വേങ്ങരയിൽ ലീഗിനെക്കാൾ ഭയം കോൺഗ്രസിന്! കെപിസിസി സെക്രട്ടറി ലീഗ് വിമതനോട് ചെയ്തത്.... അത്ര പേടിയോ?
മുസ്ലീം ലീഗ് വിമത സ്ഥാനാർത്ഥിയുടെ വെളിപ്പെടുത്തൽ വേങ്ങരയിൽ പുതിയ വിവാദത്തിന് തിരികൊളുത്തി.
മലപ്പുറം: മൂന്നു മുന്നണികളും അരയും തലയും മുറുക്കി പ്രചാരണത്തിനിറങ്ങിയതോടെ വേങ്ങരയിൽ ആവേശം കൊട്ടിക്കയറുകയാണ്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾക്കൊപ്പം സ്വതന്ത്രരും പ്രചാരണ രംഗത്ത് സജീവമായി.
ഇതിനിടെ, മുസ്ലീം ലീഗ് വിമത സ്ഥാനാർത്ഥിയുടെ വെളിപ്പെടുത്തൽ വേങ്ങരയിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. മുസ്ലീം ലീഗ് വിമത സ്ഥാനാർത്ഥിയായ കെ ഹംസയാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ നിന്നും പിന്മാറാൻ തനിക്കുമേൽ കനത്ത സമ്മർദ്ദമുണ്ടായെന്നാണ് കെ ഹംസ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു കെപിസിസി സെക്രട്ടറി ഉൾപ്പെടെയുള്ളവരായിരുന്നു സമ്മർദ്ദത്തിന്റെ പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്മർദ്ദവും ഭീഷണിയും...
വേങ്ങര ഉപതിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ തനിക്കുമേൽ കനത്ത സമ്മർദ്ദവും ഭീഷണിയുമുണ്ടായിരുന്നുവെന്നാണ് ലീഗ് വിമത സ്ഥാനാർത്ഥി മാധ്യമങ്ങളോട് പറഞ്ഞത്.

കെപിസിസി സെക്രട്ടറി...
കെഎൻഎ ഖാദറിനെ വേങ്ങരയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് കെ ഹംസ വിമതനായി മത്സരിക്കാൻ തീരുമാനിച്ചത്. ഇതിനുപിന്നാലെയാണ് കെപിസിസി സെക്രട്ടറി അടക്കമുള്ള ചിലർ മത്സരത്തിൽ നിന്ന് പിന്മാറാൻ ഭീഷണിപ്പെടുത്തിയത്.

മുസ്ലീം ലീഗിൽ നിന്നും ആരുമില്ല...
ചില കോൺഗ്രസ് നേതാക്കൾ തനിക്കുമേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും, മുസ്ലീം ലീഗ് നേതാക്കളാരും ഈ ആവശ്യവുമായി തന്നെ സമീപിച്ചിരുന്നില്ലെന്നും ഹംസ വ്യക്തമാക്കി.

മഹാനായ നേതാവ്....
വേങ്ങരയിൽ മുസ്ലീം ലീഗ് വിമതനായി മത്സരിക്കുന്ന കെ ഹംസയ്ക്ക് പക്ഷേ ലീഗിനോടോ മറ്റു നേതാക്കളോടോ പ്രത്യേകിച്ച് പരിഭവമൊന്നുമില്ല. പികെ കുഞ്ഞാലിക്കുട്ടി ഏറ്റവും മഹാനായ നേതാവാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

സമ്മർദ്ദതന്ത്രം...
സമ്മർദ്ദതന്ത്രത്തിലൂടെ വേങ്ങര സീറ്റിൽ കെഎൻഎ ഖാദർ മത്സരിക്കുന്നതിലാണ് ഹംസയ്ക്ക് വിയോജിപ്പ്. ജനാധിപത്യ രീതിയിലല്ല കെഎൻഎ ഖാദറിനെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതെന്നും, വേങ്ങരയിൽ മത്സരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നുമാണ് ഹംസയുടെ നിലപാട്.

വോട്ട് കുറയുമോ...
എസ്ഡിപിഐയ്ക്ക് പുറമേ, ലീഗ് വിമതനും മത്സരിക്കാനിറങ്ങിയതോടെ മുസ്ലീം ലീഗിലെ ആശങ്ക വർദ്ധിച്ചിട്ടുണ്ട്. പ്രാദേശിക തലത്തിൽ മോശമില്ലാത്ത സ്വാധീനമുള്ള വിമത സ്ഥാനാർത്ഥി പരമാവധി വോട്ടുകൾ നേടാൻ തുനിഞ്ഞിറങ്ങിയാൽ ലീഗ് ശരിക്കും വിയർക്കുമെന്ന് തീർച്ചയാണ്.

ഒപ്പത്തിനൊപ്പം...
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞതോടെ വേങ്ങരയിലെ സ്ഥാനാർത്ഥി ചിത്രം വ്യക്തമായി. മൂന്നു മുന്നണികളും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം മുന്നേറിക്കൊണ്ടിരിക്കുമ്പോൾ, സംസ്ഥാന-ദേശീയ നേതാക്കളും മണ്ഡലത്തിൽ സജീവമാണ്.












Click it and Unblock the Notifications