കെഎം ഷാജിക്ക് മുന്നില്‍ വിജിലന്‍സിന് കനത്ത തിരിച്ചടി:പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കാന്‍ ഉത്തരവ്
കൊച്ചി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയില്‍ തിരിച്ചടി. കെ എം ഷാജിയില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്‍കാനാണ് ഹൈക്കോടതി നിർദേശം നല്‍കിയത്. വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ നല്‍കാന്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി നേരത്തെ ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു.
പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നൽകണമെന്നും സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ തടയണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം കണ്ണൂരിലെ കെഎം ഷാജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു വിജിലന്‍സ് 47 ലക്ഷം രൂപ പിടിച്ചെടുത്തത്. അനധികൃത സ്വത്തെന്ന് വിജിലന്‍സ് വാദിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ചെടുത്ത പണമായിരുന്നു ഇതെന്നായിരുന്നു ഷാജിയുടെ വാദം.

പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി നേരത്തെ കോഴിക്കോട് വിജിലന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. പിടിച്ചെടുത്ത പണം തിരികെ നല്‍കിയാല്‍ അനധികൃത സ്വത്ത് സമ്പാദന കേസിനേയടക്കം ബാധിക്കുമെന്നായിരുന്നു ഷാജിയുടെ ഹർജിയെ എതിർത്ത വിജിലന്‍സ് വ്യക്തമാക്കിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫണ്ടെന്ന് തെളിയിക്കുന്ന ചില രസീതുകളും കെ എം ഷാജി കോടതിയില്‍ ഹാജരാക്കി.
ഷാജി കോടതിയില്‍ ഹാജരാക്കിയ രസീതുകളില്‍ പലതും ഇരുപതിനായിരത്തിന്റേയും പതിനായിരത്തിന് മുകളിലുള്ള തുകയുടേതുമായിരുന്നു. ഇത് കൃത്രിമായി ഉണ്ടാക്കിയ തെറ്റായ രേഖകളാണെന്നും വിജിലന്‍സ് വാദിച്ചു. ശരിയായ രേഖകളാണ് ഞങ്ങള്‍ കോടതിയില്‍ ഹാജരാക്കിയത്. രേഖകള്‍ ശരിയല്ല എന്നുള്ളത് പ്രോസിക്യൂഷന്‍ വാദം മാത്രമാണെന്നും ഷാജിയുടെ അഭിഭാഷകന്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെയാണ് ഈ വർഷം ഏപ്രിലില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കുന്നത്. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ മാനേജ്മെന്റില്‍ നിന്നും കോഴ വാങ്ങി എന്ന പരാതിയായിരുന്നു സി പി എം പ്രാദേശിക നേതാവ് കെ എം ഷാജിക്കെതിരെ നല്‍കിയത്. 2020ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2013ല്‍ അഴീക്കോട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴി വാങ്ങിയെന്നായിരുന്നു ആരോപണം.












Click it and Unblock the Notifications