'റിയല്‍ കേരള സ്റ്റോറി'; കരിപ്പൂര്‍ വിമാനാപകടം: കൊണ്ടോട്ടിക്കാര്‍ക്ക് നഷ്ടപരിഹാരത്തിലെ പങ്ക് മാറ്റിവച്ച് ഇരകള്‍
കൊണ്ടോട്ടി: രാജ്യം തന്നെ ഞെട്ടിപ്പോയ കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഇന്ന് മൂന്ന് വര്‍ഷം. 2020 ആഗസ്റ്റ് ഏഴിന് ആണ് കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടത്. കൊവിഡിന്റെ മൂര്‍ധന്യാവസ്ഥയില്‍ ക്വാറന്റീനും സാമൂഹിക അകലം പാലിച്ചും നിന്നിരുന്ന കൊണ്ടോട്ടിക്കാര്‍ തെല്ലുമാലോചിക്കാതെ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയത് ദുരന്തത്തിന്റെ വ്യാപ്തി കുറക്കാന്‍ സഹായിച്ചിരുന്നു.
അതീവസുരക്ഷാ മേഖലയായ വിമാനത്താവളത്തിന് പുറത്ത് സ്വന്തം വാഹനവുമായി രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയവരാണ് കൊണ്ടോട്ടിക്കാര്‍. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ രക്ഷകര്‍ക്ക് പ്രതിഫലം നല്‍കുകയാണ് അപകടത്തില്‍ ഇരയായവര്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളും പരിക്കേറ്റ് ജീവിതത്തിലേക്ക് തിരിച്ചുവന്നവരുമെല്ലാം ചേര്‍ന്ന് കൊണ്ടോട്ടി ചിറയില്‍ ചുങ്കം കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയൊരു കെട്ടിടം പണിയുകയാണ് എന്ന് ദി ഫോര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളും അപകടത്തില്‍ പരിക്കേറ്റവരും ഉള്‍പ്പെടുന്ന ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തിലാണ് കെട്ടിട നിര്‍മാണം നടക്കുന്നത്. വിമാന ദുരന്തത്തിന് രണ്ട് വര്‍ഷം പൂര്‍ത്തിയാവുമ്പോഴായിരുന്നു കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം പണിയണം എന്ന ആശയമുദിച്ചത്. അപകടത്തില്‍ ഇരയായവര്‍ക്ക് ലഭിച്ച തുകയില്‍ നിന്നുള്ള വിഹിതമാണ് കെട്ടിട നിര്‍മാണത്തിന് നല്‍കുന്നത്.
35 ലക്ഷം രൂപയാണ് കെട്ടിടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ പ്രവൃത്തി ആറ് മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. ലാബ്, ഒപി, രോഗികള്‍ക്കുള്ള ഇരിപ്പിട സൗകര്യം, ഫാര്‍മസി എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ കെട്ടിടം. ദുരന്ത സമയത്ത് അനുഭവിച്ച ആശുപത്രി അസൗകര്യങ്ങള്‍ക്ക് പരിഹാരവും ഒപ്പം കൊണ്ടോട്ടിയിലെ രക്ഷാപ്രവര്‍ത്തകരോടുള്ള ആദരവുമായിരിക്കും പുതിയ കെട്ടിടം.
2020 ഓഗസ്റ്റ് ഏഴിന് രാത്രിയിലാണ് 184 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടത്. പൈലറ്റിന്റെ അശ്രദ്ധ കാരണം റണ്‍വേ തെറ്റി വിമാനം താഴേക്ക് വീഴുകയായിരുന്നു. 300 മീറ്റര്‍ മാത്രം അകലെയുള്ള ചിറയില്‍ ചുങ്കം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും കൊണ്ടുപോയത്.
21 പേരാണ് അപകടത്തില്‍ മരിച്ചത്. 72 പേരുടെ പരിക്ക് ഗുരുതരമായിരുന്നു. അതേസമയം ആഘാതം, തുടര്‍ചികിത്സ, ആശ്രിതരുടെ അവസ്ഥ എന്നിവയെല്ലാം പരിഗണിച്ച് 12 ലക്ഷം മുതല്‍, 7.2 കോടിവരെയാണ് പരിക്കേറ്റവര്‍ക്കും മരിച്ചവര്‍ക്കുമായി നഷ്ടപരിഹാരം നല്‍കിയിരുന്നത്. എയര്‍ ഇന്ത്യ പ്രഖ്യാപിച്ചതില്‍ ഏറ്റവും വലിയ നഷ്ടപരിഹാരതുകയായിരുന്നു ഇത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച 10 ലക്ഷം രൂപ ഇതുവരെ നല്‍കിയിട്ടില്ല.












Click it and Unblock the Notifications