സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിവെച്ചത് കേരളത്തിലെ ജനങ്ങളുടെ വിജയം: കേന്ദ്രമന്ത്രി വി മുരളീധരന്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടല്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് കേരളത്തിലെ ജനങ്ങളുടെ വലിയ വിജയം ആണ് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ജനകീയ പ്രതിരോധത്തിന് മുന്നില്‍ പിണറായി വിജയന് തോല്‍വി സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിക്ക് അനുമതി നല്‍കില്ല എന്ന വ്യക്തമായതും ഈ തീരുമാനത്തിന് പിന്നിലുണ്ട് എന്ന് അദ്ദേഹം പറഞ്ഞു . തൃക്കാക്കരയില്‍ വന്‍ തിരിച്ചടി നേരിടുമെന്ന് ബോധ്യമായതിനാലാണ് തിടുക്കത്തില്‍ തീരുമാനമെടുത്തതെന്നും മുരളീധരന്‍ പറഞ്ഞു.

ഇത്രയും നാള്‍ പൗര പ്രമുഖരെ മാത്രം കണ്ട് അവരുമായി ആശയവിനിമയം നടത്തിയിരുന്ന മുഖ്യമന്ത്രി, വോട്ടുതേടി ജനങ്ങളുടെ ഇടയില്‍ നേരിട്ട് ഇറങ്ങിയപ്പോളാണ് ജനങ്ങളുടെ എതിര്‍പ്പിന്റെ ആധിക്യം മനസിലായത്. എന്നാല്‍ സര്‍ക്കാരിന്റെ കീഴടങ്ങല്‍ കൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല എന്നും സില്‍വര്‍ ലൈന്‍ സമരത്തില്‍ പോലീസിന്റെയും സിപിഎം ഗുണ്ടകളുടെയും മര്‍ദ്ദനത്തില്‍ പരിക്കേറ്റ മുഴുവനാളുകള്‍ക്കും നഷ്ടപരിഹാരം നല്‍കണം എന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സമരത്തില്‍ പങ്കെടുത്ത ആളുകള്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണം.
പദ്ധതി ഉപേക്ഷിക്കുന്നതുവരെ ജനങ്ങളുടെ കൂടെ ബിജെപി അണിനിരക്കും. അധികം വൈകാതെ ഈ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുന്നതിനും കേരളം സാക്ഷ്യം വഹിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു .
അതേസമയം, വിഷയത്തില്‍ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. സില്‍വര്‍ലൈന്‍ കല്ലിടല്‍ നിര്‍ത്തിവെക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ജനവികാരത്തിന് മുമ്പില്‍ മുട്ടു മടക്കിയത് കൊണ്ടാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സില്‍വര്‍ലൈന്‍ യാഥാര്‍ത്ഥ്യമാവില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് ഉറപ്പായിരുന്നു. ചെയ്തുപോയ തെറ്റുകള്‍ക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയുകയും പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാവുകയും ചെയ്യണം. സില്‍വര്‍ലൈന്‍ വിഷയം ഉയര്‍ത്തി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ പിണറായി വിജയന് നേരം വെളുക്കുമ്പോഴേക്കും ബോധോദയമുണ്ടായത് നല്ല കാര്യമാണ്. സില്‍വര്‍ലൈനിനെതിരാണ് ജനവികാരമെന്ന് വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകളിലെത്തിയ മന്ത്രിമാര്‍ക്ക് ബോധ്യമായതായും സുരേന്ദ്രന്‍ പറഞ്ഞു.
പിടിവാശി ഒഴിവാക്കി ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. വികസനമെന്നത് ജനഹിതത്തിന് വേണ്ടിയാവണം. അല്ലാതെ പിണറായി കരുതും പോലെ കമ്മീഷന്‍ അടിക്കാനാവരുത്. കേരളത്തെ കടക്കെണിയിലാക്കി കമ്മീഷനടിക്കാന്‍ ആരെയും കേന്ദ്രത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിക്കില്ല. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സില്‍വര്‍ലൈനിന്റെ പേരില്‍ പൊലീസ് അതിക്രമത്തിന് ഇരയായത്. ഇവര്‍ക്ക് നീതി ലഭിക്കണം. ജനങ്ങളുടെ ആശങ്ക ഒഴിയും വരെയും ബിജെപി സമരരംഗത്തുണ്ടാകുമെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.












Click it and Unblock the Notifications