വെഞ്ഞാറമൂട് കൂട്ടക്കൊല; പൊലീസിന് ഇന്ന് നിര്‍ണായകം: പ്രതിയുടെ അമ്മയുടെ മൊഴിയെടുത്തേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന. സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് ഷെമി. കൂട്ടക്കൊലപാതകങ്ങളുടെ കൃത്യമായ കാരണം ഇപ്പോഴും അവ്യക്തമായി തുടരുന്ന സാഹചര്യത്തില്‍ ഷെമിയുടെ മൊഴി കേസില്‍ നിര്‍ണായകമാകുമെന്നാണ് പൊലീസിന്റെ അനുമാനം.
അഞ്ചു പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റു ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ അമ്മ ഷെമിക്കാണ് സുപ്രധാന വിവരങ്ങള്‍ കൈമാറാനാകുക. ഇവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് ഇന്ന് മൊഴി എടുക്കുന്നത്.

കഴിഞ്ഞ ദിവസം ഷെമിയില്‍ നിന്ന് മൊഴിയെടുക്കാന്‍ പൊലീസ് ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും മയക്കത്തിലായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. മൂത്ത മകന്റെ ക്രൂരമായ ആക്രമണത്തില്‍ ഷെമിയുടെ തലയ്ക്കാണ് ഗുരുതരമായ പരിക്കേറ്റത്. തലയില്‍ 13 തുന്നലാണുള്ളത്. ഇതുകൂടാതെ ഷെമി അര്‍ബുദ ബാധിതയും കൂടിയാണ്.
അതേസമയം, ഇളയ മകന്‍ അടക്കമുള്ള അടുത്ത ബന്ധുക്കള്‍ കൊല്ലപ്പെട്ടത് ഷെമി അറിഞ്ഞിട്ടില്ല. ഇളയ മകനെക്കുറിച്ച് ഷെമി നിരന്തരം ചോദിക്കുന്നുണ്ട്.
വെഞ്ഞാറമൂട് അഞ്ചു പേരുടെ കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചത് സാമ്പത്തിക പ്രതിസന്ധി എന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ് എത്തിച്ചേരുന്നത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് ലഭിക്കുന്നത്. ലക്ഷങ്ങളുടെ കടമാണ് അഫാന്റെ കുടുംബത്തിനുണ്ടായിരുന്നത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതായപ്പോഴാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കിയത്. അമ്മയുടെ ചികിത്സയ്ക്കും വന്‍ തുക ചെലവഴിച്ചിരുന്നു.
കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന രണ്ടു പേര്‍ മാത്രമാണ് ഇനി പൊലീസിന് മുന്നിലുള്ളത്. പ്രതി അഫാനും മാതാവ് ഷെമിയുമാണത്. അതില്‍ അമ്മയുടെ മൊഴി രേഖപ്പെടുത്തുക എന്നതാണ് പോലീസിനു മുന്നിലുള്ള ഏറ്റവും നിര്‍ണായകമായ നീക്കം.
13 വയസുകാരനായ സഹോദരന്‍ അഹ്‌സാന്‍, മുത്തശ്ശി സല്‍മാബീവി, പിതാവിന്റെ സഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ഭാര്യ സജിതാബീവി, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരാണ് അഫാന്റെ കൊടുംക്രൂരതയ്ക്ക് ഇരയായി മരണത്തിനു കീഴടങ്ങിയത്.












Click it and Unblock the Notifications