കോണി മറിച്ചിടാമെന്ന് സിപിഎം! നടപ്പില്ലെന്ന് മുസ്ലീം ലീഗും! വേങ്ങരയിൽ പരസ്യപ്രചാരണം അവസാനിച്ചു...
പറപ്പൂർ,എആർ നഗർ, കുന്നുംപുറം, വേങ്ങര,ഒതുക്കുങ്ങൽ തുടങ്ങിയ കവലകൾ കേന്ദ്രീകരിച്ചായിരുന്നു കലാശക്കൊട്ട്.
മലപ്പുറം: ആവേശം അണപൊട്ടിയ കൊട്ടിക്കലാശത്തിനൊടുവിൽ വേങ്ങര ഉപതിരഞ്ഞെടുപ്പിലെ പരസ്യപ്രചരണം അവസാനിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഇത്തവണ കൊട്ടിക്കലാശം നടന്നത്. വീറും വാശിയും നിറഞ്ഞ കലാശക്കൊട്ടിൽ ചിലയിടത്ത് നേരിയ വാക്കേറ്റവുമുണ്ടായി.
പറപ്പൂർ,എആർ നഗർ, കുന്നുംപുറം, വേങ്ങര,ഒതുക്കുങ്ങൽ തുടങ്ങിയ കവലകൾ കേന്ദ്രീകരിച്ചായിരുന്നു കലാശക്കൊട്ട്. വാദ്യമേളങ്ങളും പ്രചരണഗാനങ്ങളുമായി പാർട്ടി പ്രവർത്തകർ കൊട്ടിക്കലാശം ആഘോഷമാക്കി. കുന്നുംപുറത്ത് സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ നേരിയ കശപിശയുണ്ടായെങ്കിലും പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.

ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചരണമാണ്. ഒക്ടോബർ 11നാണ് വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു ദിവസം കൊണ്ട് പരമാവധി വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. മുസ്ലീം ലീഗിന് മൃഗീയ വ്യക്തമായ മേധാവിത്വമുള്ള വേങ്ങരയിൽ പരമാവധി വോട്ടുകൾ നേടി ഭൂരിപക്ഷം വർദ്ധിപ്പിക്കാനാണ് ലീഗിന്റെ ശ്രമം. കെഎൻഎ ഖാദറിന് പികെ കുഞ്ഞാലിക്കുട്ടിയെക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്നും ലീഗ് പ്രവർത്തകർ ഉറച്ചുവിശ്വസിക്കുന്നു. ലീഗിനുള്ളിലെ അഭിപ്രായവ്യത്യാസവും, വിമതസ്ഥാനാർത്ഥി സ്വന്തമാക്കുന്ന വോട്ടുകളും കെഎൻഎ ഖാദറിനെ എത്രത്തോളം ബാധിക്കുമെന്നും ലീഗിന് ആശങ്കയുണ്ട്.
അതേസമയം, മനസിനുള്ളിൽ വിജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും വേങ്ങരയിൽ ഇത്തവണ അട്ടിമറി നടക്കുമെന്നാണ് സിപിഎം പ്രവർത്തകർ പറയുന്നത്. പിപി ബഷീറെന്ന ശക്തനായ പ്രാദേശിക നേതാവിലൂടെ വേങ്ങര മണ്ഡലത്തിൽ ലീഗിനെ മുട്ടുകുത്തിക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. ലീഗിന് കഴിഞ്ഞതവണ ലഭിച്ചതിൽ നിന്നും ഒരു വോട്ട് കുറഞ്ഞാൽ പോലും അത് ഇടതുമുന്നണിയുടെ വിജയമായി വ്യാഖാനിക്കാമെന്നും വിലയിരുത്തുന്നവരുണ്ട്. മണ്ഡലത്തിൽ കാര്യമായ പ്രതീക്ഷയില്ലാത്ത ബിജെപിയും ഇത്തവണ പ്രചരണരംഗത്ത് സജീവമായിരുന്നു. കെ ജനചന്ദ്രൻ മാസ്റ്ററാണ് ബിജെപി സ്ഥാനാർത്ഥി.
ഒക്ടോബർ 11നാണ് വേങ്ങരയിലെ തിരഞ്ഞെടുപ്പ്. ആകെ 1.70 ലക്ഷം വോട്ടർമാർ. ഇതിൽ 18,862 വോട്ടർമാർ പ്രവാസികളാണ്. അഞ്ച് വനിതാ ബൂത്തുകൾ ഉൾപ്പെടെ 148 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടു ചെയ്തത് ആർക്കാണെന്ന് മനസിലാക്കാൻ കഴിയുന്ന വിവിപാറ്റ് യന്ത്രം പൂർണ്ണമായും ഉപയോഗിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് വേങ്ങരയിലേത്. ഒക്ടോബർ 11ന് പോളിങ് പൂർത്തിയാക്കി മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ 15നാണ് വോട്ടെണ്ണൽ.












Click it and Unblock the Notifications