനനിമിഷങ്ങളിലാണ് കാര്യങ്ങൾ മാറിമറഞ്ഞത്.

മജീദ് ആദ്യമേ പിന്മാറി...
വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിനെയാണ് പാർട്ടി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെപിഎ മജീദ് കഴിഞ്ഞദിവസം
വ്യക്തമാക്കിയതോടെയാണ് ലീഗിൽ പുതിയ പ്രതിസന്ധി ഉടലെടുത്തത്.

ഇനിയാര്...
കെപിഎ മജീദ് പിന്മാറിയതോടെ, അബ്ദുറഹിമാൻ രണ്ടത്താണി, കെഎൻഎ ഖാദർ, യുഎ ലത്തീഫ് എന്നിവരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്.

യുഎ ലത്തീഫ്...
പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യം യൂത്ത് ലീഗ് നേതാക്കളടക്കം മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. പികെ ഫിറോസ് അടക്കമുള്ള നേതാക്കൾക്കായി യൂത്ത് ലീഗും അവകാശവാദം ഉന്നയിച്ചു. എന്നാൽ അപ്രതീക്ഷിതമായാണ് യുഎ ലത്തീഫിനെ പരിഗണിക്കാൻ മുസ്ലീം ലീഗ് തീരുമാനമെടുത്തത്.

പാണക്കാട്ടേക്ക്...
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ മഞ്ചേരി നഗരസഭാ ചെയർമാനുമായ യുഎ ലത്തീഫ് ഹൈദരലി തങ്ങളെ സന്ദർശിക്കാൻ പാണക്കാടെത്തിയതോടെ അദ്ദേഹത്തെ വേങ്ങരയിൽ സ്ഥാനാർത്ഥിയാക്കുമെന്ന് മറ്റു നേതാക്കളും ഉറപ്പിച്ചു.

ഖാദറിന്റെ ഭീഷണി...
പികെ കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയും യുഎ ലത്തീഫിന് ലഭിച്ചെങ്കിലും അവസാന നിമിഷത്തിലാണ് അദ്ദേഹത്തെ ഭാഗ്യം കൈവിട്ടത്. വേങ്ങരയിൽ തന്നെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ പാർട്ടി പദവികൾ രാജിവെയ്ക്കുമെന്നായിരുന്നു കെഎൻഎ ഖാദറിന്റെ ഭീഷണി.

ഒടുവിൽ...
നേരത്തെ വള്ളിക്കുന്ന് എംഎൽഎയായിരുന്ന കെഎൻഎ ഖാദറിന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സീറ്റ് നൽകിയിരുന്നില്ല. ഇതിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ അദ്ദേഹത്തെ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ
സെക്രട്ടറിയാക്കിയാണ് പ്രശ്നം പരിഹരിച്ചത്.

വേങ്ങരയിൽ കണ്ണുംനട്ട്...
മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ചതോടെ വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെഎൻഎ ഖാദർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കെപിഎ മജീദിന്റെ പേര് പരിഗണിക്കുന്നതിനാലാണ് അദ്ദേഹം അവസാനം വരെ മൗനം പാലിച്ചത്.

അവസാനം...
വേങ്ങരയിൽ മത്സരിക്കാനില്ലെന്ന് കെപിഎ മജീദ് കഴിഞ്ഞദിവസം വ്യക്തമാക്കിയതോടെയാണ് കെഎൻഎ ഖാദർ തനിക്ക് സീറ്റ് നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ദീർഘകാലത്തെ പാർലമെന്ററി പരിചയമുള്ള ഖാദറിന് ലീഗിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ടായിരുന്നു.

കെഎൻഎ ഖാദർ സ്ഥാനാർത്ഥി...
നാടകീയ രംഗങ്ങൾക്കൊടുവിലാണ് കെഎൻഎ ഖാദറിനെ വേങ്ങരയിലെ സ്ഥാനാർത്ഥിയായി മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരി തങ്ങൾ പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് പകരം യുഎ ലത്തീഫിനെ മലപ്പുറം ജില്ലാ സെക്രട്ടറിയായും നിയമിച്ചു.












Click it and Unblock the Notifications