വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച സ്ത്രീ ഉൾപ്പെടെ ഏഴ് പേരാണ് ഇതിനകം കേസിൽ അറസ്റ്റിലായിട്ടുള്ളത്. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച തിരുവനന്തപുരം മദപുരം സ്വദേശിനി പ്രീജയാണ് ഏറ്റവും ഒടുവിൽ അറസ്റ്റിലായിട്ടുള്ളത്. കേസിലെ മുഖ്യപ്രതികളായ സനൽ ഷജിത്ത് എന്നിവർ പിടിയിലായത് പ്രീജയുടെ വീട്ടിൽ വെച്ചായിരുന്നു. പ്രീജയുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴിലേക്ക് ഉയർന്നിട്ടുണ്ട്.
വെഞ്ഞാറമൂട്ടിലെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവർ ഉൾപ്പെടെ ഒമ്പത് പേർ ഇതിനകം തന്നെ പോലീസ് പിടിയിലാവുകയും ചെയ്തിട്ടുണ്ട്. അൻസാർ, ഉണ്ണി, സനൽ, സജീവ് എന്നിവർക്കാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളത്. കൊല്ലല്ലെപ്പട്ട ഹഖിനെയും മിഥിലാജിനെയും വെട്ടിയത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതേ സമയം കേസുമായി ബന്ധപ്പെട്ട് രണ്ട് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്താനുണ്ട്. കേസിലെ പ്രതികളിൽ നാല് പേരെയാണ് കോടതി ഇന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുള്ളത്. ഷജിത്ത്, അജിത്ത്, നജീബ്, സതിമോൻ എന്നിവരെയാണ് റിമാൻഡിലുള്ളത്. കുറ്റകൃത്യത്തിന് ശേഷം പ്രതികൾക്ക് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി വാഹനം ഏർപ്പാടാക്കിയത് ഇവരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ വിരോധവും മുൻവൈരാഗ്യവുമാണ് വെഞ്ഞാമൂട് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചിട്ടുള്ളതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകം സംബന്ധിച്ച ഗൂഢാലോചന തിരുവനന്തപുരത്തെ പുല്ലംപാറ മുത്തിക്കാവിലെ ഫാംഹൌസിൽ വെച്ചാണ് നടന്നിട്ടുള്ളതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം പാർലമെന്റ് തിരഞ്ഞെടുപ്പിനിടെ കൊല്ലപ്പെട്ട രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതികളും തമ്മിൽ തേമ്പാമൂട് എന്ന സ്ഥലത്ത് വെച്ച് സംഘർഷവും ഉണ്ടായിട്ടുണ്ട്. ഏപ്രിൽ നാലിന് ഷഹീനെ പ്രതികൾ ആക്രമിക്കുകയും ചെയ്തിരുന്നുവെന്നും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ അജിത്ത്, ഷജിത്ത്, സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്ന് ആക്രമണം നടന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ഷഹീന് നേരെ വധശ്രമമുണ്ടായതിന് പിന്നാലെ മെയ് 25ന് ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസലിന് നേരെയും ആക്രമണമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെയായിരുന്നു വധശ്രമമുണ്ടായത്. ഈ കേസിൽ പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ വൈരാഗ്യമാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇവർക്ക് പുറമേ കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും കണ്ടാലറിയാലുന്ന ചിലരും വെഞ്ഞാറമൂട് കൊലപാതകക്കേസിന്റെ ഗൂഢാലോചനയിൽ പങ്കാളിയായിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications