ആദ്യാക്ഷരം കുറിക്കാനൊരുങ്ങി കുരുന്നുകള്‍; വിജയദശമി-വിദ്യാരംഭ ആശംസകള്‍ നേരാം, അറിയാം ഐതിഹ്യം
അസുരശക്തിക്കും അധര്‍മ്മത്തിനും മേല്‍ ധര്‍മം വിജയിച്ചതിന്റെ പ്രതീകമായി രാജ്യം വിജയദശമി ആഘോഷത്തിലേക്ക് കടക്കുകയാണ്. അസുര ചക്രവര്‍ത്തിയായ മഹിഷാസുരനെ വധിച്ച് ദേവി വിജയം നേടിയ ദിനമാണ് വിജയ ദശമിയായി ആഘോഷിക്കുന്നത്. വിജയദശമിയുമായി ബന്ധപ്പെട്ട് മറ്റ് ചില ഐതിഹ്യങ്ങളും നിലവിലുണ്ട്. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ച് ധര്‍മ്മ വിജയം നേടി തിരിച്ചെത്തിയ സുദിനമായി കാണുന്നതാണ് ഇതില്‍ ഒന്ന്.
മറ്റൊന്ന് മഹാഭാരതവുമായി ബന്ധപ്പെട്ടുള്ളതാണ്. പാണ്ഡവര്‍ അജ്ഞാതവാസക്കാലത്ത് ആയുധങ്ങള്‍ ശമീവൃക്ഷ ചുവട്ടിലാണ് സൂക്ഷിച്ചിരുന്നത്. അജ്ഞാത വാസം പൂര്‍ത്തിയായതിന് ശേഷം ശ്രീകൃഷ്ണന്‍ പറഞ്ഞത് പ്രകാരം ആയുധങ്ങള്‍ തിരിച്ചെടുത്തു. ഇതിന് ശേഷം ധര്‍മ്മ യുദ്ധത്തിനായുള്ള പുറപ്പാടിന്റെ ദിനമാണ് വിജയദശമി എന്നും പറയപ്പെടുന്നു. ഏതായാലും അന്തിമമായി അധര്‍മ്മം പരാജയപ്പെടുകയും ധര്‍മ്മം വിജയിക്കുകയും ചെയ്യും എന്നാണ് മൂന്ന് ഐതിഹ്യങ്ങളും പറഞ്ഞ് വെക്കുന്നത്.

മഹിഷാസുര വധവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. ദേവിയുടെ മൂന്ന് ഭാവങ്ങളാണ് ഈ മൂന്ന് ദിവസങ്ങളില്‍ ആരാധിക്കപ്പെടുന്നത്. ദുര്‍ഗാഷ്ടമി ദിനത്തില്‍ ദേവിയെ ദുര്‍ഗയായും മഹാനവമി ദിനത്തില്‍ ലക്ഷ്മിയായും വിജയദശമി ദിനത്തില്‍ സരസ്വതിയായും സങ്കല്‍പ്പിച്ചുള്ള പൂജകളാണ് നടക്കുക
വിദ്യയുടെ ദേവിയായ സരസ്വതിയെ ആരാധിക്കുന്നതിനാല്‍ വിജയ ദശമി ദിവസത്തില്‍ തന്നെയാണ് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നതും. സംസ്ഥാനത്തും വിജയ ദശമിയോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. നവരാത്രിയോട് അനുബന്ധിച്ച വിശേഷ ചടങ്ങുകള്‍ക്കും ദേവീ പൂജകള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി എല്ലാ ക്ഷേത്രങ്ങളും സജീവമായി തന്നെ നേരത്തെ ഒരുങ്ങിയിരുന്നു.
ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും പുസ്തകങ്ങള്‍ പൂജക്ക് വെച്ചിട്ടുണ്ട്. മഹാനവമി ദിനമായ ഇന്ന് ആയുധങ്ങളും പൂജയ്ക്ക് വെക്കും. വിജയദശമി ദിനത്തിലെ സരസ്വതി പൂജയ്ക്ക് ശേഷമാണ് പൂജയെടുപ്പ്. തുടര്‍ന്നായിരിക്കും കുരുന്നുകള്‍ നാവില്‍ ഹരിശ്രീ കുറിച്ച്‌വിദ്യാരംഭത്തിനിരിക്കുക. വിദ്യാരംഭത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പതിവ് പോലെ ഇത്തവണയും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകള്‍ക്കും വിദ്യാരംഭാശംസകള്‍
ഹരിശ്രീ ഗണപതയേ നമ:
സരസ്വതിദേവിയുടെ സര്‍വ്വൈശ്വര്യവും നിങ്ങളുടെ മുന്നോട്ടുള്ള യാത്രകള്‍ക്ക് ബലമാകട്ടെ
നല്ലത് വായിക്കാനും എഴുതാനും പറയാനും ദേവി അനുഗ്രഹിക്കട്ടെ
ഉള്ളിലെ ഇരുട്ടിനെ അറിവിന്റെ വെളിച്ചം കൊണ്ട് ഇല്ലാതാക്കാനാകട്ടെ
മനസില്‍ ജ്ഞാന പ്രകാശം നിറയ്ക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ-വിജയദശമി ആശംസകള്‍












Click it and Unblock the Notifications