ഫ്രാൻസിലും പ്രതിഷേധം: വിശ്വഗുരു എന്ന് ഊതിപ്പെരുപ്പിച്ച മോദി വേട്ടക്കാരുടെ ഗുരുവാണ്: എംവി ജയരാജന്‍
കണ്ണൂർ: ന്യൂനപക്ഷവേട്ടയുടെ ലോകതലസ്ഥാനമാണ് ഇപ്പോൾ ഇന്ത്യയെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. അമേരിക്കയിലും ഫ്രാൻസിലും പ്രധാനമന്ത്രി സന്ദർശിച്ചപ്പോൾ പ്രതിഷേധം നേരിടേണ്ടിവന്നു. അമേരിക്കൻ മുൻ പ്രസിഡന്റ് ഇന്ത്യയിലെ മനുഷ്യാവകാശലംഘനത്തിനെതിരെ പ്രതികരിച്ചെങ്കില്‍ 705 അംഗ യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ 80 ശതമാനം പേരുട െപിന്തുണയോടെ ന്യൂനപക്ഷവേട്ടക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പ്രമേയം പാസ്സാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
വിശ്വഗുരു എന്ന് ബിജെപിക്കാർ ഊതിപ്പെരുപ്പിച്ച മോദി ഇപ്പോൾ വേട്ടക്കാരുടെ ഗുരുവാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മതരാഷ്ട്ര നിർമിതി ബിജെപിയുടെ അടിയന്തിര ലക്ഷ്യമായി മാറാൻ കാരണം തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ തിരിച്ചടിയും മോഡിയുടെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ അലയടിച്ചുയരുന്ന ജനകീയ പോരാട്ടവുമാണ്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 37 ശതമാനം വോട്ട് നേടിയാണ് ബിജെപി മുന്നണി അധികാരത്തിലെത്തിയത്. ബിജെപിക്ക് ലഭിച്ച വോട്ടാകട്ടെ, 25 ശതമാനം മാത്രം.
ആകെയുള്ള 63 കോടി വോട്ടർമാരിൽ 23 കോടിപേരാണ് ബിജെപി മുന്നണിക്ക് വോട്ട് ചെയ്തത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ പഞ്ചാബ്, ഹിമാചൽപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി പരാജയപ്പെട്ടു. ഡൽഹി കോർപ്പറേഷനിലും തിരിച്ചടിയുണ്ടായി. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഭൂരിപക്ഷം കിട്ടിയതുകൊണ്ടല്ല, പണവും പദവിയും കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് എം.എൽ.എ.മാരെ വിലക്ക് വാങ്ങിയാണ് അധികാരത്തിലെത്തിയത്. യു.പി.യിലും വൻ തിരിച്ചടി ഉണ്ടായി. തുടർച്ചയായ തിരിച്ചടികളാണ് നേരിടേണ്ടിവന്നത്.
2024ൽ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലും അതിനു മുമ്പുള്ള ചില സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് സമാനമായ പരാജയം വരുമെന്ന് ഭയപ്പെടുന്നു. തങ്ങളുടെ സ്‌പോൺസർഷിപ്പിൽ അരങ്ങേറുന്ന മണിപ്പൂർ കലാപവും ഉത്തരേന്ത്യയിലാകെ നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലീം, കൃസ്ത്യൻ, ദളിത് വേട്ടകളും, ഏക സിവിൽകോഡ് അടിച്ചേൽപിക്കാനുള്ള ശ്രമവും വ്യക്തമാക്കുന്നത് അതാണ്.
ന്യൂനപക്ഷവേട്ടയുടെ ലോകതലസ്ഥാനമാണ് ഇപ്പോൾ ഇന്ത്യ. അമേരിക്കയിലും ഫ്രാൻസിലും പ്രധാനമന്ത്രി സന്ദർശിച്ചപ്പോൾ പ്രതിഷേധം നേരിടേണ്ടിവന്നു. അമേരിക്കൻ മുൻ പ്രസിഡന്റ് ഇന്ത്യയിലെ മനുഷ്യാവകാശലംഘനത്തിനെതിരെ പ്രതികരിച്ചു. 705 അംഗ യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ 80 ശതമാനം പേരുട െപിന്തുണയോടെ ന്യൂനപക്ഷവേട്ടക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പ്രമേയം പാസ്സാക്കി. വിശ്വഗുരു എന്ന് ബിജെപിക്കാർ ഊതിപ്പെരുപ്പിച്ച മോദി ഇപ്പോൾ വേട്ടക്കാരുടെ ഗുരുവാണ്.












Click it and Unblock the Notifications