നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ബിജു പൗലോസിന്റെ കയ്യിലുണ്ട്, ദുരുപയോഗപ്പെടുത്താന്‍ സാധ്യത; കോടതിയില്‍ ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബിജു പൗലോസിന്റെ കയ്യിലുണ്ടെന്ന് നടന്‍ ദിലീപ് കോടതിയെ അറിയിച്ചു. ഇന്നലെ ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണക്കമ്പനിയില്‍ ഈ ദൃശ്യങ്ങള്‍ എത്തിയോ എന്ന് പരിശോധിക്കാന്‍ എത്തിയതും ഡി വൈ എസ് പി ബിജു പൗലോസാണ്. ഈ ദൃശ്യങ്ങള്‍ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളില്‍ എത്താനും സാധ്യതയുണ്ടെന്നും, അതിനാല്‍ ഉടന്‍ ഇത് കോടതിക്ക് കൈമാറാന്‍ ഡി വൈ എസ് പി ബിജു പൗലോസിനോട് നിര്‍ദേശിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

വിചാരണ കോടതിയിലാണ് ദിലീപ് ഇപ്പോള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്ന കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ദിലീപ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ദിലീപിന്റെ ഇപ്പോഴത്തെ ഹര്‍ജി നീക്കത്തിന് പിന്നില്‍ എന്താണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് .
ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ് ഉന്നയിക്കുന്ന വാദം. അപായപ്പെടുത്താന്‍ ഗൂഢാലോചനയെന്ന കേസ് പൊലീസിന്റെ കള്ളക്കഥ ആണെന്നും മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ വ്യക്തമാക്കുന്നു . ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ് , സഹോദരി ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട് .
കേസിലെ പ്രാസിക്യൂഷന്‍ സാക്ഷികള്‍ ദുര്‍ബലമായ സാഹചര്യത്തിലാണ് ഈ നടപടി ഉണ്ടായതെന്നാണ് ദിലീപ് ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാന വാദം. എന്നാല്‍ മുന്‍കൂര്‍ ജാമ്യേപേക്ഷ കോടതി തള്ളിയാല്‍ ദിലീപിന്റെ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മറിച്ചാണെങ്കില്‍ ദിലീപിന് താല്‍ക്കാലിക ആശ്വാസമാവും.
അതേസമയം, ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ഉള്‍പ്പെടെ 3 ഇടങ്ങളില്‍ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയത് . രാവിലെ 11.50 ഓടെയായിരുന്നു അന്വേഷണ സംഘം എത്തിയത്. ഏകദേശം 7 മണിക്കൂറോളമായിരുന്നു ദിലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തിയത്. ദിലീപിന്റെ കൈവശം തോക്കുണ്ടെന്നും ദിലീപ് തോക്ക് ചൂണ്ടി സംസാരിച്ചെന്നുമുള്ള സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു റെയ്ഡ് .












Click it and Unblock the Notifications