' ബലാത്സംഗ കേസില്‍ വിജയ് ബാബു കുറ്റക്കാരന്‍'; അന്വേഷണത്തില്‍ തെളിഞ്ഞെന്ന് കൊച്ചി ഡിസിപി
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡി സി പി വി യു കുര്യാക്കോസ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിനെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ എടുത്തു. തെളിവെടുപ്പിനായി വിജയ് ബാബുവിനെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുകയും ചെയ്തു.

പനമ്പള്ളി നഗറിലെ ഡി ഹോംസ് സ്യൂട്ട്‌സിലെത്തിച്ചായിരുന്നു തെളിവെടുപ്പ് നടന്നത്. നടി നല്‍കിയ പരാതിയില്‍ ഈ ഫ്‌ളാറ്റില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പറയുന്നത്. കൂടാതെ ചില ഹോട്ടലുകളില്‍ വച്ചും പീഡനം നടന്നിട്ടുണ്ട്. അവിടെ എത്തിച്ചും വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടക്കും. തെളിവെടുപ്പിന് കൊണ്ടു പോകും മുമ്പ് വിജയ് ബാബുവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയിരുന്നു.

എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ ഇന്ന് മുതല്‍ ജൂലൈ 3 വരെ നടനെ ചോദ്യം ചെയ്യാന്‍ കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ വൈകീട്ട് ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിന് മടങ്ങാവുന്നതാണ്.

അടുത്ത മാസം മൂന്നാം തീയതി വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് തുടരും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് വിജയ് ബാബുവിന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചത്. ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്ന് വരെ രാവിലെ ഒന്‍പത് മുതല്‍ ആറ് വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പൊലീസിന് അനുമതിയുണ്ട്.

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് നടി നല്‍കിയ പരാതിയില്‍ പറയുന്നത് ഏപ്രില്‍ 22നാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതി വിവരം അറിഞ്ഞതിന് പിന്നാലെ വിജയ് ബാബു രാജ്യം വിടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെടലിന് ശേഷമാണ് വിജയ് ബാബു നാട്ടിലേക്കെത്തിയത്.

ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കാനും സംസ്ഥാനം വിട്ട് പോകരുതെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അതിജീവിതയെ അപമാനിക്കരുതെന്നും വിജയ് ബാബുവിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ, ശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്. മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് വിജയ് ബാബുവിനെ കണ്ടതെന്നും ഈ ബന്ധം താരം ദുരുപയോഗം ചെയ്തുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. അതേസമയം 2018 മുതല്‍ തങ്ങള്‍ തമ്മില്‍ ബന്ധം ഉണ്ടായിരുന്നുവെന്ന് വിജയ് ബാബുവും വാദിച്ചു.












Click it and Unblock the Notifications