പൊന്‍ കണികണ്ടുണർന്നു; ഐശ്വര്യത്തിന്‍റേയും സമൃദ്ധിയുടെയും ഓർമ്മകള്‍ പുതുക്കി ഇന്ന് വിഷു
പൊന്നിന്‍ കണിക്കൊന്ന പൂത്തുനില്‍ക്കുന്ന മേടമാസപ്പുലരിയില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇന്ന് വിഷു ആഘോഷം. ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി കണികണ്ടുണർന്ന് പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് കൈനീട്ടവും നല്‍കി നാടും നഗരവുമെന്ന വ്യത്യാസമില്ലാതെ വിഷു ആഘോഷത്തിന്റെ തിരക്കിലേക്ക് കടന്നു കഴിഞ്ഞു. ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണി ദർശനത്തിനായി വലിയ തിരക്ക് അനുഭവപ്പെട്ടു.
ഗുരുവായൂർ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതലായിരുന്നു. മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന്‍ നമ്പൂതിരി പുലര്‍ച്ചെ കണ്ണനെ കണി കാണിച്ച് വിഷുക്കൈനീട്ടം നല്‍കി. ശബരിമലയില്‍ പുലർച്ചെ 4 മണി മുതൽ രാവിലെ 7 മണിവരെയായിരുന്നു ദർശനം. നട തുറന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. വിഷു പ്രമാണിച്ച് വലിയ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ഇന്നലെ തന്നെ മുപ്പതിനായിരം ആളുകള്‍ ബുക്ക് ചെയ്തിരുന്നു. വിഷു പ്രമാണിച്ച് പ്രത്യേക പൂജകളുണ്ട്. ഇത്തവണ വിഷുക്കൈനീട്ടമെന്ന രീതിയിൽ അയ്യപ്പചിത്രമുള്ള ലോക്കറ്റുകളും ദേവസ്വം ബോർഡ് സമ്മാനിക്കും.

പതിവ് പോലെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും മുഖ്യന്ത്രിയുമെല്ലാം വിഷു ആശംസകള്‍ നേർന്നു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ മലയാളത്തില്‍ തന്നെ മലയാളികള്‍ക്കുള്ള വിഷു ആശംസകള്‍ നേരത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നു.
രാഷ്ട്രപ്രതി
വൈശാഖി, വിഷു, ബോഹാഗ് ബിഹു, പൊയില ബൊയ്ശാഖ്,മേശാദി, വൈശാഖാദി, പുത്താണ്ടു പിറപ്പ് എന്നിവയുടെ ശുഭകരമായ വേളയിൽ, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിളവെടുപ്പ് സമയത്ത് ആഘോഷിക്കുന്ന ഈ ഉത്സവങ്ങൾ നമ്മുടെ സാമൂഹിക പാരമ്പര്യങ്ങളെയും നാനാത്വത്തിൽ ഏകത്വത്തെയും പ്രതീകപ്പെടുത്തുന്നു. ഈ ഉത്സവങ്ങളിലൂടെ, നമ്മുടെ 'അന്നദാതാക്കളായ' കർഷകരുടെ കഠിനാധ്വാനത്തെ നമ്മള്‍ ആദരിക്കുകയും അവരോടുള്ള നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ ഉത്സവങ്ങൾ,പ്രകൃതിയെ സംരക്ഷിക്കുന്നതിനും നമ്മുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള സന്ദേശം നൽകുന്നു.ഈ ഊർജ്ജസ്വലമായ ആഘോഷങ്ങൾ നമ്മുടെ രാഷ്ട്രത്തിന്റെ വികസനത്തിനായി പ്രതിജ്ഞാബദ്ധതയോടും സമർപ്പണത്തോടും കൂടി പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു
മുഖ്യമന്ത്രി
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകൾക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാൻ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാർഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്. എല്ലാ വിഭാഗങ്ങളിലുമുള്ളവർ ഒരുമിച്ചാഘോഷിക്കുന്നവയാണ് വിഷുവടക്കമുള്ള നമ്മുടെ ഉത്സവങ്ങൾ. നമ്മുടെ ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വർഷത്തെ വിഷു ആഘോഷങ്ങൾ. ഏവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.
ഗവർണർ
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വിഷു ആശംസ നേർന്നു. വിഷുവിന്റെ ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ. പ്രകൃതി വിഭവങ്ങളെ പരിപാലിക്കുവാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന് ഈ വിഷു പുതിയ ഊർജ്ജം നൽകട്ടെ. ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങളിൽ വിഷുവിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഈ ഉത്സവത്തിൽ മലയാളികൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ'.
എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും വണ്‍ഇന്ത്യ മലയാളത്തിന്റേയും വിഷു ആശംസകള്‍












Click it and Unblock the Notifications