അഫാന്റെ മൊഴി പൂര്‍ണമായി വിശ്വസിക്കാതെ പൊലീസ്; നടുക്കം മാറാതെ നാട്ടുകാര്‍
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ പൊലീസ്. പ്രതി അഫാന്റെ മൊഴി പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെയാണ് പൊലീസ് അന്വേഷണം. രാവിലെ പത്തിനും വൈകീട്ട് ആറിനുമിടയ്ക്കാണ് കൊലപാതകങ്ങള്‍ നടന്നത് എന്ന് തിരുവനന്തപുരം റൂറല്‍ എസ്പി സുദര്‍ശന്‍ പറഞ്ഞു. കൃത്യം ചെയ്ത ശേഷം അഫാന്‍ പാങ്ങോട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വിഷം കഴിച്ചതായി സംശയമുള്ളതിനാല്‍ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ പ്രതിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്നും എസ്പി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ കൊലപാതകങ്ങളെ കുറിച്ചും ആയുധങ്ങളെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ.

ഒരേ ആയുധമാണോ എല്ലാ കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ചത് എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എസ് പി വ്യക്തമാക്കി. കുടുംബത്തിന് സാമ്പത്തികബുദ്ധിമുട്ടുള്ളതായി സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ലഹരിമരുന്നിന് അടിമയായിരുന്നോ പ്രതി എന്നതിലും വ്യക്തത വരേണ്ടതുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇത് സംബന്ധിച്ച കാര്യങ്ങളില്‍ എല്ലാം വ്യക്തത വരുത്താനാകൂ.
അഫാന്റെ വെട്ടേറ്റ ഉമ്മ ഷെമി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം അഫാനുമായുള്ള ഇഷ്ടവും ബന്ധവും പെണ്‍സുഹൃത്തായ ഫര്‍സാനയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഫാന്‍ വീട്ടില്‍ വന്ന് ഫര്‍സാനയെ വിവാഹം ചെയ്ത് നല്‍കാമോയെന്ന് ചോദിച്ചിരുന്നതായി ഫര്‍സാനയുടെ സഹോദരന്‍ അമല്‍ മുഹമ്മദ് പറഞ്ഞു. വിവാഹത്തിന് തങ്ങള്‍ക്ക് സമ്മതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചല്‍ കോളേജില്‍ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഫര്‍സാന. ഇന്നലെ മൂന്നരയോടെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയത് എന്നാണ് മാതാപിതാക്കള്‍ മൊഴി നല്‍കുന്നത്. അതേസമയം അഫാന്‍ ഇത്തരത്തിലൊരു ക്രൂരത ചെയ്യുമെന്ന് വിശ്വാസിക്കാനാകാതെ നടുങ്ങിയിരിക്കുകയാണ് അയല്‍വാസികളും നാട്ടുകാരും. പൊലീസ് എത്തിയപ്പോഴാണ് കൊലപാതകവിവരം പ്രദേശവാസികള്‍ അറിയുന്നത്.
വീട് പൊളിച്ചാണ് പൊലീസ് അകത്ത് കയറുന്നത്. ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട നിലയിലായിരുന്നു. മൃതദേഹങ്ങളില്‍ മാരകമായ മുറിവുകളുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 25 കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂന്ന് വീടുകളിലെത്തിയാണ് അഫാന്‍ കൃത്യം നടത്തിയത്. സഹോദരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, പിതാവിന്റെ മാതാവ് സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെയാണ് അഫാന്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
അഫാന്റെ പിതാവ് റഹീം സൗദി അറേബ്യയിലാണ്. തനിക്ക് സൗദിയിലുള്ള സാമ്പത്തിക ബാധ്യതയല്ലാതെ മറ്റ് ബാധ്യതകളൊന്നുമില്ല എന്നാണ് റഹീം പറയുന്നത്. ഫര്‍സാനയുമായി അഫാനുള്ള ബന്ധത്തെക്കുറിച്ച് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications