'അത് ആണുങ്ങളുടെ ലോകമാണ്;വിജയ് ബാബു എത്തിയതിൽ അത്ഭുതപ്പെടാനില്ല';ദീദി ദാമോദരൻ
കൊച്ചി; കൊച്ചിയിൽ നടക്കുന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ ആരോപണവിധേയനായ നടനും സംവിധായകനുമായ വിജയ് ബാബു പങ്കെടുത്ത വിഷയത്തിൽ പ്രതികരിച്ച് ഡബ്ല്യുസിസി അംഗവും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍. ഇക്കാര്യത്തിൽ യാതൊരു അത്ഭുതവും തോന്നുന്നില്ലെന്നും താരസംഘടന മുൻപെടുത്തിട്ടുള്ള നിലപാടുകൾ തന്നെയാണ് ഇപ്പോഴും ആവർത്തിച്ചിരിക്കുന്നതെന്നും ദീദി ദാമോദരൻ പറഞ്ഞു. അമ്മ എന്ന് വിളിക്കപ്പെട്ടിരുന്ന സംഘടന പൊതുസമൂഹത്തിന് എ എം എം എ ആയതെങ്ങനെയെന്ന് കേരളത്തിന് അറിയാം.. ആ കുത്തുകൾ ഇപ്പോഴും തുടരുകയാണെന്നും അവർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ദീദി ദാമോദരന്റെ പ്രതികരണം.വായിക്കാം
'അനുശ്രീ, അഴകേ..എന്നല്ലാതെ പൊളിച്ചടുക്കിയ ഈ ലുക്കിനെ എന്ത് വിളിക്കും?'വീണ്ടും വൈറൽ

'അമ്മ എന്ന് വിളിക്കപ്പെട്ടിരുന്ന സംഘടന പൊതുസമൂഹത്തിന് എ എം എം എ ആയതെങ്ങനെയെന്ന് കേരളത്തിന് അറിയാം.. ആ കുത്തുകൾ ഇപ്പോഴും തുടരുകയാണ്. ആര്‍ട്ടിസ്റ്റുകളാകുമ്പോള്‍ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത വേണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അതില്‍ സ്ത്രീ നീതിയോട് എ എം എം എ കാണിച്ചിട്ടുള്ള നിലപാട് എന്താണെന്ന് നമ്മള്‍ എല്ലാവരും കണ്ടത് കൊണ്ട് ഇതില്‍ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല'.

'അവര്‍ സാധാരണ ചെയ്യുന്ന നയം തന്നെ തുടരുന്നു. അതില്‍ പ്രത്യേകിച്ച് അത്ഭുതപ്പെടേണ്ടതായി ഒന്നും ഇല്ല. അവർ അങ്ങനെ തന്നെയല്ലേ ചെയ്തിട്ടുള്ളത്.
തിരിച്ചെപ്പൊഴെങ്കിലും സ്ത്രീകളോട് നീതിപൂര്‍വ്വമായ പെരുമാറ്റം കാണിച്ചതിന്റെ പേരിൽ എ എം എം എ എന്ന സംഘടനയെ ചരിത്രം ഓർക്കുമോ? അവർ എന്നെങ്കിലും സ്ത്രീ സൗഹൃദമായി പ്രവർത്തിച്ചിട്ടുണ്ടോ?'

'അമ്മയുടെ പോളിസി ഡിസിഷന്‍ ആയിരിക്കണമല്ലോ . അങ്ങനെ വേണ്ടേ ഇതിനെ കരുതാൻ. അതിജീവിതയുടേത് പഴയ കഥയല്ല.കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ആ പെണ്‍കുട്ടിക്ക് പതിനാറ് കൊല്ലത്തോളം എ എം എം എ അംഗത്വമുണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. എ എം എം എ എന്ന് വിളിക്കേണ്ട അവസ്ഥ അവര്‍ ഉണ്ടാക്കുകയാണ് ചെയ്തത്.

'അവർ വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇത് ആണുങ്ങളുടെ ലോകമാണെന്നാണ് സംഘടന ആവർത്തിക്കുന്നത്. സംഘടന മാത്രമല്ല കോടതിയും പോലീസും ചെയ്യുന്നത് എന്താണ്? അതേപോലെ തന്നെ എ എം എം എയും .അവർ ഇതിൽ നിന്നൊക്കെ വ്യത്യസ്തരായി ഇരിക്കണമെന്നല്ലേ ആഗ്രഹിക്കാൻ സാധിക്കു. അങ്ങനെ ആവണമെന്ന് ഇല്ലല്ലോ?',ദീദി ദാമോദരൻ ചോദിച്ചു.

യുവ നടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം വിജയ് ബാബുവിന് മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. തിങ്കളാഴ്ച മുതൽ ഏഴ് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടയിലാണ് വിജയ് ബാബു അമ്മയുടെ ജനറൽ ബോഡി യോഗത്തിന് എത്തിയത്. ഇപ്പോഴും താരസംഘടനയുടെ എക്സിക്യൂട്ട് അംഗമാണ് വിജയ് ബാബു.

അതേസമയം ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചതിന് ശേഷമുള്ള സംഘടനയുടെ ആദ്യ യോഗം കൂടിയാണ് ഇന്ന് ചേർന്നിരിക്കുന്നത്. നേരത്തേ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നും മാലാ പാർവതി, ശ്വേതാ മേനോൻ, കുക്കു പരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു.

ഇന്ന് ചേർന്ന യോഗത്തിൽ ശ്വേത മേനോൻ അടക്കം പങ്കെടുത്തിട്ടുണ്ട്. വിജയ് ബാബു വിഷയം യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് കണകാക്കപ്പെടുന്നുണ്ട്. വൈകുന്നേരം സംഘടന ഭാരവാഹികൾ മാധ്യമങ്ങളെ കാണും. വിഷയത്തിൽ എന്ത് നിലപാടാകും സംഘടന സ്വീകരിക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications