ഇന്ന് വിജയദശമി; അറിവിന്‍റെ അക്ഷരമുറ്റത്തേക്ക് പതിനായിരങ്ങള്‍!! ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
കോഴിക്കോട്: വിജയദശമിയായ ഇന്ന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യാക്ഷരം കുറിക്കും. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭത്തിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിരുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിലും ഭാഷാപിതാവിന്‍റെ നാടായ തിരൂര്‍ തുഞ്ചന്‍ പറമ്പിലും വലിയ തിരക്കാണ് പുലര്‍ച്ചെ മുതല്‍ അനുഭവപ്പെടുന്നത്.

കൊല്ലൂരില്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നോട് കൂടി തന്നെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങിയിരുന്നു.5000 ത്തോളം കുട്ടികളാണ് ഇവിടെ ആദ്യാക്ഷരം കുറിക്കാന്‍ എത്തിയിരിക്കുന്നത്. നാവില്‍ സ്വര്‍ണമോതിരം കൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍ കൊണ്ടും ഹരിശ്രീ എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് കടന്നു.
തുഞ്ചന്‍ പറമ്പിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരാണ് കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കുന്നത്.കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍ സരസ്വതി നടയ്ക്ക് പ്രത്യേക എഴുത്തിനിരുത്തല്‍ മണ്ഡലം തയ്യാറാക്കിയിട്ടുണ്ട്.
ചോറ്റാനിക്കരയിലും പറവൂര്‍ ദക്ഷിണ മൂകാംബികയും വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്തീയ ദേവാലയങ്ങളില്‍ ഉള്‍പ്പെടെ വിവിധ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.












Click it and Unblock the Notifications