ഫർസാനയുമായി സ്കൂൾ കാലം മുതലുള്ള പ്രണയം, വീട്ടിലേക്ക് കൊണ്ടുവന്നു, ചുറ്റിക കൊണ്ട് തുരുതരാ അടിച്ചു'
വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാൻ പെൺ സുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ഫർസാനയുടെ മൃതദേഹം വികൃതമായ നിലയിലായിരുന്നു. മുഖത്ത് ആഴത്തിലുള്ള ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചത്. തലയിലും ചുറ്റിക കൊണ്ട് പല തവണ അടിച്ചതായി പോലീസ് പറയുന്നു.
സ്കൂൾ കാലം മുതൽ പ്രണയത്തിലായവരാണ് ഫർസാനയും അഫാനും. അഞ്ചലിലെ കോളേജിൽ പിജി വിദ്യാർത്ഥിനിയാണ് ഫർസാന. ഇരുവരും പ്രണയത്തിലാണെന്നും രണ്ട് കുടംബങ്ങൾക്കും അറിയാം. കഴിഞ്ഞ ദിവസം ഫർസാന അഫാനൊപ്പം ബൈക്കിൽ പോകുന്നത് സമീപവാസികൾ കണ്ടിട്ടുണ്ട്.

കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വരെ ഫർസാന സ്വന്തം വീട്ടിൽ ആയിരുന്നു. ഇവിടെ നിന്ന് തന്റെ വീട്ടിലേക്ക് ഫർസാനയെ അഫാൻ വിളിച്ചിറക്കി കൊണ്ടുപോയി. വീടിന്റെ മുകളിലത്തെ നിലയിൽ എത്തിച്ചതിന് ശേഷം അവിടെ വെച്ചാണ് ക്രൂരകൃത്യം നടത്തിയത്. ഫർസാനയുടെ തലയ്ക്കാണ് ഇയാൾ ചുറ്റിക കൊണ്ട് അടിച്ചത്. നെറ്റിയുടെ രണ്ടുവശത്തും നടുക്കും ചുറ്റികകൊണ്ട് ആഴത്തിൽ അടിച്ച പാടുമുണ്ട്.
താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് ഫർഹാന്റെ മൊഴി. എന്നാൽ ഇത്രയും അധികം സ്നേഹിച്ചിരുന്ന പെൺകുട്ടിയെ ഇത്ര ക്രൂരമായി എന്തിന് കൊലപ്പെടുത്തിയെന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം ഇയാൾ ലഹിരി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ എന്ത് ലഹരിയാണെന്ന് വ്യക്തമല്ല. ആർഭാടവും ധൂർത്തും നിറഞ്ഞ ജീവിതമാണ് അഫാൻ നയിച്ചതെന്നും പണത്തിന് വേണ്ടിയാണ് കൊലനടത്തിയതെന്നുമുള്ള അഭ്യൂഹങ്ങൾ ഉണ്ട്.
കൊല നടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് വല്ല്യുമ്മയുടെ മാല അഫാൻ ചോദിച്ചിരു്ന്നത്രേ. ഇളയ അനിയന് ഫീസടക്കണം പൈസയില്ല. കഴുത്തിൽ കിടക്കുന്ന മാല തരീ. പണയം വെച്ച് ഫീസടക്കട്ടെ. പിന്നെ എടുത്ത് കൊടുക്കാം എന്നാണ് അഫാൻ പറഞ്ഞതെന്ന് പിതൃസഹോദരൻ ബദുറുദ്ദീൻ പറഞ്ഞു. എന്നാൽ തന്റെ മരണത്തിന് ചെലവാക്കാൻ ഈ മാല മാത്രമേ ഉള്ളൂവെന്ന് പറഞ്ഞ് അമ്മ മാല നൽകിയിരുന്നില്ലെന്നാണ് ബദുറുദ്ദീൻ പറയുന്നത്. കൊലനടത്തി തിരിച്ചു പോകുമ്പോൾ ഇയാൾ മാല എടുത്തിട്ടുണ്ടെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്.
അതേസമയം പിതൃസഹോദരനേയും അമ്മയേയും ഇളയ സഹോദരനേയും ഇയാൾ എന്തിന് കൊലപ്പെടുത്തിയെന്നത് സംബന്ധിച്ച് ഇപ്പോഴും കുടുംബക്കാർക്കും നാട്ടുകാർക്കും ഉത്തരമില്ല. സാമ്പത്തിക പ്രതിസന്ധി കാരണമാണ് കൊല നടത്തിയതെന്നാണ് ഇയാൾ ആവർത്തിക്കുന്നത്. ഇക്കാര്യം പോലീസ് വിശ്വസിച്ചിട്ടില്ല. മാനസിക പ്രശ്നമൊന്നും ഇല്ലാത്തൊരാൾക്ക് ഇത്തരത്തിൽ കൊടുംക്രൂരത നടത്താൻ എങ്ങനെ സാധിച്ചുവെന്ന ചോദ്യമാണ് പോലീസിനെ അടക്കം കുഴക്കുന്നത്. പ്രത്യേകിച്ച് ഇതിന് മുൻപ് ഒരു തരത്തിലുള്ള അക്രമണ സ്വഭാവവും കാണിക്കാത്തൊരാൾക്ക്.












Click it and Unblock the Notifications