തന്റെ ഓഹരിയോ അതില്‍ കൂടുതലോ വാങ്ങിയായിരുന്നു രാജി; സാന്ദ്രക്ക് മത്സരിക്കാന്‍ യോഗ്യതയില്ല: വിജയ് ബാബു
സാന്ദ്രാ തോമസിന് സിനിമ നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ പ്രധാനപ്പെട്ട ഭാരവാഹി സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് വിജയ് ബാബു. സാന്ദ്ര തോമസിന്റെ പത്രിക തള്ളിയത് വലിയ വിവാദവും നിയമനടപടിയിലേക്ക് വരെ നീണ്ട സാഹചര്യത്തിലാണ് വിജയ് ബാബുവിന്റെ വിശദീകരണം. വിജയ് ബാബുവുമായി ചേർന്ന് ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ നിർമ്മിച്ച ചിത്രങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു സാന്ദ്ര തോമസ് സംഘടനയുടെ പ്രസിഡന്‍റ്, സെക്രട്ടറി മുതലായ മുഖ്യസ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ പത്രിക സമർപ്പിച്ചത്.
ഫ്രൈഡേ ഫിലിം ഹൗസിന്‍റെ മാനേജിംഗ് പാര്‍ട്നര്‍ ആയിരുന്ന സമയത്ത് ആ ബാനറില്‍ ഇറങ്ങിയ ചിത്രങ്ങള്‍ തന്‍റെ പേരിലാണ് സെന്‍സര്‍ ചെയ്തത് അതുകൊണ്ട് തന്നെ സ്വന്തം പേരില്‍ മൂന്ന് സിനിമകള്‍ സെന്‍സർ ചെയ്തിരിക്കണമെന്ന നിബന്ധന താന്‍ പാലിക്കുന്നുണ്ടെന്നും സാന്ദ്ര തോമസ് വാദിച്ചു. എന്നാല്‍ സെന്‍സർ ബോർഡ് സർട്ടിഫിക്കറ്റ് നല്‍കുന്നത് ഏതെങ്കിലും വ്യക്തിക്ക് അല്ല, നിർമ്മാണ കമ്പനിയുടെ പേരിലാണ് ചിത്രം സെന്‍സർ ചെയ്യുന്നതെന്നും വിജയ് ബാബു ചൂണ്ടിക്കാട്ടുന്നു.

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി സാന്ദ്രയ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ പ്രധാനപ്പെട്ട ഭാരവാഹി സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാധിക്കില്ലെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
" ഒബ്ജക്ഷന്‍ യുവർ ഓണർ തനിക്ക് യോഗ്യതയില്ലാത്ത കാര്യത്തില്‍- ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസിന് കഴിയില്ല. തന്‍റെ സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ മാത്രമാണ് സാധിക്കുക. എന്‍റെ അറിവ് പ്രകാരം സെന്‍സര്‍ നല്‍കുന്നത് ഒരു വ്യക്തിക്കല്ല മറിച്ച് ഒരു കമ്പനിക്ക് ആണ്.
ഫ്രൈഡേ ഫിലിം ഹൗസിനെ ഒരു സമയത്ത് സാന്ദ്ര തോമസ് പ്രതിനിധീകരിച്ചിരുന്നു. അവിടെ നിന്ന് 2016 ല്‍ നിയമപരമായി രാജി വെക്കുകയും ചെയ്തിരുന്നു. തന്‍റെ ഓഹരിയോ അതില്‍ കൂടുതലുമോ കൈപ്പറ്റിക്കൊണ്ടായിരുന്നു രാജി. കഴിഞ്ഞ 10 വര്‍ഷങ്ങളായി ഫ്രൈഡേ ഫിലിം ഹൗസുമായി സാന്ദ്രയ്ക്ക് ബന്ധമേതുമില്ല. എന്തായാലും കോടതി തീരുമാനിക്കട്ടെ. മറ്റൊരു തരത്തിലാണ് കോടതിയുടെ തീരുമാനം വരികയെങ്കില്‍ അത് നമുക്കെല്ലാം ഒരു പുതിയ അറിവായിരിക്കും", വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.












Click it and Unblock the Notifications