വെന്റിലേറ്റര്‍ ചലഞ്ച്; എന്തുകൊണ്ട് കേരളത്തില്‍ നിര്‍മിച്ചുകൂടാ... നടപടികള്‍ പുരോഗമിക്കുന്നു
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ വേളയില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിന് വേണ്ടി അഹോരാത്രം ശ്രമിക്കുന്നുമുണ്ട്. ആവശ്യമുള്ള വെന്റിലേറ്ററുകള്‍ എന്തുകൊണ്ട് സ്വന്തമായി നിര്‍മിച്ചുകൂടാ എന്ന ചിന്തയുടെ ഫലമായി പുതിയ ചില സംരഭങ്ങള്‍ക്ക് കേരളം സാക്ഷിയാകാന്‍ പോകുന്നു. ഇതിന് കാരണമായ സംഭവങ്ങള്‍ വിശദീകരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ....

ഇന്ന് രാഷ്ട്രം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്ന് വെന്റിലേറ്ററുകളുടെ ക്ഷാമം ആണ്. മഹീന്ദ്ര തങ്ങളുടെ കാര്‍ ഫാക്ടറിയില്‍ വെന്റിലേറ്റര്‍ ഉണ്ടാക്കിയത് വലിയ വാര്‍ത്ത ആയിരുന്നു. നമ്മുടെ എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികള്‍ക്കും ഇത് ചെയ്യാന്‍ കഴിയും. കേരള ടെക്‌നിക്കല്‍ യൂണിവേഴ്സിറ്റി ഒരു വെന്റിലേറ്റര്‍ ചലഞ്ച് നടത്തി. അവരില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ വന്നതില്‍ ഒരു കൂട്ടര്‍ ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിംഗ് കോളേജിലെ അനന്തകൃഷ്ണനും കൂട്ടരും ആയിരുന്നു. ചേര്‍ത്തല കൊക്കോതമംഗലത്ത് നിന്നാണ്. മെക്കാനിക്കല്‍ എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥികള്‍. അനന്തകൃഷ്ണന് ഒപ്പം വിഥുന്‍ ലാല്‍, സുബിന്‍ കെ ജോണ്‍,കിരണ്‍ രാജേന്ദ്രന്‍, അഭിമന്യു എസ് എന്നിവരാണ് ടീമംഗങ്ങള്‍.
കെ എസ് ഡി പിയില്‍ റിവ്യൂ മീറ്റിങ്ങിന് ചെന്നപ്പോള്‍ തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതിസ് ഈ കുട്ടികളുമായി കാണാന്‍ എത്തി. മന്ത്രി ടി പി രാമകൃഷ്ണനും വന്നിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കി കൊണ്ട് വന്ന പ്രോട്ടോടൈപ്പ് പ്രവര്‍ത്തിപ്പിച്ചു കണ്ടു. വെന്റിലേറ്റര്‍ വെറും മെക്കാനിക്കല്‍ ഡിവൈസ് അല്ല. രോഗിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ മോണിറ്റര്‍ ചെയ്തു അതിനു അനുസരിച്ചു വേണം പ്രവര്‍ത്തിക്കാന്‍. അതൊക്കെ പറഞ്ഞു കൊടുക്കാന്‍ ഒരു ഡോക്ടര്‍ കൂടി വേണം , ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിലെ ഡോക്ടര്‍ അനീഷും എത്തിയിരുന്നു. ഇതിനൊപ്പം ആരോഗ്യ സംബന്ധിയായ സെന്‍സറുകളും അതിനൊയൊക്കെ ഉപയോഗപ്പെടുത്തുന്ന ഒരു സോഫ്ട്‌വെയറും ഒക്കെ കൂടിയാലേ പ്രോട്ടോടൈപ്പ് പൂര്‍ണ്ണമാകൂ.
വെന്റിലേറ്റര്‍ പ്രോട്ടോടൈപ്പ് പൂര്‍ത്തിയാക്കാന്‍ കെ എഫ് സിയില്‍ നിന്നും ധനസഹായം ലഭ്യമാക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് കെ എസ് ഡി പി ചെയര്‍മാന്‍ ചന്ദ്രബാബുവിന് ഒരു ബള്‍ബ് കത്തിയത്. എന്ത് കൊണ്ട് കെ എസ് ഡി പിക്ക് ഒരു മെഡിക്കല്‍ ഡിവൈസ് ഡിവിഷന്‍ തുടങ്ങി കൂടാ? കെ ടി യു വിന്റെ വെന്റിലേറ്റര്‍ ചലഞ്ച് മൂല്യനിര്‍ണ്ണയം നടത്തിയതില്‍ ഒരാള്‍ ശ്രീചിത്ര ആശുപത്രിയിലെ ഡോ. മുരളി ആയിരുന്നു. അദ്ദേഹത്തെ തന്നെ ഇങ്ങോട്ടു വിളിക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച ഞങ്ങള്‍ ശ്രീചിത്ര ആശുപത്രിയിലേക്ക് പോകുകയാണ്. ഇതിന്റെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍...












Click it and Unblock the Notifications