കൈക്കൂലി വാങ്ങി 'കോടീശ്വരനായി'; വില്ലേജ് അസിസ്റ്റന്റിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 1.5 കോടി രൂപ!!
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്തത് കോടിക്കണക്കിന് രൂപ. അദാലത്ത് പരിസരത്ത് നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ താമസ സ്ഥലത്ത് നിന്നാണ് കോടികള്‍ കണ്ടെടുത്തത്. ഇയാളുടെ വീട്ടില്‍ നിന്ന് പണം ബാങ്കില്‍ നിക്ഷേപിച്ചതിന്റെ നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ട്.
സുരേഷ് കുമാറിന്റെ വീട്ടില്‍ നിന്ന് പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.5 കോടി രൂപയാണ് കണ്ടെടുത്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു കൈക്കൂലി കേസില്‍ ഇത്രയും അധികം തുക പണമായി തന്നെ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. സുരേഷ് കുമാറിന്റെ വീട്ടില്‍ 35 ലക്ഷം രൂപ പണമായി തന്നെയുണ്ടായിരുന്നു.

മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് ഇയാള്‍ താമസിക്കുന്നത്. പരിശോധനയില്‍ 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം രൂപയും ഉണ്ട്. സുരേഷ് കുമാര്‍ തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണ്. സ്ഥലത്തിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആണ് സുരേഷ് കുമാറിനെ ഇന്ന് രാവിലെ വിജിലന്‍സ് പിടികൂടുന്നത്.
മന്ത്രി കെ കൃഷ്ണന്‍കുട്ടി, എന്‍ ഷംസുദ്ദീന്‍ എം എല്‍ എ, കലക്ടര്‍ ഡോ എസ് ചിത്ര, സബ് കളക്ടര്‍ ഡി ധര്‍മലശ്രീ എന്നിവര്‍ മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളജ് ഓഡിറ്റോറിയത്തില്‍ 'കരുതലും കൈത്താങ്ങും' അദാലത്തില്‍ പങ്കെടുക്കുന്നതിനിടെ ആണ് സുരേഷ് കുമാര്‍ പിടിയിലാകുന്നത്. അദാലത്ത് നടക്കുന്ന ഓഡിറ്റോറിയത്തിന് പുറത്ത് വെച്ചാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.
സുരേഷ് കുമാറിനെ നാളെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. സുരേഷ് കുമാറിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണമെല്ലാം കൈക്കൂലി പണമാണ് എന്നാണ് വിജിലന്‍സ് പറയുന്നത്. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ച പാലക്കയം വില്ലേജ് പരിധിയില്‍ 45 ഏക്കര്‍ സ്ഥലമുള്ള മഞ്ചേരി സ്വദേശിയോട് കൈക്കൂലി വാങ്ങുന്നതിനിടെ ആണ് ഇയാളെ പിടികൂടുന്നത്. മഞ്ചേരി സ്വദേശി തന്നെയാണ് സുരേഷ് കുമാര്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ അറിയിച്ചത്.












Click it and Unblock the Notifications