
'പല സ്ത്രീകളേയും ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ട്,ആരോടും പറയില്ലെന്നാണ് വിചാരിച്ചത്';അതിജീവിതയുടെ അച്ഛന്
കൊച്ചി: താര സംഘടനയായ അമ്മയുടെ യോഗത്തില്‍ ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബു പങ്കെടുത്ത സംഭവത്തിനെ വിമര്‍ശനം രൂക്ഷമാവുകയാണ്. വിജയ് ബാബുവിനെ യോഗംത്തില്‍ നിന്ന് മാറ്റി നിര്‍ത്താനോ നടപടി സ്വീകരിക്കാനോ അമ്മ തയ്യാറായില്ല. വിജയ് ബാബുവിന്റെ കേസ് കോടതിയിലാണെന്നും കോടതി വിധി വരട്ടേയെന്നുമാണ് അമ്മ പറയുന്നത്. സംഭവം വിവാദമായതിന് പിന്നാലെ വിജയ് ബാബുവിന് എതിരേയും അമ്മയ്ക്ക് എതിരേയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അതിജീവിതയുടെ അച്ഛന്.
താരസംഘടനയായ 'അമ്മ' പുരുഷന്മാര്ക്ക് വേണ്ടി മാത്രമുള്ള സംഘടന ആണെന്ന് വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി നല്കിയ നടിയുടെ അച്ഛന് ആരോപിച്ചു. 'അമ്മ' എന്ന സംഘടനയെ കുറിച്ച് എന്ത് പറയാനാണ് എന്നും അദ്ദേഹം ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംസാരിക്കവേ ആയിരുന്നു അദ്ദേഹം വിമര്‍ശിച്ചത്. പണവും സ്വാധീനവും ആളുകളും ഉള്ളവര്‍ക്ക് എന്തുമാകാം എന്നതാണ് ഇത് തെളിയിക്കുന്നത് എന്നും വിജയ് ബാബു 'അമ്മ' ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുത്തത് കാര്യം പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.
നിയമംലംഘിച്ച് ഇരയുടെ പേരുവെളിപ്പെടുത്തിയ കുറ്റമോ?അതുവഴിയൊരുക്കിയ കൂട്ടസൈബര്‍ ആക്രമണമോ? പ്രേംചന്ദ്

അന്തസ്സുള്ള സംഘടനയായിരുന്നെങ്കില്‍ മാറി നില്ക്കാന് വിജയ് ബാബുവിനോട് പറയുമായിരുന്നു. കേസ് കഴിയുന്ന വരെ കാക്കാം ആയിരുന്നു. പരാതിയില്‍ നിന്ന് പിന്മാറാന് വിജയ് ബാബു ഒരു കോടി രൂപ മകള്‍ക്ക് വാഗ്ദാനം ചെയ്തു. ഒരു സുഹൃത്ത് മുഖേനയാണ് പണം വാഗ്ദാനം ചെയ്തത്. അവളുടെ സഹോദരിയെ ഫോണില്‍ വിളിച്ച് കാലുപിടിച്ചെന്ന പോലെ സംസാരിച്ചു. കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫോണ്‍ റെക്കോര്‍ഡിംഗ് കയ്യിലുണ്ട് അതിജീവിതയുടെ അച്ഛന് പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ പണം വാഗ്ദാനം ചെയ്തത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

ഞാനാണ് ഇര എന്ന് ലൈവില്‍ പറഞ്ഞ ഇയാള്‍ പിന്നെ എന്തുകൊണ്ടാണ് ഈ കുട്ടിയുടെ പിറകെ നടന്നത്. തെറ്റുള്ളതുകൊണ്ടല്ലോ. ഈ പെണ്‍കുട്ടി ഒരു കാരണവശാലും വഴിപിഴച്ച് നടക്കുന്നവളല്ല. ഒരുമാസത്തിനകത്ത് ഉണ്ടായ സംഭവമാണ്. അത് പറയാന്‍ പറ്റാത്ത വേദനയിലാണ് അവള് നടന്നത്. ഇയാള്‍ പറയുന്നു അങ്ങോട്ട് ഫോണ്‍വിളിച്ചു ചാറ്റ് ചെയ്തുവെന്ന്, ഇയാള്‍ അവളെക്കാള്‍ ഇരട്ടിപ്രായമുള്ള വ്യക്തിയാണ്.

പെണ്‍കുട്ടി നിയമപരമായി കേസ് കൊടുത്തതാണോ തെറ്റ് അതോ ഇയാള്‍ ലൈവില്‍ പറഞ്ഞതോ. അങ്ങോട്ട് ചെല്ലുന്ന പെണ്‍കുട്ടിയാണെങ്കില്‍ ബ്ലോക്ക് ചെയ്യണമായിരുന്നു, അച്ഛനെയോ അമ്മയേയോ വിളിച്ചു പറയണം ആയിരുന്നു. എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നെന്ന് പറയാമല്ലോ..പല സ്ത്രീകളേയും പീഡിപ്പിച്ചിട്ടുള്ള ഈ വ്യക്തി വിചാരിച്ചു ഈ കുട്ടി എവിടേയും പറയില്ലെന്ന്. ഭാര്യ ഉള്ളവനല്ലേ ഇവന്, ഇവനല്ലേ കൂടുതല്‍ പക്വത കാണിക്കേണ്ടത് അതിജീവിതയുടെ അച്ഛന് പറഞ്ഞു.

വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവനടി കേസ് കൊടുത്തതിന് പിന്നാലെ വിജയ് ബാബു ഇവരുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഫോസ്ബുക്ക് ലൈവില്‍ വന്നായിരുന്നു വിജയ് ബാബു പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത്. തൊട്ടുപിന്നാലെ തന്നെ വിജയ് ബാബു നാടുവിടുകയും ചെയ്തു. ഒരുപാട് ശ്രമിച്ച ശേഷമാണ് ഇയാള്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്.

തിങ്കളാഴ്ച മുതല്‍ ഏഴുദിവസത്തേക്ക് തുടര്‍ച്ചയായി അന്വേഷണസംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്യാനിരിക്കുകയാണ്. വിജയ് ബാബുവിനെതിരായ നടിയുടെ പരാതിയില്‍ താരസംഘടന നടപടിയെടുത്തില്ല എന്ന് ആരോപിച്ച് നേരത്തെ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് മാലാ പാര്‍വതി, ശ്വേതാ മേനോന്, കുക്കു പരമേശ്വരന് എന്നിവര്‍ രാജിവെച്ചിരുന്നു.