വിഷു ബംപർ നറുക്കെടുപ്പ് നാളെ; 12 കോടി കിട്ടുമെന്ന പ്രതീക്ഷിക്കല്ലേ, കൈയ്യിൽ കിട്ടുക ഈ തുക
12 കോടിയുടെ വിഷു ബംപർ നറുക്കെടുപ്പ് നാളെ. ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്. ഇതുവരെ 42 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇത്തവണയും ഭാഗ്യവാൻ കേരളത്തിൽ നിന്നാകുമോ അതോ അതിർത്തി കടക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
ഏപ്രിൽ 2 നാണ് വിഷു ബംപർ വിപണിയിൽ എത്തിയത്. മെയ് 26 വരേയുള്ള കണക്കുകൾ പ്രകാരം 42,17380 ടിക്കറ്റുകളാണ് വിറ്റത്. പതിവ് പോലെ തന്നെ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്, 9.21 ലക്ഷം. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്, 5.22 ലക്ഷം ടിക്കറ്റുകൾ. മൂന്നാം സ്ഥാനത്ത് ഉള്ള തൃശൂരിൽ 4.92 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

സമ്മാനങ്ങൾ ഇങ്ങനെ
ആറ് സീരിസുകളിലായി വില്പനക്കെത്തിയ വിഷു ബംപറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതമാണ് (ആറ് സീരീസുകളിലായി ആറ് പേർക്ക് വീതം) മൂന്ന്, നാല് സമ്മാനങ്ങളും ഇതേ പ്രകാരം യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്ന ക്രമത്തിൽ ലഭിക്കും. 5000, 2000 രൂപ, 1000,500, 300 എന്നിങ്ങനെയാണ് തുടർന്നുവരുന്ന മറ്റ് സമ്മാനങ്ങൾ.
കൈയ്യിൽ എത്ര കിട്ടും
12 കോടി അടിച്ചാൽ അത് മുഴുവൻ കൈയ്യിൽ കിട്ടുമെന്ന് കരുതിയാൽ തെറ്റി. സമ്മാനത്തുകയുടെ പത്ത് ശതമാനം ഏജന്റ് കമ്മീഷനാണ്. അതായത് 1.2 കോടി രൂപ. അത് കഴിഞ്ഞ് 10.8 കോടി രൂപക്കുള്ള നികുതി കൂടി കിഴിച്ചതിന് ശേഷമുള്ള തുകയായിരിക്കും ഭാഗ്യവാന്റെ കൈയ്യിൽ ലഭിക്കുക.
കഴിഞ്ഞ തവണ ലഭിച്ചത്
ആലപ്പുഴ പഴവീട് പ്ലാംപറമ്പില്‍ വിശ്വംഭരന്‍ എന്നയാൾക്കാണ് കഴിഞ്ഞ തവണ വിഷു ബംപർ ലഭിച്ചത്. VC 490987 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം. 76കാരനായ വിശ്വംഭരന്‍ സിആര്‍പിഎഫ് വിമുക്തഭടനാണ്.
സ്ഥിരം ലോട്ടറി എടുക്കുന്ന വ്യക്തി കൂടിയായിരുന്നു വിശ്വംഭരൻ. മാസം തോറും കുറഞ്ഞത് 20 ടിക്കറ്റുകളെങ്കിലും എടുക്കും. ബമ്പര്‍ അടിക്കുന്ന സമയത്ത് അയ്യായിരത്തോളം രൂപയുടെ ടിക്കറ്റുകളാണ് വിശ്വംഭരന്റെ കൈവശം ഉണ്ടായിരുന്നത്. ലോട്ടറി അടിച്ച വിവരം ഏറെ വൈകിയാണ് അദ്ദേഹം അറിഞ്ഞത്. ഏറ്റവും കൂടുതൽ ഭയന്നത് ആളുകൾ തേടി വരുമോയെന്നതായിരുന്നുവെന്നാണ് വിശ്വംഭരൻ പ്രതികരിച്ചത്. അതേസമയം കഴിഞ്ഞ ന്യൂയർ ബംപർ ലോട്ടറി കണ്ണൂർ ജില്ലയിലായിരുന്നു അടിച്ചത്.












Click it and Unblock the Notifications