വാര്യരെ വല്ലാണ്ട് ഉപദേശിക്കേണ്ട: കുറച്ച് ഒതുക്കം കാണിക്കണം: സന്ദീപിനെതിരെ മുതി൪ന്ന കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യർക്കെതിരെ വിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് വിജയന്‍ പൂക്കാടന്‍. സന്ദീപ് വാര്യ൪ക്ക് കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനം നൽകുന്നതിനെതിരേയാണ് മുൻ എ ഐ സി സി അംഗമായ വിജയന്റെ വിമർശനം. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം നല്ലതാണെങ്കിലും അദ്ദേഹത്തിന്റെ ഉപദേശം പാർട്ടിക്ക് വേണ്ടെന്നാണ് വിജയന്‍ പൂക്കാടന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.
'വാര്യരെ താങ്കളുടെ വല്ലാണ്ട് ഉള്ള ഉപദേശം ഒന്നും വേണ്ട. ഇത് ബിജെപി അല്ല. ഇവിടെ നേതാക്കൾക്ക് വില ഇട്ട് വാങ്ങുന്ന പണി ഒന്നും ഇല്ല. അതു കൊണ്ട് കുറച്ച് ഒതുക്കം കാണിക്കണം. അത് നല്ലതാണ്.' വിജയന്‍ പൂക്കാടന്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

കോൺഗ്രസിന് മറ്റു പാർട്ടിയിൽ നിന്നുമുള്ള നേതാക്കളുടെ ആവശ്യം ഇല്ല.എല്ലാ രംഗത്തും ശക്തമായ നേതൃത്വനിരയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ്,പ്രത്യേകിച്ചും കേരളത്തിൽ. സന്ദീപ വാര്യർ കൊള്ളാം, ഇരിക്കട്ടെ.
കൂടെ ആരും വന്നില്ലെങ്കിൽപോലും, പക്ഷെ വാര്യരെ താങ്കളുടെ വല്ലാണ്ട് ഉള്ള ഉപദേശം ഒന്നും വേണ്ട. ഇത് ബിജെപി അല്ല, ഇവിടെ നേതാക്കൾക്ക് വില ഇട്ട് വാങ്ങുന്ന പണി ഒന്നും ഇല്ല. അതു കൊണ്ട് കുറച്ച് ഒതുക്കം എല്ലാം കാണിക്കണം. അത് നല്ലതാണ്.
മുകൾതട്ടിൽ എകെ ആൻ്റണി, ശശി തരൂർ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ, കെ മുരളീധരൻ, വിഡി സതീശൻ, കൊടിക്കുന്നില്‍ സുരേഷ്, എംഎ ഹസന്‍, വിഎസ് വിജയരാഘവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെസി ജോസഫ്, ബെന്നി ബെഹ്നാൻ എംകെ രാഘവൻ, അടൂർ പ്രകാശ്, ഉണ്ണിത്താൻ കൂടാതെ വിഷ്ണുനാഥ് , സാനിമോൾ ഉസ്മാൻ, വികെ ശ്രീകണ്ഠന്‍, വിടി ബൽറാം, ടി സിദ്ധീഖ്, ഷാഫി പറമ്പിൽ, മഹേഷ്, ലിജു, ഹൈബി ഈഡൻ, ബിന്ദു കൃഷ്ണ , ജെബി മേത്തർ, ചാണ്ടി ഉമ്മൻ, ബാബു, ചന്ദ്രമോഹൻ, പ്രവീൺ, തങ്കപ്പൻ, സിവി ബാലചന്ദ്രൻ, രാഹുൽ മാങ്കൂട്ടത്തില്‍ എന്നിവരെ കൂടാതെ കെ എസ് യു നിരയിൽ നിന്ന് അനവധി നേതാക്കൾ കോണ്‍ഗ്രസിനുണ്ട്.
കോണ്‍ഗ്രസിലെ നേതാക്കള്‍ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്. കാര്യങ്ങൾ മുൻകൂട്ടി കാണാനും അതിനനുസരിച്ച് നീങ്ങാനും കഴിവും ശേഷിയും ഉള്ളവരാണ് അവർ. അവരാരും കാര്യങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടായാൽ സ്വന്തം സഹപ്രവർത്തകരെ 51 വെട്ടിക്കൊല്ലാറില്ല. ജനാതിപത്യ രീതിയിൽ കാര്യങ്ങൾ പറഞ്ഞ് തീർക്കും. തിരഞ്ഞെടുപ്പു വന്നാൽ ഒന്നിച്ച് ഒന്നായി നിന്ന് പൊരുതും. അതിന് ഉദാഹരണമാണ് പാലക്കാട്.
ഇന്ത്യന്‍ ജനാധിപത്യത്തിലും, മതേതരത്വത്തിലും, ഇന്ത്യന്‍ ഭരണഘടനയിലും നിയമ വ്യവസ്ഥയിലും വിശ്വസിക്കുന്ന ആർക്കും പാർട്ടിയിലേക്ക് വരാം. ഞങ്ങൾ അവരെ പരിപൂർണ്ണമായി സംരക്ഷിക്കും. 50 കോടി കൊടുക്കുവാൻ ഞങ്ങളുടെ കയ്യിൽ ഇല്ല. ബി ജെ പിയില്‍ നിന്നും വരുന്നവർ ബി ജെ പിയുടെ രീതി പുറത്ത് വെച്ചിട്ടു വേണം അകത്തേക്കു കടക്കുവാൻ.
ഇത് മഹാത്മാ ഗാന്ധിയും നെഹ്രുവും സർദാർ പട്ടേലും അബ്ദുൾ കലാം ആസാദും നേതൃത്വം കൊടുത്ത പാർട്ടിയാണ് . അവരുടെ പിൻ മുറക്കാരായി ഈ മൂവർണ്ണ പതാക പിടിക്കുവാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അനവധി ചെറുപ്പക്കാർ നിരന്നു നിൽക്കുന്നുണ്ടിവിടെ. ജനാധിപത്യം സംരക്ഷിക്കാൻ ഞങ്ങൾ വീണ്ടും വരും ഇവിടെ.












Click it and Unblock the Notifications