കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂർ വെറ്റിനറി സർവ്വകലാശാലയിലെ സീറ്റുകള്‍ കുറച്ചു; കാരണം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത

  • By Desk
Google Oneindia Malayalam News

തൃശൂർ; വെറ്ററിനറി സര്‍വകലാശാലയില്‍ ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി കോഴ്‌സിന്റെ സീറ്റുകള്‍ 160 ആക്കി കുറയ്ക്കാന്‍ തീരുമാനിച്ചു. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കര്‍ശനനിലപാടിനെ തുടര്‍ന്നാണു നൂറു സീറ്റുകള്‍ വെട്ടിക്കുറച്ചത്. ഇതോടെ പഠനനിലവാരം കൂടുമെന്ന് വിദ്യാര്‍ഥികള്‍.

മുന്‍വര്‍ഷങ്ങളില്‍ സീറ്റുകള്‍ അമിതമായി വര്‍ധിപ്പിച്ചതിന് എതിരേ സമരം നടന്നിരുന്നു. പഠിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയുള്ള സീറ്റുവര്‍ധനയ്ക്ക് എതിരേ വിദ്യാര്‍ഥികള്‍ കോടതിയെയും സമീപിച്ചു. തുടര്‍ന്നാണ് ഈ വര്‍ഷം 260 ല്‍ നിന്നു സീറ്റുകള്‍ കുറയ്ക്കാനുള്ള തീരുമാനം. അഞ്ചുവര്‍ഷ ഡിഗ്രി കോഴ്‌സായ ഇതിലെ സീറ്റുകള്‍ കുറയ്ക്കാതെ മുന്നോട്ടുപോകാനാകില്ലെന്നു വ്യക്തമായതോടെയാണ് സീറ്റുകള്‍ കുറയ്ക്കാനുള്ള തീരുമാനമെന്ന് വെറ്ററിനറി സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.

veterinary college

അതേസമയം നേരത്തെ വര്‍ധിപ്പിച്ച സീറ്റുകള്‍ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. സീറ്റുകള്‍ കുറച്ചില്ലെങ്കില്‍ കോളജുകളുടെ അംഗീകാരം നഷ്ടമാകുമെന്ന് പരിശോധനാറിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതും പെട്ടെന്ന് നടപടിയെടുക്കാന്‍ പ്രേരണയായി. ലാബ്, ഹോസ്റ്റല്‍ സൗകര്യം, ക്ലാസ് മുറികള്‍ എന്നിവയുടെ അപര്യാപ്തതയാണ് സീറ്റുകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനു പുറകില്‍.

ഇന്ത്യന്‍ വെറ്ററിനറി കൗണ്‍സില്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സീറ്റുകള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതിനെ എസ്.എഫ്.ഐ സ്വാഗതം ചെയ്തു. മണ്ണുത്തി, പൂക്കോട് കാമ്പസുകളില്‍ സീറ്റുവര്‍ധന നിലവിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് അനുസൃതമല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

വയനാട് പൂക്കോട് 120, മണ്ണുത്തിയില്‍ 140 ക്രമത്തിലാണു സീറ്റുകളുണ്ടായിരുന്നത്. ഓരോ കോളജിലും 80 കുട്ടികളെ വീതം പ്രവേശിപ്പിക്കാനാണ് വെറ്ററിനറി കൗണ്‍സിലും കേന്ദ്രസര്‍ക്കാരും നിര്‍ദേശിച്ചത്. പൂക്കോട് പുതിയ കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ നേരത്തെ നാലുകോടി രൂപ അനുവദിച്ചിരുന്നു. തുടര്‍ നടപടികളുണ്ടാകാതിരുന്നതിനാല്‍ അതു സര്‍ക്കാരിലേക്കു തിരിച്ചടച്ചു.

മുന്‍ വി.സി: ഡോ.ബി.അശോകിന്റെ കാലത്താണ് വേണ്ടത്ര കൂടിയാലോചന നടത്താതെ സീറ്റുവര്‍ധന നിലവില്‍ വന്നത്. അതിനെതിരേ വിദ്യാര്‍ഥികളുടെ നീണ്ട സമരവും നടന്നു.

English summary
veterinary seats in thrissur veterinary university cut down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X