യൂസഫലിയുടെ വിമാനത്തില്‍ കണ്ട കാഴ്ച; വിശ്വസിക്കാനായില്ല; ലുലുവിന്റെ വിജയ രഹസ്യം അതാണ്: സന്തോഷ് ജോർജ് കുളങ്ങര
എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റേയും വിജയ രഹസം പറഞ്ഞ് പ്രമുഖ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര. തനിക്കുണ്ടായ വ്യക്തിപരമായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോട്ടയം ലുലു മാളിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സന്തോഷ് ജോർജ് കുളങ്ങര.
'യൂസഫലി സർ എങ്ങനെയാണ് ലുലു എന്ന വലിയൊരു സാമ്രാജ്യം സൃഷ്ടിച്ചത്? എന്താണ് അദ്ദേഹത്തിന്റെ ബിസിനസ് ട്രിക്ക് എന്ന് അറിയാന്‍ എല്ലാവർക്കും താല്‍പര്യമുണ്ടാകും. അത് ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടില്ല. യൂസഫലി സാറെ ഞാന്‍ ആദ്യമായി കാണുന്നത് വളരെ വ്യത്യസ്തമായ ഒരു സ്ഥലത്ത് വെച്ചാണ്. കോവിഡ് കാലത്ത് കുറച്ച് കൂടുതല്‍ പ്രശ്നമുള്ള ഒരു അസുഖം ബാധിച്ച് ആശുപത്രിയിലായി. ' സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.

എറണാകുളത്ത ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഞാന്‍ കിടന്നത്. ഐ സി യുവിലാണ്, നല്ല ടെന്‍ഷനുണ്ട്. കോവിഡ് കാലമായതിനാല്‍ അധികം യാത്ര ചെയ്യാനോ ആളുകള്‍ക്ക് ആശുപത്രിയിലേക്ക് വരാനോ സാധിക്കില്ല. ഒരു ദിവസം ഒരു വിളികേട്ട് ഞാന്‍ വാതില്‍ തുറക്കുമ്പോള്‍ ഐ സി യുവിന്റെ പുറത്ത് യൂസഫലി സർ നില്‍ക്കുന്നു. മാസ്ക് കെട്ടി, പിപിഇ കിറ്റൊക്കെ ധരിച്ചാണ് അദ്ദേഹം വന്നത്. സുഖമാണോ? എങ്ങനെയൊക്കെ എന്ന് അന്വേഷിച്ചു. അതായിരുന്നു ആദ്യത്തെ കണ്ടുമുട്ടല്‍.
പിന്നീട് ഏതാനും മാസങ്ങള്‍ കഴിഞ്ഞ് മറ്റൊരു വേദിയില്‍ ഞങ്ങള്‍ ഒരുമിച്ച് കണ്ടപ്പോഴും അദ്ദേഹം വന്ന് ആരോഗ്യ സ്ഥിതിയൊക്കെ എങ്ങനെയുണ്ടെന്ന് ചോദിച്ചു. അദ്ദേഹവുമായി ബിസിനസ്പരമായോ അല്ലാതെയോ യാതൊരു ബന്ധവുമില്ലാത്ത സാധാരണ ജീവിതം നയിക്കുന്ന എന്റെ അടുത്ത് വന്നാണ് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നത്.
അസുഖമൊക്കെ ഭേദമായ സ്ഥിതിക്ക് ഇനി അബുദാബിയില്‍ വരുമ്പോള്‍ ഒന്ന് കാണണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ഒരിക്കല്‍ അബുദാബി ഓഫീസില്‍ പോയി അദ്ദേഹത്തെ കണ്ടു. അപ്പോള്‍ അദ്ദേഹം അവിടുത്തെ മുതിർന്ന ജീവനക്കാരെയൊക്കെ കൂട്ടി എങ്ങനെയാണ് ലുലു ഗ്രൂപ്പിന്റെ ഇത്രയധികം സ്ഥാപനങ്ങള്‍ അബുദാബിയിലെ ആസ്ഥാനത്ത് ഇരുന്ന് പ്രവർത്തിപ്പിക്കുന്നതെന്ന് കാണിച്ച് തന്നെന്നും അദ്ദേഹം വ്യക്തമാക്കി.
അവിടെ വെച്ച് അധികം സംസാരിക്കാന്‍ സമയം ഇല്ലാത്തതിനാല്‍ ഷാർജയിലേക്ക് പോകുന്ന അദ്ദേഹത്തിന്റെ വിമാനത്തില്‍ കയറിയായിരുന്നു തുടർന്നുള്ള സംസാരം. ഏത് യാത്രക്ക് മുമ്പും അദ്ദേഹത്തിന് ഒരു പ്രാർത്ഥനയുണ്ട്. തുടർന്ന് അദ്ദേഹം സംസാരം തുടരുകയും ഞാന്‍ വീഡിയോ എടുക്കുകയും ചെയ്തു. പിന്നീട് ഭക്ഷണം കഴിക്കാനായി ചെന്നപ്പോള്‍ ആ വിമാനത്തില്‍ അദ്ദേഹം ഒരുക്കി വെച്ചിരിക്കുന്നത് ഒന്നാന്തരം പഴം പൊരി, വട, കൊഴുക്കട്ട, ഇലയട എന്നിവയൊക്കെയാണ്, വിശ്വസിക്കാനായില്ല.
സന്തോഷ് ജോർജ് കുളങ്ങര എന്ന് പറയുന്നത്, എംഎ യൂസഫലിയുടെ സാമ്രാജ്യവും അദ്ദേഹത്തിന്റ വലിപ്പവും സാമ്രാജ്യവുമൊക്കെ വെച്ച് നോക്കുമ്പോള്‍ ഒരു സാധാരണ മാധ്യമപ്രവർത്തകന്‍ മാത്രമാണ്. എന്നാലും എന്നെപ്പോലുള്ള ഒരാളെ വിമാനത്തില്‍, ഈ മനുഷ്യന് എന്താണ് കഴിക്കാന്‍ താല്‍പര്യം എന്ന് അറിഞ്ഞ്, ആ ഭക്ഷണം ഒരുക്കിവെക്കാന്‍, ആ കരുതലോടെ പരിചരിക്കാന്‍, ആ കരുതലോടെ പരിചരിക്കാന്‍ അദ്ദേഹം കാണിക്കുന്ന ശ്രദ്ധയുണ്ട്.
ഓരോ വ്യക്തിയുടെ കാര്യത്തിലും, ഓരോ ചെറിയ കാര്യത്തിലും അദ്ദേഹം കാണിക്കുന്ന ഈ ശ്രദ്ധയും സൂക്ഷ്മതയും രാഷ്ട്രത്തലവന്‍മാരിലേക്ക് വരെ എത്തുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യം. കോട്ടയത്തെ സംരഭകർ അദ്ദേഹത്തില്‍ നിന്നും പഠിക്കേണ്ട ഒരു പാഠം ഇതാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്നും സന്തോഷ് ജോർജ് കുളങ്ങളര കൂട്ടിച്ചേർത്തു.












Click it and Unblock the Notifications