'എനിക്കെതിരെ കേസ് വേണം'; ചാണ്ടി ഉമ്മന് മറുപടിയുമായി നടൻ വിനായകൻ
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ കേസെടുക്കരുതെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടിയുമായി നടൻ . തനിക്കെതിരെ കേസ് വേണം എന്നാണ് വിനായകൻ പ്രതികരിച്ചത്.'വിനായകനെതിരെ കേസ് വേണ്ട' എന്ന ചാണ്ടി ഉമ്മന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു വിനായകന്റെ കമന്റ്.
വിനായകൻ ഏതെങ്കിലും നിമിഷത്തിൽ പറഞ്ഞ് പോയതിന്റെ പേരിൽ കേസെടുക്കേണ്ട കാര്യമില്ല. തന്റെ പിതാവ് എന്താണ് ചെയ്തതെന്ന കാര്യം ജനങ്ങൾക്ക് അറിയാം. തന്റെ പിതാവ് ഉണ്ടെങ്കിലും ഇത് തന്നെയേ പറയുകയുള്ളൂവെന്നായിരുന്നു ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.

അതേസമയം വിവാദ സംഭവത്തിൽ വിനായകനെതിരെ പോലീസ് കേസെടുത്തിരുന്നു. എറണാകുളം നോർത്ത് പോലീസ് ആയിരുന്നു കേസ് എടുത്തത്. മൃതദേഹത്തെ അപമാനിച്ചു, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. സംഭവത്തിൽ നടനെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പെട്ടെന്നുള്ള പ്രകോപനത്തിൽ സംഭവിച്ചതായിരുന്നുവെന്നും ഉമ്മൻചാണ്ടിയെ അവഹേളിക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്നായിരുന്നു വിനായകൻ പോലീസിന് മൊഴി നൽകിയത്.
മൊഴി രേഖപ്പെടുത്തിയ പൊലീസ് കൂടുതൽ പരിശോധനകൾക്കായി വിനായകന്റെ ഫോൺ പിടിച്ചെടുത്തിരുന്നു. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പൊലീസ് ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട് താരത്തിന് നോട്ടീസും നൽകിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കിയെന്നും റിപ്പോർട്ട് വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്നാണ് പോലീസ് അറിയിച്ചത്.
ഫേസ്ബുക്കിലൂടെയായിരുന്നു ഉമ്മൻചാണ്ടിക്കെതിരായ നടന്റെ വിവാദ പരാമർശം. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' എന്നായിരുന്നു വിനായകന്റെ ചോദ്യം. സംഭവം വിവാദമായതിന് പിന്നാലെ വീഡിയോ വിനായകൻ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്തിരുന്നു.
അതേസമയം സംഭവത്തിൽ വിനായകനെതിരെ വലിയ പ്രതിഷേധമായിരുന്നു യൂത്ത് കോൺഗ്രസ് നടത്തിയത്. വിനായകന്റെ വീടിന് നേരേയും ആക്രമണം നടന്നിരുന്നു. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ സ്റ്റേഡിയം ലിങ്ക് റോഡിലുള്ള നടന്റെ ഫ്‌ളാറ്റിലേക്ക് ഇരച്ചെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ളാറ്റിന്റെ ജനല്‍ച്ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതി വിനായകനം പരാതി നൽകിയിരുന്നു.












Click it and Unblock the Notifications