'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം
മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന് വേണ്ടി കളത്തിലിറങ്ങിയ സബാഹ് പ്രചാരണം തുടങ്ങി. വലിയ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. മണ്ഡലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും അതിന് മുമ്പുണ്ടായിരുന്ന അവസ്ഥയുമെല്ലാമാണ് സബാഹിന്റെ വിഷയം. കഴിഞ്ഞ തവണ തനിച്ച് മല്‍സരിച്ച വേളയില്‍ ലഭിച്ച 11000 വോട്ടും മണ്ഡലത്തില്‍ സബാഹിനുള്ള സ്വാധീനം എടുത്തു കാട്ടുന്നതാണ്.
2021ല്‍ ഇടതുപക്ഷത്തിന് വേണ്ടി മല്‍സരിച്ചത് സിപിഎമ്മിലെ പി ജിജി ആയിരുന്നു. 40000ത്തോളം വോട്ടാണ് അവര്‍ നേടിയത്. ഇതിന് മുമ്പും എല്‍ഡിഎഫിന് മണ്ഡലത്തില്‍ ഏകദേശം ഈ വോട്ട് ലഭിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ തവണ സ്വതന്ത്രനായി മല്‍സരിച്ച സബാഹിന് 11000ത്തില്‍ അധികം വോട്ട് കിട്ടിയിരുന്നു. ഇതെല്ലാം ചേരുമ്പോള്‍ നേട്ടമാകുമെന്ന ആത്മവിശ്വാസത്തിലാണ് സബാഹ്.

കഴിഞ്ഞ തവണ എസ്ഡിപിഐ സബാഹിന് പിന്തുണ നല്‍കിയിരുന്നു. ഇത്തവണയും എസ്ഡിപിഐ പിന്തുണ ലഭിച്ചേക്കും. അതിനിടെയാണ് പികെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലം വിട്ട് മലപ്പുറത്തേക്ക് മാറുമെന്ന സൂചന വന്നിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് പകരം കെഎം ഷാജി ഉള്‍പ്പെടെ പ്രമുഖരുടെ പേരുകള്‍ കേള്‍ക്കുന്നുണ്ട്. കരുത്തനെ മല്‍സരിപ്പിച്ചില്ലെങ്കില്‍ മണ്ഡലം കൈവിടുമെന്ന് മുസ്ലിം ലീഗ് അണികള്‍ തന്നെ സമ്മതിക്കുന്നു.
താനൂരിലെ മാറ്റം കണ്ടില്ലേ, വേങ്ങരയും മാറണം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സബാഹ് മണ്ഡലത്തില്‍ സജീവമാണ്. ഓരോ വികസന കാര്യങ്ങളിലും ഇടപെടുന്നുണ്ട്. ഇതെല്ലാം നേട്ടമാകുമെന്ന് സഹാബ് കരുതുന്നു. നവകേരള സദസിന് ശേഷം 4000ത്തോളം പരാതികള്‍ ലഭിച്ചിരുന്നു. എല്ലാം തീര്‍പ്പാക്കാന്‍ കഴിഞ്ഞതും നേട്ടമാണെന്ന് സബാഹ് പറയുന്നു. യുഡിഎഫിന് 19000 വോട്ടിന്റെ മേല്‍ക്കൈ ആണ് മണ്ഡലത്തിലുള്ളതെന്നും അത് മറികടക്കാന്‍ സാധിക്കുമെന്നും സബാഹ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിന്റെ നേട്ടം തിരഞ്ഞെടുപ്പില്‍ കാണുമെന്നാണ് സബാഹിന്റെ വിശ്വാസം. മണ്ഡലത്തില്‍ മുഴുവന്‍സമയം ഉണ്ടാകുന്ന എംഎല്‍എ ആയിരിക്കും താന്‍. സംസ്ഥാനത്തെ ഏറ്റവും മികച്ച എംഎല്‍എ താനായി മാറുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നു. താനൂരില്‍ ഇടതുപക്ഷം ജയിച്ചതിന് ശേഷമുണ്ടായ മാറ്റം അദ്ദേഹം എടുത്തുപറയുന്നു. സമാനമായ മാറ്റം വേങ്ങരയിലും വരണമെന്നാണ് ആഗ്രഹമെന്നും സബാഹ് പറഞ്ഞു.
കുഞ്ഞാലിക്കുട്ടി എട്ടാം തവണയാണ് മല്‍സരിക്കുന്നത്. തന്റെ 12ാം വയസില്‍ പികെ കുഞ്ഞാലിക്കുട്ടിയെ കാണുന്നുണ്ട്. ഇത്രയും കാലം മണ്ഡലത്തില്‍ എന്തു മാറ്റം വന്നു എന്ന് സബാഹ് ചോദിക്കുന്നു. ഇനി ഇങ്ങനെ മുന്നോട്ട് പോയാല്‍ പോര. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ഇല്ല. ഇത്തവണ വിജയം ഉറപ്പാണെന്നും സബാഹ് പറയുന്നു. അതിനിടെ, കുഞ്ഞാലിക്കുട്ടിക്ക് പകരം കെഎം ഷാജിയാണ് വേങ്ങരയില്‍ മല്‍സരിക്കുക എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.












Click it and Unblock the Notifications