'എന്നെ സംഘിയും മുന്നയുമാക്കുന്നത് കോണ്‍ഗ്രസിലെ മുസ്ലീം നാമധാരികള്‍'; കസേര മോഹികളുടെ നീക്കമെന്ന് അഖില്‍
തനിക്കെതിരായ സംഘി, മുന്ന പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി ബിഗ് ബോസ് മലയാളം ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍. കോണ്‍ഗ്രസിലെ സീറ്റ് മോഹികളായ ചിലര്‍ തനിക്കെതിരെ നടത്തുന്ന നീക്കമാണ് ഇത് എന്നും കൊല്ലം ജില്ലയിലെ ചില നേതാക്കളുടെ ശിങ്കിടികളാണ് ഇതിന് പിന്നില്‍ എന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തന്നെ ബിജെപിയില്‍ എത്തിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത് എന്നും അഖില്‍ പറയുന്നു. പാലക്കാട് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പിന്തുണ കോണ്‍ഗ്രസ് നേടിയിരുന്നു എന്നും അഖില്‍ അവകാശപ്പെടുന്നു. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച തന്നെ കോണ്‍ഗ്രസിലെ തന്നെ മുസ്ലീം നാമധാരികളായ ചിലരാണ് സംഘി എന്ന ലേബലില്‍ കുറ്റപ്പെടുത്തുന്നത് എന്നും അദ്ദേഹം പറയുന്നു.

ദേശീയ ബോധം ഉള്ള രാജ്യ വിരുദ്ധത എതിര്‍ക്കുന്നവരെ ഒപ്പം കൂട്ടാതെ ബിജെപിയില്‍ എത്തിച്ചാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ പൂര്‍ണമായും ഇല്ലാതാകും എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി തന്നെ സംബന്ധിച്ച് ജനസേവനത്തിനുള്ള ഒരു കമ്പനി മാത്രമാണ് എന്നും ആഗ്രഹിച്ച കമ്പനിയില്‍ ജോലി കിട്ടിയില്ല എങ്കില്‍ ഓഫര്‍ ലെറ്റര്‍ നല്‍കുന്ന കമ്പനിയില്‍ ജോയിന്‍ ചെയ്യും എന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി.
എമ്പുരാന്‍ സിനിമയിലെ വിവാദങ്ങള്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമാണ് എന്ന് പറഞ്ഞതിന് പിന്നാലെയാണ് അഖില്‍ മാരാര്‍ക്കെതിരെ കോണ്‍ഗ്രസ് അണികളില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നത്. ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകനായ അഖില്‍ മാരാര്‍ ബിഗ് ബോസ് മലയാളം സീസണില്‍ എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അഖില്‍ മാരാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...
എമ്പുരാന്‍ സിനിമ മനുഷ്യരെ തമ്മിലടിപ്പിച്ചു കാശുണ്ടാക്കാന്‍ അണിയറ പ്രവര്‍ത്തകരുടെ മാര്‍ക്കറ്റിങ് തന്ത്രം ആണെന്നും ബോധമുള്ള ജനത അതില്‍ പോയി വീഴരുത് എന്ന് പറഞ്ഞപ്പോള്‍ മുതല്‍ സംഘി, മുന്ന എന്നൊക്ക പറഞ്ഞു ആരാണ് ആഘോഷിക്കുന്നതെന്ന് ഞാന്‍ നോക്കി. നല്ലൊരു ശതമാനം കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് ഇതിനു പിന്നില്‍. ഏത് വിധേനയും എന്നെ ബിജെപിയില്‍ എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
ഞാന്‍ എങ്ങാനും കോണ്‍ഗ്രസില്‍ വന്നാല്‍ നിലയും വിലയും ഇല്ലാത്ത ഞങ്ങളുടെ വില പോകുമോ എന്ന് പേടിച്ചു കസേര മോഹികള്‍ ആയ ചില ചപ്പടാച്ചി നേതാക്കള്‍ കാശ് എറിഞ്ഞു നടത്തുന്ന നീക്കമാണ് ഇതിന് പിന്നില്‍ എന്ന് ഞാന്‍ അറിഞ്ഞു. കൊല്ലം ജില്ലയിലെ ചിലരുടെ ശിങ്കിടികള്‍ നടത്തുന്ന ഓപ്പറേഷന്‍ ആണ് അഖിലിനെതിരെ ഉള്ള ഈ നീക്കമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്നെ സുഹൃത്തുക്കള്‍ പറഞ്ഞു ഞാന്‍ അറിഞ്ഞു..
'ഇന്നലെ വരെ വര്‍ഗീയത പറഞ്ഞു നടന്ന സന്ദീപ് വാര്യരെ ഇപ്പോള്‍ ചുമന്നു നടക്കുന്നു അതിലും വലുതല്ലല്ലോ അഖില്‍' ഇതൊരു കോണ്‍ഗ്രസ്സ് നേതാവ് എന്നോട് പറഞ്ഞതാണ്. എന്നോടുള്ള വിരോധം ആളികത്താനുള്ള കാരണം പ്രതിപക്ഷ നേതാവിന്റെ ഇഫ്താര്‍ ചടങ്ങില്‍ ക്ഷണിക്കപ്പെട്ടതും മുന്‍ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുമായുള്ള അടുപ്പവും മാത്യു കുഴനാടന്‍ നടത്തിയ പ്രോഗ്രാമില്‍ പങ്കെടുത്തതും ഒക്കെ ഇവരുടെ ഭാവി പ്രതീക്ഷകളില്‍ ഞാന്‍ ഒരു ബാധ്യത ആകുമോ എന്ന ഭയം കൊണ്ടാണ്.
10 വര്‍ഷം മുന്‍പും ഇത് പോലെ ആയിരുന്നു. പാര്‍ട്ടിയെ കൊട്ടാരക്കരയില്‍ മുടിപ്പിച്ച ചിലര്‍ക്ക് വേണ്ടി പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ഞാന്‍ ഉള്‍പ്പെടെ പലരേയും ബിജെപിയില്‍ ഉള്‍പ്പെടെ പല പാര്‍ട്ടിയിലും എത്തിച്ചു. എന്തിനാണ്. കിട്ടുന്നത് വീതം വെച്ചു ട്രസ്റ്റിന് അതായിട് അപ്പനും സുഭദ്രയും അടങ്ങിയ ട്രസ്റ്റിനു മാത്രം ലഭിക്കുമല്ലോ. അതെ തന്ത്രം അതെ നേതാക്കള്‍ ബുദ്ധിപരമായി ഇപ്പോഴും കളിക്കുന്നു.
ഞാന്‍ കൊല്ലം ജില്ലയില്‍ അവിടെ മത്സരിക്കുന്നു ഇവിടെ മത്സരിക്കുന്നു എന്ന പ്രചരണം അഴിച്ചു വിട്ട് അതാത് മണ്ഡലങ്ങലിലെ സീറ്റ് മോഹികളെ ഒന്നിപ്പിച്ചു എന്നെ പുറത്ത് ചാടിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ്. നിങ്ങളോട് എനിക്ക് പറയാന്‍ ഉള്ളത്
നശിപ്പിച്ചു ഇല്ലാതാക്കാന്‍ കഴിയുന്നതിന്റെ പരമാവധി നിങ്ങളൊക്കെ ഒരു കാലത്ത് ചെയ്തതാണ് നിങ്ങളുടെ ഒരു വേദിയിലും വരണം എന്ന് ഞാന്‍ പറഞ്ഞിരുന്നില്ല.
ജനങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹം വിശ്വാസം അതിന്റെ ഒരു പങ്ക് നിങ്ങള്‍ക് കിട്ടാന്‍ നിങ്ങളുടെ നേതാക്കള്‍ എന്നെ ക്ഷണിച്ചു. സമയ കുറവ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പണം നല്‍കിയും എന്റെ സമയത്തിന് പരിപാടി നിശ്ചയിച്ചും എന്നെ ക്ഷണിച്ചു. കമ്മ്യൂണിസ്‌റ് വിരുദ്ധനായ എനിക്ക് കോണ്‍ഗ്രസ് കേരളത്തില്‍ തിരിച്ചു വരണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടും ഉമ്മന്‍ ചാണ്ടി എന്ന വലിയ മനുഷ്യനോട് ഹൃദയം കൊണ്ട് സ്‌നേഹം ഉള്ളത് കൊണ്ടും പറ്റുന്ന അവസരത്തില്‍ ഒക്കെ കോണ്‍ഗ്രസിനൊപ്പം നിന്നു.
തൃശൂരില്‍ സുരേഷ് ഗോപി ജയിക്കും എന്ന് പറഞ്ഞത് അതാണ് യാഥാര്‍ഥ്യം എന്ന തിരിച്ചറിവ് കൊണ്ടാണ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇടത് പക്ഷം വീണ്ടും അധികാരത്തില്‍ വരും അതിന്റെ കാര്യ കാരണങ്ങള്‍ നിരത്തി അന്ന് പറഞ്ഞിരുന്നു. നിലനില്‍പ്പിനു വേണ്ടി ശിവസേനയുടെ വരെ കൂടിയ കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ ദേശീയ ബോധം ഉള്ള രാജ്യ വിരുദ്ധത എതിര്‍ക്കുന്നവരെ ഒപ്പം കൂട്ടാതെ ബിജെപിയില്‍ എത്തിക്കാനാണ് ശ്രമം എങ്കില്‍ വരും ഭാവിയില്‍ ഈ പാര്‍ട്ടി കേരളത്തില്‍ പൂര്‍ണമായും ഇല്ലാതാകും.
പാലക്കാട് തിരഞ്ഞെടുപ്പ് വിജയത്തില്‍ എസ്ഡിപിഐയുടെ പിന്തുണ നേടിയ കോണ്‍ഗ്രസിനെ ആ പാര്‍ട്ടിയിലെ ഒരു ഹിന്ദുവും എതിര്‍ക്കില്ല. എന്നാല്‍ നാളിതുവരെ ഒരു മത വിദ്വോഷവും പറയാത്ത 90%രാഷ്ട്രീയ അഭിപ്രായങ്ങളും കോണ്‍ഗ്രസ്സിന് വേണ്ടി പറഞ്ഞ, കോണ്‍ഗ്രസ്സ് വേദികള്‍ പങ്കിട്ട, കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പം പുലര്‍ത്തിയ എന്നെ സംഘി എന്ന ലേബലില്‍ എതിര്‍ക്കുന്നത് മതേതര പാര്‍ട്ടി എന്ന് വിളിക്കുന്ന കോണ്‍ഗ്രസ്സിലെ മുസ്ലിം നാമധാരികള്‍ ആകുമ്പോള്‍ എന്റെ കമന്റ് ബോക്‌സില്‍ ഇവരുടെ അസഹിഷ്ണുത കാണുന്ന കോണ്‍ഗ്രസിലെ ഹിന്ദുക്കളും മറ്റുള്ള മതക്കാരും അറിഞ്ഞോ അറിയാതെയോ ചിന്തിച്ചു പോകും ഈ വര്‍ഗീയ വാദികള്‍ ആണല്ലോ പാര്‍ട്ടിയുടെ ശാപം എന്ന്.
തഹാവൂര്‍ റാണയെ ബിജെപി എതിര്‍ക്കുന്നു. ഞാനും എതിര്‍ക്കുന്നു. എത്രയും വേഗം എനിക്കും ബിജെപിക്കും ഒരേ സ്വരം എന്ന് പറഞ്ഞു എന്നെ സംഘി ആക്കിയും തഹാവൂര്‍ റാണയെ അനുകൂലിച്ചു രണ്ട് പോസ്റ്റ് ഇട്ടേക്ക്...
NB: രാഷ്ട്രീയ പാര്‍ട്ടി എന്നെ സംബന്ധിച്ച് ജനസേവനത്തിനുള്ള ഒരു കമ്പനി മാത്രമാണ്.. ആഗ്രഹിച്ച കമ്പനിയില്‍ ജോലി കിട്ടിയില്ല എങ്കില്‍ ഓഫര്‍ ലെറ്റര്‍ നല്‍കുന്ന കമ്പനിയില്‍ ജോയിന്‍ ചെയ്യും. എവിടെ ജോലി ചെയ്താലും ചെയ്യുന്ന ജോലി ആത്മാര്‍ത്ഥമായി ചെയ്യും.
ഏറ്റവും ലാഭകരമായി പോകുന്ന ഒരു കമ്പനി വലിയ ശമ്പളം നല്‍കി വിളിച്ചിട്ടും പോകാതെ നില്‍ക്കുന്ന ഒരുവന്‍ ശ്രമിക്കുന്നത് പൊളിഞ്ഞു കുത്തു പാള എടുത്ത ഭാവി എന്തെന്ന് അറിയാത്ത ശമ്പളം കൃത്യമായി കിട്ടാത്ത ഒരു കമ്പനിയില്‍ എന്ത് കൊണ്ടെന്നു മനസിലാക്കിയാല്‍ രണ്ട് കാരണം ഒന്ന് അയാള്‍ ആത്മാര്‍ത്ഥമായി ഈ കമ്പനി രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നു രണ്ട് വലിയ കമ്പനിയില്‍ ജോലി ചെയ്യാന്‍ അയാളുടെ എത്തിക്‌സ് അനുവദിക്കുന്നില്ല.












Click it and Unblock the Notifications