എല്ലാം കേട്ട് തരിച്ചിരുന്ന് ഫര്‍സാന; പിന്നാലെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; അഫാന്റെ മൊഴി പുറത്ത്
തിരുവനന്തപുരം: കേരള മനസാക്ഷിയെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. പെണ്‍സുഹൃത്തായ ഫര്‍സാനയ്ക്കു മുന്നില്‍ മറ്റു കൊലപാതകങ്ങളുടെ കാര്യം ഏറ്റുപറഞ്ഞ ശേഷമാണ് ഫര്‍സാനയെ കൊന്നതെന്നാണ് പ്രതിയുടെ മൊഴി. പാങ്ങോട് പൊലീസാണ് അഫാന്റെ മൊഴിയെടുത്തത്.
കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കാര്യം ഫര്‍സാനയോട് പറഞ്ഞപ്പോള്‍ 'നമ്മള്‍ ഇനി എങ്ങനെ ജീവിക്കും' എന്ന് ചോദിച്ച് ഫര്‍സാന കസേരയിലിരുന്നു. പിന്നാലെ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ഫര്‍സാനയുടെ മുഖത്തിന്റെ ഒരു വശം പാടെ തകര്‍ന്ന നിലയിലായിരുന്നു. മറ്റുള്ളവരെയെല്ലാം ആക്രമിച്ച ശേഷമാണ് അഫാന്‍ ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. മാതാവ് ഷെമി അടക്കം കൊല്ലപ്പെട്ടെന്നായിരുന്നു അഫാന്റെ വിശ്വാസം. വീടിന്റെ പിന്‍വാതിലിലൂടെ ഉള്ളില്‍ കടന്ന് മുകളിലത്തെ സ്വന്തം മുറിയിലേക്ക് ഫര്‍സാനയെ കൂട്ടിക്കൊണ്ടു പോയാണ് കൊലപാതകം നടത്തിയത്.

പണയം വെക്കാന്‍ സ്വര്‍ണം തരാത്തതിനാണ് വല്ല്യുമ്മയെ കൊലപ്പെടുത്താന്‍ കാരണം. സാമ്പത്തിക പ്രതിസന്ധിക്കിടെ, ഫര്‍സാനയെ കല്യാണം കഴിച്ച് എങ്ങനെ ജീവിക്കുമെന്ന് പിതൃസഹോദരന്‍ ലത്തീഫ് ചോദിച്ചതാണ് അദ്ദേഹത്തെയും ഭാര്യയെയും കൊല്ലാനുള്ള കാരണമായി അഫാന്‍ പറയുന്നത്.
കൂട്ടക്കൊലയ്ക്ക് പ്രേരണയായത് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തന്നെയാണെന്ന നിഗമനത്തിലേക്കാണ് പൊലീസ് ഇപ്പോള്‍ എത്തിചേര്‍ന്നിരിക്കുന്നത്. ഒരു കടം തീര്‍ക്കാന്‍ മറ്റൊരാളില്‍ നിന്ന് കടം വാങ്ങിയാണ് അടുത്തകാലത്തായി അഫാനും കുടുംബവും ജീവിച്ചിരുന്നത്. പിതാവിന്റെ വിദേശത്തെ ബാധ്യത കൂടാതെ അഫാനും ഉമ്മയും നാട്ടില്‍ വന്‍ ബാധ്യത വരുത്തിവച്ചിരുന്നു. ഏകദേശം 65 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. കിട്ടാവുന്നവരില്‍ നിന്നെല്ലാം കടംവാങ്ങി.
അഫാന്‍ പൊലീസിന് നല്‍കിയ മൊഴിയും ഇതിനെ സാധൂകരിക്കുന്നതാണ്. അഫാന്റെ ഫോണ്‍ സംഭാഷണങ്ങളും ചാറ്റ് ഹിസ്റ്ററിയും ബാങ്ക് രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പണം കടം നല്‍കിയവരെ കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്.
ബന്ധുക്കളും നാട്ടുകാരില്‍ നിന്നുമായി 13 പേരില്‍ നിന്ന് ലക്ഷങ്ങള്‍ ഉമ്മയും മകനും കടം വാങ്ങിയിട്ടുണ്ട്. എന്നാല്‍, കുടംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അറിഞ്ഞതോടെ പലരും പണം നല്‍കാതെയായി. ദിവസവും പണം തിരികെ ആവശ്യപ്പെട്ട് വീട്ടില്‍ ആളുകളെത്തിത്തുടങ്ങിയതോടെയാണ് അഫാന്‍ അസ്വസ്ഥനായിത്തുടങ്ങിയത്.
പണമില്ലാത്തതിനാല്‍ പിതാവിന് നാട്ടിലെത്താന്‍ കഴിയാത്തതും കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ക്കു കാരണമായി. വീട്ടിലെ കാര്‍ ആദ്യം രണ്ടര ലക്ഷം രൂപക്ക് പണയംവച്ചു. തുടര്‍ന്ന് നാലു ലക്ഷം രൂപയ്ക്ക് വിറ്റു. അതില്‍ ഒരു ലക്ഷം രൂപ സൗദിയിലുള്ള പിതാവിന് അയച്ചുകൊടുത്തു. സംഭവ ദിവസം വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1400 രൂപ കടമെടുത്താണ് ഉറ്റവരെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക വാങ്ങിയത്.
വല്യുമ്മയെ കൊലപ്പെടുത്തി മോഷ്ടിച്ച മാല ഇതേ സ്ഥാപനത്തില്‍ പണയംവെച്ച് 74,000 രൂപ വാങ്ങുകയും അതില്‍ നിന്ന് 40,000 രൂപ കടക്കാരില്‍ നാലു പേര്‍ക്ക് തിരിച്ചുകൊടുക്കുകയും ചെയ്തു. അതിനിടെ മദ്യപിക്കുകയും ചെയ്തു.
പെണ്‍സുഹൃത്ത് ഫര്‍സാനയുടെ സ്വര്‍ണമാല പണയംവെച്ച വകയില്‍ 90,000 രൂപയുടെ കടബാധ്യതയുമുണ്ട്. ഫര്‍സാന ഇത് തിരികെ ചോദിച്ചതും അക്കാര്യം വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാകുമെന്നതും ഫര്‍സാനയെ കൊല്ലാന്‍ കാരണമായി. തന്റെ മരണശേഷം ഫര്‍സാനയെ എല്ലാവരും തനിച്ചാക്കുമെന്ന ആശങ്കയുണ്ടായിരുന്നതായും മൊഴി നല്‍കി.
അര്‍ബുദരോഗ ബാധിതയായ ഷെമിയുടെ ചികിത്സയ്ക്കു പോലും പണമില്ലാത്ത അവസ്ഥ വന്നതോടെ, കൂട്ട ആത്മഹത്യക്ക് കുടുംബം ആലോചിച്ചിരുന്നു. എന്നാല്‍, ഷെമിക്ക് ആത്മഹത്യ ചെയ്യാന്‍ ഭയമായിരുന്നു. തുടര്‍ന്ന്, എല്ലാവരും മരിച്ചില്ലെങ്കിലോയെന്ന് കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
അര്‍ബുദ രോഗ ബാധിതയായ ഉമ്മക്കും അനുജനും താനില്ലാതെ ജീവിക്കാനാകില്ലെന്ന് തോന്നിയതുകൊണ്ടാണ് അവരെ കൊലപ്പെടുത്തിയതെന്നും മൊഴിനല്‍കി.












Click it and Unblock the Notifications