പാകിസ്താനിലേക്ക് പോ എന്ന് പറയും പോലെ; രാജി പ്രശ്‌നമല്ല, മണിയന്‍പ്പിള്ള രാജുവിനെതിരെ മാലാ പാര്‍വതി
കൊച്ചി: അമ്മ സംഘടനയില്‍ ഐസിസിക്ക് പ്രസക്തി ഇല്ലെന്ന് വ്യക്തമായതിനാലാണ് ഐസിസിയില്‍ നിന്ന് രാജിവെച്ചതെന്ന് നടി മാലാ പാര്‍വതി. മണിയന്‍പ്പിള്ള രാജുവിന്റെ പരാമര്‍ശത്തിനെതിരെയും അവര്‍ രംഗത്ത് വന്നു. എന്തെങ്കിലും പറയുമ്പോഴേക്ക് പാകിസ്താനിലേക്ക് പോ എന്ന് ചിലര്‍ പറയുന്നത് പോലെയാണിതെന്ന് അവര്‍ തുറന്നടിച്ചു.
നേരത്തെ മാലാ പാര്‍വതി രാജിവെച്ചതില്‍ ഒരു കുഴപ്പവും ഇല്ലെന്നും, അവര്‍ക്കൊക്കെ പോകാന്‍ സ്ത്രീകളുടെ സംഘടന ഉണ്ടല്ലോ എന്നൊക്കെ രാജു ചോദിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ഐസിസി അംഗമെന്നത് നിയമപരമായ ഉത്തരവാദിത്തം കൂടിയാണ്. അത് നിര്‍വഹിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജിയാണ് നല്ലതെന്നും മാലാ പാര്‍വതി പറഞ്ഞു.

മാലാ പാര്‍വതിയുടെ രാജിയൊന്നും അവര്‍ക്ക് വിഷയമേയല്ല. മണിയന്‍പ്പിള്ള രാജു പറഞ്ഞത് സ്ത്രീ സംഘടനകള്‍ സിനിമയില്‍ ഉണ്ടല്ലോ എന്നാണ്. അപ്പോള്‍ അമ്മ പുരുഷ സംഘടനയാണോ എന്ന് ഞാന്‍ തിരിച്ച് ചോദിക്കുന്നില്ല. പക്ഷേ ഞാന്‍ ഒരു പുരുഷ സംഘടനയിലേക്കോ സ്ത്രീ സംഘടനയിലേക്കോ ഇല്ല. ഒറ്റയ്ക്ക് നിലനില്‍ക്കാന്‍ പറ്റും. അവര്‍ക്ക് പോവണമെങ്കില്‍ പോവാം, സ്ത്രീ സംഘടനയുണ്ടല്ലോ എന്നൊക്കെ രാജു പറഞ്ഞതിനോട് എന്ത് പറയാനാണ്. എന്തെങ്കിലും പറയുമ്പോള്‍, ചിലര്‍ പാകിസ്താനിലേക്ക് പൊക്കെ എന്ന് പറയുന്ന പോലെയാണിതെന്നും മാലാ പാര്‍വതി വ്യക്തമാക്കി. അമ്മ സംഘടനയില്‍ ഐസിസി നടപ്പാക്കാനാവുമോ എന്ന് നേരത്തെ തന്നെ ചോദിച്ചതാണെന്നും അവര്‍ പഞ്ഞു.

അമ്മ എന്നൊന്നും ഇപ്പോള്‍ ആരും പറയുന്നില്ല. എഎംഎംഎ എന്നാണ്. അതില്‍ നിന്നൊക്കെ മാറി സംഘടനയുടെ നല്ല പേര് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഐസിസിയില്‍ ചേര്‍ന്നത്. പക്ഷേ ഐസിസിയെ പൂര്‍ണമായും നോക്കുക്കുത്തി ആക്കുന്ന പ്രവൃത്തി ആയിപ്പോയി ഇത്. ഐസിസി അംഗമെന്ന നിയമപരമായ ഉത്തരവാദിത്തം കൂടിയുള്ള ജോലിയാണിത്. നമ്മളിതിനകത്ത് കയറിയിരുന്ന് എനിക്കിതൊന്നും അറിയില്ല, അവരെന്തൊക്കെയോ തീരുമാനിച്ചു എന്ന് പറയാന്‍ പറ്റില്ല. മാലാ പാര്‍വതി പറഞ്ഞു. നേരത്തെ വിജയ് ബാബുവിനെതിരായ പീഡനപരാതിയില്‍ നടപടിയെടുക്കാന്‍ അമ്മ തീരുമാനിച്ചിരുന്നു. എന്നാല്‍ അദ്ദേഹം മാറി നില്‍ക്കേണ്ട എന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്.

ലൈംഗിക പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാനാണ് ഐസിസി യോഗത്തില്‍ നിര്‍ദേശം വന്നത്. അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് വിജയ് ബാബുവിനെ മാറ്റാനായിരുന്നു തീരുമാനമെടുത്തത്. അത് കഴിഞ്ഞ് വന്ന പത്രക്കുറിപ്പില്‍ വിജയ് ബാബു സ്വമേധയാ രാജി സന്നദ്ധത അറിയിച്ചെന്നാണ് പറയുന്നത്. ശരിയായ സന്ദേശമല്ല സമൂഹത്തിലേക്ക് പോവുന്നതെന്ന് അത് വായിച്ചപ്പോള്‍ തന്നെ തോന്നിയിരുന്നു. ബലാത്സംഗക്കേസില്‍ ഇരുവിഭാഗങ്ങള്‍ക്കും വാദങ്ങളുണ്ടാവും. പക്ഷേ പരാതിക്കാരിയുടെ പേര് പറഞ്ഞത് വലിയ തെറ്റാണ്. അതിലൊരു നടി തീര്‍ച്ചയായും വേണമായിരുന്നുവെന്നും മാലാ പാര്‍വതി വ്യക്തമാക്കി.

സംഘടനയെ സംബന്ധിച്ച് നമ്മള്‍ അറ്റത്തൊക്കെ നില്‍ക്കുന്ന കുറ്റിച്ചെടിയാണ്. നമ്മള്‍ പുറത്തുപോയാല്‍ സംഘടനയ്ക്ക് വിഷയമല്ല. ഐസിസി വേണമോ, നമ്മള്‍ക്കത് നടപ്പാക്കാനാവുമോ എന്ന് നേരത്തെ തന്നെ സംഘടനയോട് ചോദിച്ചതാണ്. കോടതി നിര്‍ദേശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അമ്മ ഐസിസിയുണ്ടാക്കാന്‍ തീരുമാനിച്ചത്. നേരത്തെ അമ്മ സംഘടനയില്‍ ഐസിസിസിക്ക് പ്രസക്തി ഇല്ലെന്ന് വ്യക്തമായതിനാലാണ് രാജിവെച്ചതെന്ന് മാലാ പാര്‍വതി വ്യക്തമാക്കി. നേരത്തെ അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്നും വിജയ് ബാബുവിനെ മാറ്റാനായിരുന്നു തീരുമാനമെടുത്തത്. എന്നാല്‍ തിടുക്കപ്പെട്ട് തീരുമാനമെടുത്ത് പുറത്താക്കാനാവില്ലെന്നായിരുന്നു മണിയന്‍പ്പിള്ള രാജുവിന്റെ നിലപാട്.

അതേസമയം രാഹുല്‍ ഈശ്വര്‍ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അധിക്ഷേപിച്ചിരിക്കുകയാണ്. സമ്മതത്തോട് കൂടി നല്ല നിമിഷങ്ങള്‍ പങ്കുവെച്ചിട്ട് ഒടുക്കം, തന്റെ സമ്മതമില്ലാതെയാണ് ബന്ധം നടന്നതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയിലായിരുന്നു പ്രതികരണം. സിസിടിവികള്‍ തെളിവായിട്ടുണ്ടല്ലോ? ഹോട്ടലില്‍ നിന്നിറങ്ങി വരുമ്പോള്‍ ഈ കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ മതിയല്ലോ, ഇവര്‍ തമ്മില്‍ വ്യക്തി ബന്ധം ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ ഒരു മാസത്തോളം ബന്ധമുണ്ടായി. ഒരു മാസം കഴിഞ്ഞ് റേപ്പ് ആണെന്ന് പറഞ്ഞാല്‍ പുരുഷന് എന്ത് ചെയ്യാന്‍ പറ്റുമെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.












Click it and Unblock the Notifications