എളമരം കരീമിനെതിരായ പരാമർശം: ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ച് തൊഴിലാളികള്‍
തിരുവനന്തപുരം: സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാജ്യസഭ എംപിയുമായ എളമരം കരീമിനെതിരെ ചാനല്‍ അവതാരകന്‍ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശനത്തില്‍ പ്രതിഷേധിച്ച് ഏഷ്യാനെറ്റ് ന്യൂസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍. നാളെ രാവിലെ തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ഓഫീസിലേക്കാണ് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിയ തൊഴിലാളികളെ ആക്ഷേപിക്കുന്നതും എളമരം കരീമിനെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് വിനു വി ജോണിന്റെ പരാമര്‍ശമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ ആരോപിക്കുന്നത്. വിനു വി ജോണിനെതിരെ നടപടിയെടുക്കാന്‍ ഏഷ്യനെറ്റ് ന്യൂസ് മാനേജ്‌മെന്റ് തയ്യാറാവണമെന്ന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ.എസ് സുനില്‍ കുമാര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
''രാജ്യത്തെ തൊഴിലാളി വർഗത്തെയാകെ ആക്ഷേപിക്കുകയും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും രാജ്യസഭാ മെമ്പറുമായ സ. എളമരം കരീമിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന്റെയും അവതാരകൻ വിനു വി ജോണിന്റെയും നടപടിക്കെതിരെ തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിലേക്ക് നാളെ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.''- സംയുക്ത ട്രേഡ് യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഇന്നലെ നടന്ന ചർച്ചയിലാണ് റിപ്പോര്‍ട്ടര്‍ വിനു വി ജോണ്‍ സ. എളമരം കരീമിനെയും പണിമുടക്ക് നടത്തിയ തൊഴിലാളികളെയും ആക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തത്. എളമരം കരീം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച് തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കി വിടുകയും സഖാവ് കരീമിന്‍റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ചാനലിലിരുന്ന് വിളിച്ചു പറഞ്ഞതിലൂടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ നിലവാരം അധ:പതിച്ച കാഴ്ചയാണ് കണ്ടത്. ഇത് തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളി കൂടിയാണ്.
അഞ്ചു മാസക്കാലമായി അതി വിപുലമായ പ്രചരണം പണിമുടക്കിന്‍റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ ട്രേഡ് യൂണിയനുകൾക്ക് കഴിഞ്ഞിട്ടുണ്ട്. യാത്രകള്‍ ഒഴിവാക്കിയും കടകള്‍ അടച്ചും പണിമുടക്കിയും സഹകരിക്കണമെന്ന് തൊഴിലാളികള്‍ മുക്കിലും മൂലയിലും പോയി പ്രചരിപ്പിച്ചു. എല്ലാ ജില്ലകളിലും പത്രസമ്മേളനം നടത്തി. എന്നിട്ടും തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്‍റെ പ്രാധാന്യം പോലും നല്‍കാതിരുന്ന മാധ്യമങ്ങളുടെ അജണ്ടയെ പ്രസംഗ മധ്യേ പരാമര്‍ശിച്ചതിനാണ് ബിനു ജോണ്‍ തന്‍റെ മ്ലേച്ഛമായ ഭാഷ ഉപയോഗിച്ച് ആക്ഷേപിച്ചത്. ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അപമാനിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഈ നടപടിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications