ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മാണിയുമെല്ലാം രക്ഷപ്പെട്ടു?ബന്ധുനിയമന വിവാദത്തില്‍ ക്ലീന്‍ചിറ്റ്...
വിജിലന്‍സിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് 25 ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചീറ്റ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെസി ജോസഫ്, കെഎം മാണി, പികെ ജയലക്ഷ്മി തുടങ്ങിവര്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് കഴമ്പില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
വിജിലന്‍സിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് 25 ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. പിണറായി മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജനെതിരായ ബന്ധുനിയമന വിവാദത്തിന് പിന്നാലെയാണ് യുഡിഎഫ് നേതാക്കള്‍ക്കെതിരെയും സമാന ആരോപണമുയര്‍ന്നത്. യുഡിഎഫ് ഭരണക്കാലത്തെ ബന്ധുനിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് പരാതി ഉയര്‍ന്ന്. തുടര്‍ന്നാണ് വിജിലന്‍സിനോട് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയത്.

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ്, നിയമനങ്ങളില്‍ ക്രമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്യൂണ്‍,ക്ലാര്‍ക്ക് നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണമുയര്‍ന്നിരുന്നത്. എന്നാല്‍ നിയമനം ലഭിച്ചവരില്‍ നേതാക്കളുടെ ബന്ധുക്കളാരുമില്ലെന്നും, യോഗ്യതയുള്ളവര്‍ക്കാണ് നിയമനം ലഭിച്ചതെന്നുമാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്.












Click it and Unblock the Notifications