അഫാന്റെ ജീവിതം അടിമുടി ധൂർത്ത്; മൊബൈൽ വാങ്ങിക്കൊടുക്കാത്തതിന് ആത്മഹത്യ ശ്രമം
വെഞ്ഞാറമൂട് കൂട്ടക്കൊല നടത്തിയ അഫാൻ എന്ന 23 കാരന്റെ മനോനില പിടികിട്ടാതെ പോലീസും. യാതൊരു കുറ്റബോധവും ഇല്ലാത്ത പ്രതിയുടെ പ്രതികരണമാണ് പോലീസിനേയും അത്ഭുതപ്പെടുത്തുന്നത്. ആദ്യത്തെ മൂന്ന് കൊല നടത്തിയ ശേഷം 'ക്ഷീണിച്ചപ്പോൾ' ബാറിൽ കയറി അൽപം മദ്യപിച്ചതിന് ശേഷമാണത്രേ ഇയാൾ അനിയനേയും പെൺസുഹിത്തിനേയും അനിയനേയും കൊലപ്പെടുത്തുന്നത്. പോലീസ് സ്റ്റേഷനിൽ വന്ന് കുറ്റസമ്മതം നടത്തിയപ്പോഴും അഫാൻ ഒട്ടും തന്നെ പതറിയില്ലെന്ന് പോലീസ് പറയുന്നു.
അതേസമയം ആഡംബര ജീവിതത്തിന് വഴിയില്ലാതായതിന്റെ നിരാശ തന്നെയാണോ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. വളരെ അധികം ധൂർത്തും ആഡംബരവും നിറഞ്ഞതായിരുന്നു അഫാന്റെ ജീവിതം. ബികോം പാതിവഴിയിൽ അവസാനിപ്പിച്ച അഫാന് വലിയ സൗഹൃദങ്ങൾ ഇല്ല. നാട്ടുകാരും പരിസരവാസികളുമായും അത്ര ബന്ധം പുലർത്താറുമില്ല.

അഫാന്റെ പിതാവ് സൗദിയിൽ ബിസിനസ് നടത്തുകയാണ്. സാമ്പത്തിക ബാധ്യത കാരണം കഴിഞ്ഞ 7 വർഷമായി നാട്ടിൽ വരാൻ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. എന്നാൽ മകനായ അഫാനെ ഈ ബുദ്ധിമുട്ടുകളൊന്നും അലട്ടിയേ ഇല്ല. പുതിയ മൊബൈലും ബൈക്കുകളും വാങ്ങുന്നതിലായിരുന്നു അഫാന്റെ താത്പര്യം. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും ആറ് മാസം മുൻപ് അഫാൻ പുതിയൊരു ബൈക്ക് സ്വന്തമാക്കിയിരുന്നു. ഇതിലാണ് ഇയാളുടെ കറക്കം.
കൊലപാതകം നടത്തുന്ന ദിവസം രാവിലെ ഉമ്മയോട് അഫാൻ പണം ചോദിച്ചിരുന്നു. ഇത് നൽകാതിരുന്നതോടെ അവരുടെ കഴുത്തിൽ ഷാൾ മുറുക്കി , ബോധം പോയതോടെ മരിച്ചെന്ന് കരുതി ചുറ്റിക വെച്ച് തലക്കടിച്ചു. ഇവിടെ നിന്ന് മുത്തശ്ശിയുടെ അടുത്തേക്കാണ് പോയത്. അവിടെ വെച്ച് മത്തശ്ശിയുടെ സ്വർണമാല ആവശ്യപ്പെട്ടു. അവർ കൊടുക്കാൻ വിസമ്മതിച്ചതോടെ ചുറ്റിക വെച്ച് അവരെ അവസാനിപ്പിച്ചു.
കൊലനടത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തിയ പിന്നാലെ തന്നെ ഇയാൾ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ജീവിതത്തിൽ മുൻപും ആത്മഹത്യ പ്രവണത ഇയാൾ കാണിച്ചിട്ടുണ്ട്. 8 വർഷങ്ങൾക്ക് മുൻപ് മൊബൈൽ വാങ്ങിക്കൊടുക്കാതിരുന്നതിനായിരുന്നു ആദ്യ ശ്രമം.
അതേസമയം ഇത്രയും ക്രൂരകൊല നടത്തിയിട്ടും ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തിയപ്പോഴും എന്തുകൊണ്ടാണ് പരിസരവാസികൾ ഒരുശബ്ദം പോലും കേൾക്കാതിരുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ചുറ്റിക ഉപയോഗിച്ച് കൊലപ്പെടുത്തുന്ന രീതി അഫാൻ ഇന്റർനെറ്റിൽ തിരഞ്ഞെ് മനസിലാക്കിയിട്ടുണ്ടാകാമെന്നും കൃത്യമായ ആസൂത്രണമായിരിക്കാം ആരും അറിയാതിരുന്നതിന് കാരണമെന്നുമാണ് വിദഗ്ധർ പറയുന്നത്.












Click it and Unblock the Notifications