വിഡി സതീശനെതിരെ അന്വേഷണം തുടങ്ങി ഇഡി; സുധാകരന്റെ വരുമാനം തേടി വിജിലന്‍സ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും, കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയും അന്വേഷണ ഏജന്‍സികളുടെ നടപടി. സതീശനെതിരെ പുനര്‍ജനി ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വിജിലന്‍സ് കേസ് എടുത്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇഡിയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല.
അതേസമയം കെ സുധാകരന്റെ ആസ്തിയും വരുമാനവും കണ്ടെത്താനാണ് വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്. ലോക്‌സഭാ സെക്രട്ടറി ജനറലിന് കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി കത്ത് നല്‍കിയിരിക്കുകയാണ്. എംപി എന്ന നിലയില്‍ സുധാകരന്റെ വരുമാനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് നിര്‍ദേശം.

അതേസമയം സുധാകരന്റെ കഴിഞ്ഞ 15 വര്‍ഷത്തെ വരുമാനവും, സ്വത്ത് സമ്പാദനവുമാണ് അന്വേഷിക്കുന്നത്. പുതിയ അന്വേഷണമല്ലെന്നും, 2021ല്‍ തുടങ്ങിയതാണെന്നും വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ പറഞ്ഞു. സതീശനെതിരെയുള്ള അന്വേഷണത്തിന് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാറിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
പുനര്‍ജനി കേസില്‍ എഫ്്‌സിആര്‍എ, ഫെമ ചട്ടലംഘനങ്ങളാണ് പരിശോധിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് ഡല്‍ഹിയിലേക്ക് കൈമാറും. ഡല്‍ഹിയില്‍ നിന്നുള്ള അനുമതി ലഭിച്ചാല്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യും. 2018ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതിയാണ് പുനര്‍ജനി.
പുനര്‍ജനി പദ്ധതിക്ക് വേണ്ടി വിദേശത്ത് നിന്ന് പണം ശേഖരിച്ചതില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. കേസിന്റെ ഭാഗമായി വിഡി സതീശന്റെ വിദേശ യാത്രകളും അന്വേഷിക്കുന്നുണ്ട്. പുനര്‍ജനി പദ്ധതിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം.
നേരത്തെ തന്നെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് സ്ഥിരീകരിച്ചിരുന്നു. തന്റെ അക്കൗണ്ടിലേക്ക് കള്ളപണം എത്തിയോ എന്നായിരിക്കും അന്വേഷണം. ഏത് തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications