മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം
തിരുവനന്തപുരം: മുസ്ലീം യുവാവിനെ പ്രണയച്ചതിന്റെ പേരില്‍ വീട്ടുകാരെ ഭയന്ന് അഭയം തേടി കേരളത്തിലെത്തി കുംഭമേളയിലെ വൈറല്‍ താരമായ മോണാലിസ ഭോസ്ലെ. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയാണ് മോണാലിസ. കുംഭമേളയില്‍ മാലകള്‍ വില്‍ക്കുന്ന വീഡിയോയിലൂടെയാണ് മോണാലിസ സോഷ്യല്‍ മീഡിയയില്‍ താരമായത്.
മഹാരാഷ്ട്ര സ്വദേശിയായ ഫര്‍മാന്‍ ഖാനെ ഒന്നര വര്‍ഷം മുന്‍പ് ഫേസ്ബുക്കിലൂടെയാണ് മോണാലിസ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ മോണാലിസയുടെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തു. ബന്ധുവായ യുവാവുമായി മോണാലിസയുടെ വിവാഹം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം.
ഇതോടെയാണ് വീട്ടുകാരില്‍ നിന്നും സംരക്ഷണം വേണം എന്ന് ആവശ്യപ്പെട്ട് മോണാലിസ കാമുകനൊപ്പം കേരള പോലീസിനെ സമീപിച്ചത്. മുസ്ലീം യുവാവുമായി പ്രണയത്തിലാണ് എന്നതില്‍ രാജ്യത്ത് മറ്റൊരിടത്തും തങ്ങള്‍ സുരക്ഷിതരല്ലെന്നും അതിനാലാണ് കേരളത്തിലേക്ക് വന്നത് എന്നും മോണാലിസയും ഫര്‍മാനും പറയുന്നു. തിരുവനന്തപുരത്ത് പൂവാറില്‍ മോണാലിസ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഇവിടെ നിന്നാണ് മോണാലിസയും ഫര്‍മാനും തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. ഫര്‍മാന്‍ മോഡലും സിനിമാ താരവുമാണ്.

പരാതിയെ തുടര്‍ന്ന് മോണാലിസയുടെ പിതാവായ ജയ് സിംഗ് ഭോസ്ലെയെ തമ്പാനൂര്‍ പോലീസ് വിളിച്ച് വരുത്തി. മോണാലിസ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയായത് കൊണ്ട് തന്നെ ആര്‍ക്കൊപ്പം ജീവിക്കണം എന്നത് തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം ഉണ്ടെന്ന് പിതാവിനോട് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് കാമുകനൊപ്പം പോകാന്‍ മോണാലിസയെ പോലീസ് അനുവദിക്കുകയും ചെയ്തു. വൈകിട്ട് 5 മണിക്ക് മോണാലിസ വിവാഹിതയാകും.
കൈലാഷ് നായകനായ നാഗമ്മ എന്ന ചിത്രത്തില്‍ നായികയാണ് മോണാലിസ. വൈറലായതിന് പിന്നാലെ നിരവധി സിനിമകളിലേക്ക് മോണാലിസയ്ക്ക് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബോളിവുഡ് താരം രാജ്കുമാര്‍ റാവുവിന്റെ സഹോദരനായ അമിത് റാവു നായകനായ ദി ഡയറി ഓഫ് മണിപ്പൂരിലും മോണാലിസ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല മോഡല്‍ കൂടിയാണിപ്പോള്‍ മോണാലിസ.
കേരളത്തില്‍ ഇതിന് മുന്‍പും മോണാലിസ വന്നിട്ടുണ്ട്. ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ കോഴിക്കോട് ഷോറൂമിന്റെ ഉദ്ഘാടനത്തിനായി ബോബി ചെമ്മണ്ണൂരാണ് മോണാലിസയെ കേരളത്തിലേക്ക് കൊണ്ട് വന്നത്. അന്ന് മോണാലിസയ്ക്ക് ബോബി ചെമ്മണ്ണൂര്‍ നല്‍കിയ പ്രതിഫലത്തുകയും വിലപിടിപ്പുളള ആഭരണവുമെല്ലാം വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications