യുപിയില്‍ ഒരോ 3 മണിക്കൂറിലും ഓരോ ബലാത്സംഗം: ഇരയുടെ വീട് കത്തിച്ചും ക്രൂരത: എംവി ജയരാജന്‍
മൂന്നുമണിക്കൂറിൽ ഓരോ ബലാത്സംഗം നടക്കുന്ന നാടായി ഉത്തർപ്രദേശ് മാറിയിരിക്കുന്നുവെന്ന് സി പി എം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജന്‍. ഗുജറാത്തിലും കാര്യങ്ങള്‍ ഏറെക്കുറെ സമാനമാണ്. കേസെടുക്കാതെയും കേസുണ്ടായാൽ രക്ഷപ്പെടുത്തിയും കോടതി ശിക്ഷിച്ചാൽ വിട്ടയക്കുകയും ചെയ്യുന്ന സംഘപരിവാർ സർക്കാർ നടപടികളാണ് ഇത്തരം കുറ്റവാളികളുടെ നാടായി നമ്മുടെ രാജ്യത്തെ മാറ്റുന്നതെന്നും അദ്ദേഹം പറയുന്നു. എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
മൂന്നുമണിക്കൂറിൽ ഓരോ ബലാത്സംഗം നടക്കുന്ന നാടായി യുപി മാറിയിരിക്കുന്നു. ബലാത്സംഗവും കൂട്ടക്കൊലയും നടത്തിയ പ്രതികളെ രക്ഷിക്കുന്ന നാടായി ഗുജറാത്തും മാറി. രണ്ടും സംഘപരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങൾ. പ്രതികളിൽ മഹാഭൂരിപക്ഷവും സംഘപരിവാർ ക്രിമിനലുകളും. കേസെടുക്കാതെയും കേസുണ്ടായാൽ രക്ഷപ്പെടുത്തിയും കോടതി ശിക്ഷിച്ചാൽ വിട്ടയക്കുകയും ചെയ്യുന്ന സംഘപരിവാർ സർക്കാർ നടപടികളാണ് ബലാത്സംഗങ്ങളുടെയും ബലാത്സംഗകൊലകളുടെയും നാടായി ഇന്ത്യയെ മാറ്റുന്നത്.

2002ലെ ഗുജറാത്ത് വംശഹത്യയുടെ കാലത്ത് ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തതും കുടുംബാംഗങ്ങളെ കൺമുന്നിലിട്ട് കൊലപ്പെടുത്തിയതും ഏവരെയും ഞെട്ടിച്ചതാണ്. കേസെടുത്തത് കോടതി ഇടപെടലിനെ തുടർന്നാണ്. ഗുജറാത്തിന് വെളിയിൽ വെച്ച് വിചാരണ നടത്തിയതുകൊണ്ടാണ് പ്രതികൾക്ക് ശിക്ഷ കിട്ടിയത്. എന്നാൽ ശിക്ഷിച്ച 11 പ്രതികളെ 2022 ജൂലൈ 11ന് കേന്ദ്ര അനുമതിയോടെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് വിട്ടയച്ചിരിക്കുന്നു.
അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണ് മാതാപിതാക്കൾ അടക്കമുള്ളവരുടെ കൺമുന്നിൽ കൊലപ്പെടുത്തുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവം. മൃഗങ്ങൾ പോലും നാണിക്കുന്ന ക്രൂരത കാട്ടിയ പ്രതികളെയാണ് ജയിലിൽ നിന്ന് വിട്ടയച്ചത്. ജയിലിൽ കിടക്കുമ്പോൾ 1000 ദിവസത്തിലേറെ പരോൾ നൽകി. ചുരുക്കം നാളുകൾ മാത്രമാണ് പ്രതികൾ ജയിലിൽ കിടന്നതെന്ന് വ്യക്തം.
ക്രിമിനലുകളെ വിട്ടയക്കുമ്പോൾ പൊതുതാല്പര്യം എന്തുകൊണ്ട് പരിഗണിച്ചില്ല എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് സർക്കാർ അഭിഭാഷകന് മറുപടിയുണ്ടായില്ല. പ്രതികളെ വിട്ടയച്ച ഫയലുകൾ കോടതിയിൽ ഹാജരാക്കാൻ പോലും സന്നദ്ധമായില്ല. ഇരകളോടൊപ്പമല്ല, വേട്ടക്കാരോടൊപ്പമാണ് ബിജെപി സർക്കാരെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ ചെയ്തികൾ.
കൂട്ടബലാത്സംഗ കേസിലെ പ്രതികൾ ജാമ്യത്തിലിറങ്ങിയപ്പോൾ ദളിത് പെൺകുട്ടിയായ ഇരയെയും കുടുംബത്തെയും ആക്രമിച്ചതും വീടുകത്തിച്ചതും കഴിഞ്ഞ ദിവസം യു.പി.യിൽ നടന്ന മറ്റൊരു ക്രൂരതയാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന ബിജെപിയുടെ നടപടികൾ വീണ്ടും വീണ്ടും കുറ്റം ചെയ്യാൻ വേട്ടക്കാർക്ക് പ്രചോദനമേകുകയാണ്.












Click it and Unblock the Notifications